കരിഓയിൽ സംസ്കരണ കമ്പനിയിൽ തീപിടിത്തം; അന്തർസംസ്ഥാന തൊഴിലാളി മരിച്ചു
text_fieldsശത്രുഘ്നൻ മുഖ്യ
ആലുവ: എടയാർ വ്യവസായ മേഖലയിലെ കരിഓയിൽ സംസ്കരണ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. സി.ജെ. ലൂബ്രിക്കൻറ്സ് എന്ന കമ്പനിയിലാണ് വ്യാഴാഴ്ച അപകടം. ബിഹാർ സ്വദേശി ശത്രുഘ്നൻ മുഖ്യ (42)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് അപകടം.
തെർമിക് ഫ്ലൂയിഡ് ഹീറ്ററിനാണ് ആദ്യം തീപിടിച്ചത്. ഇവിടെനിന്ന് കരിഓയലിലേക്കും സംസ്കരിച്ച ഓയിലിലേക്കും കമ്പനിയുടെ മറ്റു ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. ഹീറ്ററിന് തീപിടിച്ചപ്പോൾ അണക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് ശത്രുഘ്നൻ മുഖ്യ മരിച്ചത്. ഇയാൾ കത്തിക്കരിഞ്ഞു. കമ്പനിയിലെ മൂന്ന് ബോയ്ലർ, ടാങ്ക്, വാക്വം പമ്പ് തുടങ്ങിയ ഉപകരണങ്ങൾ കത്തിനശിച്ചു.
ഏലൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ആലുവ, തൃക്കാക്കര, ക്ലബ് റോഡ്, പറവൂർ, ഗാന്ധി നാഗർ, മട്ടാഞ്ചേരി, വൈപ്പിൻ എന്നീ യൂനിറ്റുകളും എഫ്.എ.സി.ടിയിലെ ഫോം ടെൻഡറും അഗ്നിരക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഏതാണ്ട് ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ജില്ല ഫയർ ഓഫിസർ ഹരികുമാർ, ഏലൂർ സ്റ്റേഷൻ ഓഫിസർ വി.എസ്. രജ്ഞിത് കുമാർ, ഫയർ ഓഫിസർ സുജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ശത്രുഘ്നൻ മുഖ്യയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

