'കക്ക വാരാൻ കഴിയില്ല, മീൻ പിടിക്കാൻ കഴിയില്ല'; അശാസ്ത്രീയ മണൽ ഖനനം തകർക്കുന്നത് കായലിനെ; ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു
text_fieldsചേർത്തല : വേമ്പനാട് കായലിൽ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് അശാസ്ത്രീയമായി നടത്തിവരുന്ന മണൽ ഖനനം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ഖനനം ഉടൻ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാധ്യമ പ്രവർത്തകൻ പി.ആർ. സുമേരൻ നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടത്.
രാജ്യത്ത് നിലനിൽക്കുന്ന പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണ് വേമ്പനാട് കായലിലെ മണൽ ഖനനത്തിലൂടെ നടക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കായലിലെ ഖനനത്തിന് സ്വീകരിക്കേണ്ട ശാസ്ത്രീയ പഠനങ്ങൾ നടത്തിയിട്ടില്ല. ഒരു പ്രദേശം തന്നെ ആഴം കൂട്ടുന്നത് ഭാവിയിൽ വലിയ ദുരന്തത്തിന് വഴിയൊരുക്കും. മാസങ്ങളായി തുടരുന്ന മണൽ ഖനനം മൂലം ആയിരക്കണക്കിന് കക്ക തൊഴിലാളികൾ പട്ടിണിയിലായി. മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും നിലച്ചു. കായലിലെ ആവാസവ്യവസ്ഥ തകർന്നു. മത്സ്യസമ്പത്ത് നശിച്ചു. നൂറുകണക്കിന് മത്സ്യങ്ങൾ ഖനനം മൂലം ഇല്ലാതായി.
തവണക്കടവ്, മുഹമ്മ, തണ്ണീർമുക്കം, കണ്ണങ്കര, കളക്കോഴിച്ചിറ, പള്ളിപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ ഖനനം തുടരുകയാണ്. വിവിധ കാരണങ്ങളാൽ നശിച്ചുകൊണ്ടിരിക്കുന്ന വേമ്പനാട് കായൽ ഖനനം മൂലം പൂർണമായും നശിക്കുകയാണ്. തീരത്തുനിന്ന് നിശ്ചിത മീറ്റർ അകലം, ട്രഡ്ജിങ്ങിന്റെ ആഴം, വീതി, സമീപത്തെ തീര പ്രദേശത്തിന്റെ സുരക്ഷ, മത്സ്യ-കക്ക തൊഴിലാളികളുടെ ആശങ്കകൾ എന്നിവ പരിഹരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. വിശാലമായ വേമ്പനാട് കായലിൽ പലയിടങ്ങളിൽ നിന്ന് ശാസ്ത്രീയമായി എടുക്കേണ്ട മണൽ, സകല നിയമങ്ങളും ലംഘിച്ച് ഒരിടത്തുനിന്ന് തന്നെ ഭീമമായ അളവിൽ കുഴിക്കുന്നത് മാസങ്ങളായി തുടരുന്നു. മണലും ചെളിയും ക്രമാതീതമായി വലിച്ചെടുക്കുന്നത് കക്ക വാരുന്ന നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. കക്കയെ ആശ്രയിക്കുന്ന ഏഴായിരത്തോളം കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. പള്ളിപ്പുറം മാട്ടേൽ തുരുത്തിൽ നിന്ന് അമ്പത് മീറ്റർ പോലും അകലത്തിലല്ല ഖനനം. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ തുരുത്തും ഇവിടെയുള്ള വീടുകളും മാട്ടേൽപള്ളിയും ഇല്ലാതാവാനുള്ള സാധ്യതയുണ്ട്. കായലിൽ മൂന്നര കിലോമീറ്റർ വീതിയുള്ള ഈ ഭാഗത്ത് 200 മീറ്റർ പരിധിയിലാണ് ഖനനം തുടരുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

