മുൻ ലോങ്ജംപ് താരം എം.സി. സെബാസ്റ്റ്യൻ അന്തരിച്ചു
text_fieldsമുണ്ടക്കയം: രാജ്യാന്തര ലോങ്ജംപ് താരം കൂട്ടിക്കൽ പറത്താനം മടിയ്ക്കാങ്കൽ എം.സി. സെബാസ്റ്റ്യൻ (61) അന്തരിച്ചു.1980കളുടെ അവസാനവും 90കളുടെ ആദ്യവും ദേശീയ അത്ലറ്റിക്സിൽ കേരളത്തിന്‍റെ അഭിമാന താരമായിരുന്നു. 1985-90 കാലഘട്ടങ്ങളിൽ ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയിൽ പങ്കെടുത്ത് മെഡൽ നേട്ടം കൈവരിച്ചിട്ടുണ്ട്. ലോങ്ജംപിൽ ടി.സി. യോഹന്നാന്റെ റെക്കോഡ് ഭേദിച്ചു.
1987ൽ തിരുവനന്തപുരത്ത് ദേശീയ ഗെയിംസിൽ ലോങ് ജംപിൽ പി.വി. വിൽസന് സ്വർണം, സെബാസ്റ്റ്യന് വെള്ളി. തൊട്ടുപിന്നാലെ ഗുണ്ടൂരിൽ മത്സരഫലം നേരെ തിരിച്ച്. ഇവർക്കൊപ്പം ശ്യാംകുമാറും. കൽക്കട്ട സാഫ് ഗെയിംസിൽ ശ്യാമിനു സ്വർണം, സെബാസ്റ്റ്യന് വെള്ളി. സെബാസ്റ്റ്യൻ സ്പ്രിൻറിലും മികവ് കാട്ടിയിരുന്നു.
കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യനായിരുന്നു. പിന്നീട് റെയിൽവേയിൽ ജോലി ചെയ്തിരുന്ന സെബാസ്റ്റ്യൻ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നാല് വർഷങ്ങൾ മുമ്പ് സ്വയം വിരമിച്ചു.
സെബാസ്റ്റ്യന്‍റെ ഭാര്യ മേരി തോമസ് (മോളി) സ്പ്രിൻറിൽ അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യനായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയുമാണ്.
സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ച് പറത്താനം സെൻറ് മേരീസ് വ്യാകുല മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി തോമസ് (മോളി) (റിട്ട. വില്ലേജ് ഓഫിസർ, കൊക്കയാർ). മകൻ: എബി സെബാസ്റ്റ്യൻ (കാനഡ), മകൾ: ആഗ്നസ് മനു (കാനഡ), മരുമകൻ: മനു മോൻ കല്ലുപുരയ്ക്കൽ, പറത്താനം (കാനഡ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

