പന്തളം നഗരസഭയിൽ ബി.ജെ.പി, കോൺഗ്രസ്, സി.പി.എം അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, അഞ്ചുപേർക്ക് പരിക്ക്
text_fieldsപന്തളം: പന്തളം നഗരസഭയിൽ ഭരണ -പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പത്തരയോടെ പന്തളം നഗരസഭ കോൺഫറൻസ് ഹാളിൽ നഗരസഭ ചെയർമാൻ അച്ചൻ കുഞ്ഞ് ജോണിന്റെ നേതൃത്വത്തിൽ കൗൺസിൽ യോഗം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഹാളിന് പുറത്ത് നടന്ന സംഘർഷത്തിൽ നാല് കൗൺസിലർമാർക്ക് പരിക്കേറ്റു.
പന്തളം നഗരസഭയിലെ പൊതുശ്മശാനം സ്ഥാപിക്കുന്നത് സംബന്ധിച്ച് കൗൺസിൽ അജണ്ടയിൽ ചർച്ച പുരോഗമിക്കുന്നതിനിടെയായിരുന്നു സംഘർഷം ഉണ്ടായത്. കൗൺസിൽ യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിയുമായി പുറത്തെ വരാന്തയിൽ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു.
ഇതിനിടെ ഭരണകക്ഷി അംഗങ്ങളായ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീന, ബി.ജെ.പി കൗൺസിലർ സൂര്യ എസ്. നായർ എന്നിവർ പ്രതിഷേധക്കാരുടെ അടുത്തേക്ക് എത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. സംഘർഷത്തിൽ സീനക്ക് വലതു കൈക്ക് പരിക്കേറ്റു. ഇവരെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ പരിക്കേറ്റ യു.ഡി.എഫ് കൗൺസിലറും ഡി.സി.സി മെമ്പറുമായ പന്തളം മഹേഷിനെ പന്തളം ക്രിസ്ത്യൻ മിഷൻ ആശുപത്രിയിലും സി.പി.എം കൗൺസിലർമാരായ രാജേഷ് കുമാർ, അംബിക രാജേഷ്, എച്ച്. സക്കീർ എന്നിവരെ അടൂർ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പുറത്ത് സംഘർഷം അരങ്ങേറിയപ്പോഴും കൗൺസിൽ യോഗം പുരോഗമിക്കുകയായിരുന്നു. അജണ്ട പാസാക്കി കൗൺസിൽ യോഗം പിരിച്ചുവിടുകയും ചെയ്തു. നഗരസഭ കൗൺസിലർമാരെ മർദിച്ച സംഭവം അറിഞ്ഞ സി.പി.എം, കോൺഗ്രസ് നേതാക്കൾ നഗരസഭയിലെത്തി. നഗരസഭ കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കൗൺസിലർമാരെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ. നൗഷാദ് റാവുത്തർ, യു.ഡി.എഫ് പാർലമെൻറ് പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ജു വിശ്വനാഥ് എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.
ബി.ജെ.പി കൗൺസിലർമാരും പന്തളം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് അടൂർ ഡി.വൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം നഗരസഭ കവാടത്തിൽ നിലയുറപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് കോൺഗ്രസും ബിജെപിയും പന്തളം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.