വൈൽഡ് വാച്ചിന് ‘പൂട്ടിട്ട്’ വനംവകുപ്പ്
text_fieldsപത്തനംതിട്ട: വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലെത്തിയാൽ വിവരം കൈമാറാനായി ‘സര്‍പ്പ’ മാതൃകയിൽ വനംവകുപ്പ് ആവിഷ്കരിച്ച ‘വൈൽഡ് വാച്ച്’ മൊബൈൽ ആപ്പിന് ‘പൂട്ട്’. ജനവാസ മേഖലകളിലോ റോഡിലോ വന്യമൃഗങ്ങളെ കണ്ടാൽ പൊതുജനങ്ങൾക്ക് വിവരം നൽകാൻ കഴിയുന്നതായിരുന്നു ആപ്. മൃഗ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തേക്ക് വനംവകുപ്പിന്റെ സംഘമെത്തുന്നതിനൊപ്പം ആപ് ഡൗണ്‍ലോഡ് ചെയ്ത എല്ലാവര്ക്കും ഇതിന്റെ മുന്നറിയിപ്പും ലഭിക്കുമായിരുന്നു.
സംസ്ഥാനത്തെ അഞ്ച് സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ട്രയൽ റണ്ണും നടത്തി. എന്നാൽ, ട്രയൽ റണ്ണിൽ ലഭിച്ചതിൽ ഭൂരിഭാഗവും തെറ്റായ വിവരമായിരുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്. കേരളത്തിൽ ഇല്ലാത്ത വന്യമൃഗങ്ങൾ വരെ എത്തിയെന്ന സന്ദേശം ലഭിച്ചു. കാട്ടുപോത്തുകൾ അടക്കമുള്ളവയുടെ എണ്ണം പെരുപ്പിച്ച് കാട്ടുകയും ചെയ്തു. വിവരം ലഭിച്ചതനുസരിച്ച് എത്തിയ ഇടങ്ങളിൽ മൃഗ സാന്നിധ്യത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനും കഴിഞ്ഞില്ല. നായ്ക്കളുടെ അടക്കം കാൽപാടുകൾ കണ്ട് കടുവയെത്തിയെന്ന അറിയിപ്പിനൊപ്പം ചിലയിടങ്ങളിൽനിന്ന് കൂട്ടമായും പരാതികൾ ലഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കൂട്ട പരാതികൾ വന്യമൃഗങ്ങൾ വ്യാപകമാണെന്ന് സ്ഥാപിക്കാൻ ലക്ഷ്യമിട്ടാണന്ന സൂചനകളും ലഭിച്ചതോടെ ആപ് വിപുലമാക്കേണ്ടതില്ലെന്ന് വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. സമാന സംവിധാനം കഴിഞ്ഞ രണ്ട് സീസണുകളിൽ ശബരിമലയിൽ നടപ്പാക്കിയിരുന്നു. കാനന പാതയിലൂടെയടക്കം വരുന്ന അയ്യപ്പന്മാർ വിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്തതിനാൽ വൻ വിജയമായിരുന്നു. ഇവിടേക്ക് വനം ഉദ്യോഗസ്ഥർക്ക് വേഗത്തിൽ എത്താനും മൃഗങ്ങളെ തുരത്താനും കഴിഞ്ഞിരുന്നു. പിന്നാലെ എത്തുന്ന ഭക്തർക്ക് ഇത് ഏറെ അനുഗ്രഹമായിരുന്നു. ഇതോടെയാണ് ആപ്പിന്റെ പ്രവർത്തനം സംസ്ഥാന വ്യാപകമാക്കാൻ വകുപ്പ് തീരുമാനിച്ചത്.
‘വ്യാജ വിവരങ്ങൾ’ ലഭിച്ച സാഹചര്യത്തിൽ ആപ് തൽക്കാലം പൊതുജനങ്ങൾക്കായി തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. പകരം ജീവനക്കാർക്കായി സംവിധാനം മാറ്റും. ജനജാഗ്രത സമിതികളിൽ നിന്നടക്കം ലഭിക്കുന്ന വിവരം പരിശോധിച്ച് കൃത്യമാണെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കിയശേഷം ഫോട്ടാക്കൊപ്പം ആപ്പിൽ അറിയിക്കുന്ന തരത്തിലേക്ക് മാറ്റാനാണ് ധാരണ. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.