കാലവർഷത്തിൽ അഞ്ച് മരണംകൂടി; വെള്ളിയാഴ്ചത്തെ മഴയിൽ തകർന്നത് 612 വീടുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിലും കടൽക്ഷോഭത്തിലുമായി അഞ്ചുപേർ കൂടി മരിച്ചു. കൊച്ചി കുമ്പളത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു. പറവൂർ കെടാമംഗലം മുളവുണ്ണി രാമ്പറമ്പിൽ രാധാകൃഷ്ണന്‍റെ (62) മൃതദേഹമാണ് കണ്ടെത്തിയത്. കായംകുളത്ത് ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. കട്ടച്ചിറ സ്വദേശി പത്മകുമാർ(66) ആണ് മരിച്ചത്. ഹരിപ്പാട് മീൻപിടിക്കാൻ പോയ പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് (23) വള്ളം മറിഞ്ഞ് മരിച്ചു.
കണ്ണൂർ പാട്യം മുതിയങ്ങയിൽ തോട്ടിലെ ഒഴുക്കിൽപെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. മുതിയങ്ങ ശങ്കരവിലാസം യു.പി സ്കൂളിന് സമീപം വിനോദ് ഭവനിൽ സി.പി. നളിനിയുടെ (70) മൃതദേഹമാണ് വീടിന് സമീപത്തെ തോട്ടിൽ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് നളിനിയെ കാണാതായത്. എറണാകുളം കടമറ്റത്ത് കനത്ത മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് ബസുമായി കൂട്ടിയിട്ടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് വളയനാട് ശ്രീവിനായക കുറ്റിയിൽ താഴം തിരുത്തിപ്പറമ്പ് വീട്ടിൽ വിഷ്ണുപ്രസാദ് (27) ആണ് മരിച്ചത്. ഇതോടെ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മഴയിലും കടൽക്ഷോഭത്തിലുമായി മരിച്ചവരുടെ എണ്ണം 33 ആയി.
മഴക്കെടുതിയും കടൽക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 175 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഇവിടെ 2083 കുടുംബങ്ങളിലെ 6934 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച അതിതീവ്ര മഴയിൽ 593 വീടുകൾ ഭാഗികമായും 19 വീടുകൾ പൂർണമായും തകർന്നു. ഇതോടെ കാലവർഷത്തിൽ തകർന്ന വീടുകളുടെ എണ്ണം 3000 കവിഞ്ഞു. അതേസമയം സംസ്ഥാനത്ത് കാലവർഷം ദുർബലമായി. ഞായറാഴ്ച ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.