മലപ്പുറം നഗരത്തിലെ തിയറ്ററിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsമലപ്പുറം: നഗരത്തിലെ തിയറ്റർ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. മലപ്പുറം കോട്ടപ്പടിയിലുള്ള ‘പത്മം’ തിയറ്ററിലാണ് വെള്ളിയാഴ്ച പുലർച്ചെ നാലോടെ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സ്ക്രീൻ-2 ൽ നിന്ന് ശബ്ദം കേട്ട് ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും തീ പടർന്ന് പിടിച്ചിരുന്നു.
ഉടൻ മലപ്പുറം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം അഗ്നിരക്ഷ സേനയുടെ രണ്ട് യൂണിറ്റ് സംഭവ സ്ഥലത്തെത്തി പ്രോജക്ടർ റൂമിലേക്ക് തീ പടരുന്നത് ആദ്യം തടഞ്ഞു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഒന്നാ നിലയിലെ സ്ക്രീൻ - 1ലേക്ക് തീ പടരുന്നത് തടയാനായത്. തുടർന്ന് ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ പൂർണമായും അണച്ചത്. ഷോർട്ട് സർക്യൂട്ടാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചെമ്മാട് തൃക്കുളം സ്വദേശി വി.സി. ദാമോദരന്റെ ഉടമസ്ഥതയിലുള്ളതാണ് തിയറ്റർ. വെള്ളിയാഴ്ച രണ്ട് സിനിമകൾ ഒരേ സമയം റിലീസാകാൻ ഇരിക്കെയാണ് സംഭവം നടന്നത്. തീപിടിത്തത്തിൽ 40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ജില്ല ഫയർ ഓഫിസർ ടി. അനൂപ്, സ്റ്റേഷൻ ഓഫിസർ, എം. അബ്ദുൽ ഗഫൂർ, അസി.സ്റ്റേഷൻ ഓഫീസർ കെ പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ. സന്ദീപ്, മനോജ് മുണ്ടേക്കാട്, സി. രജീഷ്, പി. മുഹമ്മദ് ഷിബിൻ, പി.കെ. അബ്ദുല്ല, പി. അഭിനന്ദ്, പി.രാജേഷ്, സി. പ്രമോദ് കുമാർ, കെ.വി. കുഞ്ഞഹമ്മദ് എന്നിവർ ചേർന്നാണ് തീയണച്ചത്.

