പൊന്നാനിയിൽ 5,000ലേറെ വീടുകൾ വെള്ളത്തിനടിയിൽ
text_fieldsപൊന്നാനി: ദിവസങ്ങളായി പെയ്യുന്ന മഴക്ക് അല്പം ശമനമായിട്ടും പൊന്നാനിയിൽ മഴക്കെടുതികൾക്ക് അറുതിയായില്ല. പൊന്നാനി നഗരസഭാ പരിധിയിൽ മാത്രം 5000ലധികം വീടുകളിലേക്കാണ് വെള്ളം കയറിയത്. ഭാരതപ്പുഴയിലെ ജലവിതാനം ഉയർന്നതാണ് കാരണം. പൊന്നാനി ഈശ്വരമംഗലം, ഐ.ടി.സി, കണ്ട കുറുമ്പക്കാവ്, തേവർ ക്ഷേത്രം, പുഴമ്പ്രം, ബിയ്യം, പൊന്നാനി അങ്ങാടി, ചാണ, കുറ്റിക്കാട്, ഹൗസിങ് കോളനി മേഖലകളെല്ലാം വെള്ളത്തിനടിയിലാണ്.
വെള്ളം ഉയർന്നതിനെത്തുടർന്ന് വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ തോണി ഉപയോഗിച്ചും ചെമ്പ് പാത്രമുൾപ്പെടെയുള്ളവ ഉപയോഗിച്ചുമാണ് പുറത്തെത്തിച്ചത്. ഈ മേഖലകളിലെല്ലാം കഴുത്തോളം വെള്ളം ഉയർന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ശ്രമകരമാണ്. 4000ലധികം കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. മറ്റുള്ളവർ താൽകാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുകയാണ്. പൊന്നാനി കണ്ട കുറുമ്പക്കാവ് ക്ഷേത്ര ഓഡിറ്റോറിയം, ഐ.എസ്.എസ് സ്കൂൾ, ആർ.വി. പാലസ് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ താൽകാലിക ആശ്വാസ കേന്ദ്രങ്ങൾ ആരംഭിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സൈനിക സംഘം പൊന്നാനിയിലെത്തും. പൊന്നാനി അങ്ങാടി മുതൽ ചമ്രവട്ടം ജങ്ഷൻ വരെയുള്ള പഴയ ദേശീയപാത വെള്ളത്തിനടിയിലായതോടെ അതുവഴി ഗതാഗതം നിർത്തിവെച്ചു.
രാവിലെ സ്വകാര്യ ബസുകൾ ദേശീയ പാത സർവ്വീസ് നടത്തിയെങ്കിലും ഉച്ചയോടെ സർവ്വീസ് നിർത്തി. കെ.എസ്.ആർ.ടി.സി. ഡിപ്പോ വെള്ളത്തിൽ മുങ്ങിയതോടെ പൊന്നാനി- തിരൂർ, പൊന്നാനി- ചാവക്കാട് സർവ്വീസുകളും നിലച്ചു. കുടിവെള്ള വിതരണവും വൈദ്യുതബന്ധവും വിനിമയ ബന്ധവും പൂർണ്ണമായും നിലച്ചു. പൊന്നാനി ഏ.വി. ഹയർ സെക്കണ്ടറി സ്കൂളിൽ വെള്ളം ഉയർന്നതോടെ ഇവിടെ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് എടപ്പാൾ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.