ഹര്‍ത്താലിൽ വനം വകുപ്പ് ഓഫിസ് കത്തിച്ച കേസ്; 34 പ്രതികളെയും വെറുതെ വിട്ടു
text_fieldsതാമരശ്ശേരി ഫോറസ്റ്റ് ഓഫിസ് കത്തിച്ച കേസിലെ പ്രതികൾ സ്പെഷൽ അഡീഷനൽ സെഷൻസ് കോടതിയിൽനിന്ന് പുറത്തേക്കുവരുന്നു
കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോർട്ടിനെതിരായ ഹര്‍ത്താലിനിടെ താമരശ്ശേരി വനം റേഞ്ച് ഓഫിസ് ആക്രമിച്ച് ഫയലുകളും വാഹനങ്ങളും കത്തിച്ചെന്ന കേസിൽ 34 പ്രതികളെയും മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ വെറുതെ വിട്ടു. ഉയർന്ന വനം ഉദ്യോഗസ്ഥരടക്കം പ്രധാന സാക്ഷികൾ കൂറുമാറിയതും വിസ്താര സമയത്ത് കേസ് ഡയറി കാണാതായതും കൂറുമാറ്റത്തെപ്പറ്റി അന്വേഷിക്കാൻ മന്ത്രി ഉത്തരവിട്ടതുമടക്കം വിവാദങ്ങൾ നിറഞ്ഞുനിന്ന കേസിലാണ് വിധി. മൊത്തം 35 പ്രതികളുള്ള കേസിൽ അഞ്ചാം പ്രതി സുരേഷ് വിചാരണക്കുമുമ്പ് മരിച്ചിരുന്നു. 2013 നവംബര്‍ 15നാണ് കേസിനാസ്പദമായ ആക്രമണം നടന്നത്.
പുല്ലൂരാമ്പാറ കുരുവൻപറമ്പിൽ യശോധരൻ, മീൻമുട്ടി തെക്കുന്നേൽ ബൈജു, പുല്ലൂരാമ്പാറ ചെമ്പനാനിക്കൽ തങ്കച്ചൻ, മുറമ്പാത്തി കുടിപ്പാറ ബിജു, മുണ്ടൂർ പുത്തൻപുരക്കൽ ചെറിയാൻ തോമസ്, കൂരോട്ടുപാറ മറോട്ടിക്കൽ ബിജു ജോസഫ്, മുണ്ടൂർ കൂക്കിപ്പറമ്പിൽ സിബിൻ ജോൺ, മുണ്ടൂർ മൂലേപ്പറമ്പിൽ തോമസ്, പുത്തൻ പുരക്കൽ തോമസ്, പുലിക്കയം തോണിക്കൽ നിധിൻ, ചെമ്പുകടവ് ഇല്ലത്ത് സുലൈമാൻ, മീൻമുട്ടി മണ്ണരോത്ത് അനീഷ്, ചെമ്പുകടവ് അരക്കൽ ജിനേഷ് ബാബു, മുണ്ടൂർ ചക്കാലക്കുഴിയിൽ എബിൻ ഫിലിപ്, ചെമ്പുകടവ് അലക്കൽ അനിൽകുമാർ, പാറപ്പുറത്ത് മുഹമ്മദ് ഷഫീഖ്, മുണ്ടൂർ വടക്കേകര ഹരീഷ്, കോടഞ്ചേരി തെച്ചപ്പാറ ഏഴക്കുന്നേൽ ജൈസൺ, മീൻമുട്ടി പത്തിപ്പാറ കീഴാം പലാക്കൽ ജിജി, പറൂലിയിൽ ഫൈസൽ, പെക്കുഴി ബിജു, പത്തിപ്പാറ കാട്ടിലേടത്ത് വിജിലേഷ്, മീൻമുട്ടി കളപ്പുറക്കൽ ജോസഫ്, കാരായിൽ ഉണ്ണികൃഷ്ണൻ, കോടഞ്ചേരി വട്ടപ്പാറ അഷാംസ് ജോഷൽ, മുണ്ടൂർ കൂരോട്ട് പാറ ആനഞ്ചേരി ഗോപി, ചൊറിക്കാവുങ്ങൽ ലിജോ, ചൊറിക്കാവുങ്ങൽ ബിനോയ് തടത്തേൽ, തുഷാരഗിരി കാഞ്ഞിരത്തിങ്ങൽ വിനു, മുണ്ടൂർ പെരുപള്ളി ജോസ്, നെയ്യാറ്റുംപറമ്പിൽ കുര്യൻ, നെയ്യാറ്റുംപറമ്പ് സാബു, നെല്ലിപ്പൊയിൽ നീർവേലി ഫെബിൻ വർഗീസ്, ചെമ്പുകടവ് പുലിക്കുന്നേൽ രജീഷ് എന്നിവരെയാണ് വിട്ടയച്ചത്.
അഡ്വ. എൻ. ഭാസ്കരൻ നായർ, അഡ്വ. ഷഹീർ സിങ്, അഡ്വ. റോബിൻ തോമസ്, ബെന്നി സെബാസ്റ്റ്യൻ എന്നിവർ പ്രതികൾക്കായി ഹാജരായി. പരേതനായ അഡ്വ. എം. അശോകനും പ്രതികൾക്കായി ഹാജരായിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന ഹര്‍ത്താലിൽ രാവിലെ 10.30ഓടെ ഓഫിസ് കത്തിച്ചതായാണ് കേസ്. വനം വകുപ്പിലെ നിരവധി പ്രധാന രേഖകളും ജീപ്പടക്കം വാഹനങ്ങളും കത്തിനശിച്ചു.
ഓഫിസിന് ചുറ്റുമുള്ള മരങ്ങള്‍ വെട്ടിമുറിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. അന്നത്തെ ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവരെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞ് ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞുവെന്നാണ് കേസ്.
വിധിക്ക് തലേന്ന് പ്രോസിക്യൂട്ടറെ മാറ്റി; കേസിൽ വിവാദങ്ങളേറെ
കോഴിക്കോട്: എല്ലാ പ്രതികളെയും വെറുതെ വിട്ട താമരശ്ശേരി വനം ഓഫിസ് തീവെപ്പ് കേസിൽ വിവാദങ്ങൾ ഏറെ. വിധിപറയുന്നതിന് തലേന്ന് കേസ് നടത്തിയ പ്രോസിക്യൂട്ടറെ മാറ്റിയ ഉത്തരവും ഏറ്റവുമൊടുവിൽ വന്നു. പ്രോസിക്യൂട്ടർ അഡ്വ.കെ. റൈഹാനത്തിന്റെ മൂന്ന് വർഷത്തെ കാലാവധി ഫെബ്രവുരി അഞ്ചിന് പൂർത്തിയായെങ്കിലും പുതിയ നിയമനമുണ്ടാവുംവരെ സമയപരിധി നീട്ടിയിരുന്നു.
എന്നാൽ, ചൊവ്വാഴ്ച മുതൽ അഡ്വ. ഇ. പ്രദീപ് കുമാറിനെ പ്രോസിക്യൂട്ടറായി നിയമിച്ച് നിയമവകുപ്പ് ഉത്തരവിറക്കി. കേസ് വിചാരണയുടെ ഓരോഘട്ടവും വിവാദങ്ങൾ നിറഞ്ഞതായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ ഹാജരാവാത്തതിനാൽ പ്രോസിക്യൂഷന് പല സാക്ഷികളെയും ഒഴിവാക്കേണ്ടി വന്നു. കേസില്‍ വനം വകുപ്പുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൂറുമാറുകയും കേസ് ഡയറി കാണാതാവുകയും ചെയ്തത് വിവാദമായി. കേസ് ഡയറിയിൽ അഞ്ചാം സാക്ഷിയായ ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുബ്രഹ്മണ്യൻ, എട്ടാം സാക്ഷി സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുരേഷ്, ഒമ്പതാം സാക്ഷി റേഞ്ച് ഓഫിസർ സജുവർഗീസ് എന്നിവരെ പ്രോസിക്യൂഷൻ വീണ്ടും വിസ്തരിക്കാൻ ഒടുവിൽ അപേക്ഷ നൽകി. മൊത്തം 26 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികളെ ക്രിമിനൽ നടപടിച്ചട്ടം 313 പ്രകാരം ചോദ്യം ചെയ്യാനിരിക്കെയായിരുന്നു പ്രോസിക്യൂഷന്റെ നടപടി.
ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എ.കെ. രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പ്രവീണ്‍, സുരേന്ദ്രന്‍ എന്നിവർ നേരത്തേ രേഖപ്പെടുത്തിയ മൊഴിക്ക് വിരുദ്ധമായി പറഞ്ഞതിനാൽ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറും കൂറുമാറി. ഇക്കാര്യത്തിൽ വനം മന്ത്രി റിപ്പോര്‍ട്ട് തേടിയതിന്റെ അടിസ്ഥാനത്തിൽ ഡി.എഫ്.ഒ, ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. അന്നത്തെ ഡിവൈ.എസ്.പി ജയ്‌സണ്‍ എബ്രഹാം ഉള്‍പ്പെടെയുള്ളവരെ ഹര്‍ത്താലനുകൂലികള്‍ സംഘം ചേർന്ന് തടഞ്ഞുവെന്നാണ് കേസ്. വിചാരണ വേളയില്‍ അക്രമികളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഡിവൈ.എസ്.പിയും അസിസ്റ്റന്റ് കമീഷണറും സ്വീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.