Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്യൂറോക്രസിയെ...

ബ്യൂറോക്രസിയെ സൂക്ഷിക്കുക, കെ.എം. ഷാജിക്ക് രാഷ്ട്രീയ ഉപദേശവുമായി എം.ബി. രാജേഷ്

text_fields
bookmark_border
ബ്യൂറോക്രസിയെ സൂക്ഷിക്കുക, കെ.എം. ഷാജിക്ക് രാഷ്ട്രീയ ഉപദേശവുമായി എം.ബി. രാജേഷ്
cancel

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ കെ.എം. ഷാജിക്ക് ആശംസകളും വികസന തുടർച്ചക്കുള്ള ആഹ്വാനവുമായി മുൻ മന്ത്രി എം.ബി. രാജേഷ്. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് തദ്ദേശ വകുപ്പ് കൈവരിച്ച നേട്ടങ്ങളും ജനകീയ വികസന മാതൃകകളും എണ്ണിപ്പറയുന്നതാണ് മുൻ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. അധികാര വികേന്ദ്രീകരണത്തെ പുച്ഛത്തോടെ കാണുന്ന ഉന്നത ബ്യൂറോക്രസിക്കെതിരെ പുതിയ മന്ത്രി ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്.

കഴിഞ്ഞ ഭരണകാലത്ത് തദ്ദേശ സ്വയംഭരണ രംഗത്ത് കേരളം കൈവരിച്ച പ്രധാന നാഴികക്കല്ലുകൾ അദ്ദേഹം കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

നാല് വർഷത്തെ മൈക്രോ പ്ലാനിലൂടെ 64,006 അതിദരിദ്ര കുടുംബങ്ങളെ മോചിപ്പിച്ചു കൊണ്ട് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ പദ്ധതിയുടെ രണ്ടാം ഘട്ട മാർഗ്ഗരേഖ കഴിഞ്ഞ സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 2026 മാർച്ച് വരെ 21,077.72 കോടി രൂപ ചെലവിട്ട് അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയ ‘ലൈഫ് ഭവന പദ്ധതി’ രാജ്യത്തെ ഏറ്റവും വലിയ ഭവന പദ്ധതിയാണെന്നും ഇതിൽ വലിയ പങ്ക് സംസ്ഥാനം തന്നെയാണ് സമാഹരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് ആദ്യമായി തദ്ദേശ സേവനങ്ങൾ പൂർണമായും വിരൽത്തുമ്പിലെത്തിച്ച ‘കെ-സ്മാർട്ട്’ സംവിധാനത്തിലൂടെ ഇതിനകം ഒരുകോടിയിലധികം ഫയലുകൾ തീർപ്പാക്കി. ഇതിനൊപ്പം 21.81 ലക്ഷം പേരെ ഡിജിറ്റൽ സാക്ഷരരാക്കി കേരളത്തെ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷര സംസ്ഥാനമാക്കി മാറ്റാനും കഴിഞ്ഞ സർക്കാരിന് സാധിച്ചു.

ഹരിതകർമ്മസേനയുടെ പ്രവർത്തനം, ഹരിതമിത്രം ആപ്പ് എന്നിവയിലൂടെ കേരളം ശുചിത്വ റാങ്കിങ്ങിൽ വലിയ കുതിച്ചുചാട്ടം നടത്തി. വികേന്ദ്രീകൃത വികസനത്തിനായി രാജ്യത്തെ ആദ്യ നഗര നയ കമ്മീഷൻ രൂപവത്കരിച്ചതും എൽ.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണമാണ്.

കുടുംബശ്രീ വഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചതും ‘കേരള ചിക്കൻ’ 100 കോടിയിലധികം വിറ്റുവരവ് നേടിയതും ഈ കാലയളവിലാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കേരളം രാജ്യത്ത് മുൻപന്തിയിലാണെന്നും തൊഴിലാളികൾക്കായി ക്ഷേമനിധി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണിതെന്നും അദ്ദേഹം കുറിച്ചു.

കെട്ടിട നിർമാണ-ലൈസൻസ് ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിച്ചതിലൂടെ കേരളത്തെ വ്യവസായ സൗഹൃദ സൂചികയിൽ ഒന്നാമതെത്തിക്കാൻ കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സുതാര്യമായി ഓൺലൈനാക്കിയതിലൂടെ അഴിമതിക്കുള്ള പഴുതുകൾ പൂർണമായി അടക്കാനായെന്നും എം.ബി. രാജേഷ് അവകാശപ്പെട്ടു. ‘കില’ യു.എൻ യൂണിവേഴ്സിറ്റിയുമായി ചേർന്നുള്ള പുതിയ വിജ്ഞാന മേഖലകളിലേക്ക് കടക്കുന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

തദ്ദേശ വകുപ്പ് എന്നത് നേരിട്ട് മുകളിൽ നിന്ന് ഭരിക്കേണ്ട ഒന്നല്ലെന്നും, ഭരണം സുഗമമാക്കുക മാത്രമാണ് വകുപ്പിന്റെ ചുമതലയെന്ന തിരിച്ചറിവാണ് തങ്ങളെ നയിച്ചതെന്നും എം.ബി. രാജേഷ് വ്യക്തമാക്കി. എന്നാൽ, അധികാര വികേന്ദ്രീകരണത്തെയും ജനാധിപത്യ സംവിധാനത്തെയും പുച്ഛത്തോടെ കാണുന്ന ഉന്നത ബ്യൂറോക്രസിയിലെ ഒരു പ്രബല വിഭാഗമുണ്ടെന്ന് പുതിയ മന്ത്രിക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. വകുപ്പിനെ പ്രഫഷണലാക്കണമെന്ന വാദത്തിന്റെ മറവിൽ കേന്ദ്രീകൃതവും ജനാധിപത്യവിരുദ്ധവുമായ ഭരണം അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രബല ലോബിയുടെ കാര്യത്തിൽ ജാഗ്രതയുണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.


പോസ്റ്റിന്റെ പൂർണ രൂപം

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശ്രീ. കെ എം ഷാജിക്ക് അഭിനന്ദനങ്ങളും ആശംസകളും.

മുൻ തദ്ദേശ മന്ത്രിയെന്ന നിലയിൽ കഴിഞ്ഞ സർക്കാർ, വകുപ്പിന്റെ നേതൃത്വത്തിൽ ചെയ്ത കാര്യങ്ങൾ അങ്ങയുടെ അറിവിലേക്കായി ഇവിടെ ചുരുക്കി രേഖപ്പെടുത്തട്ടെ.

1. അതിദാരിദ്ര്യ നിർമ്മാർജ്ജനം:

വിപുലമായ പങ്കാളിത്ത പ്രക്രിയയിലൂടെ കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളെ ആ അവസ്ഥയിൽ നിന്ന് നാലു വർഷം നീണ്ട മൈക്രോ പ്ലാൻ അധിഷ്ഠിതമായ കൂട്ടായ പ്രവർത്തനത്തിലൂടെ മോചിപ്പിക്കാനായി. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഈ നേട്ടം കൈവരിക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ 2025 - 26ലെ ഇക്കണോമിക് സർവേയിൽ ദേശീയ മാതൃകയായി ഈ പദ്ധതി പ്രകീർത്തിക്കപ്പെട്ടതും ദേശീയ, അന്തർദേശീയ മാധ്യമങ്ങളാകെ പ്രശംസിച്ചതും അങ്ങ് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ വിശദമായ മാർഗ്ഗരേഖയും കഴിഞ്ഞ സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

2. മാലിന്യനിർമാർജനം:

ഈ ചെറിയ കുറിപ്പിൽ ഒതുക്കാനാവാത്തത് കൊണ്ട് വിശദമായിത്തന്നെ പിന്നീട് എഴുതാം. ബ്രഹ്മപുരത്ത് ഉണ്ടായ അവിശ്വസനീയമായ മാറ്റം, ഹരിത കർമ്മസേനയുടെ മികവ്, എല്ലാ വീടുകളിൽ നിന്നും മാലിന്യ സംസ്കരണം ആരംഭിച്ചത്, ഹരിതമിത്രം ആപ്പിലൂടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഡിജിറ്റൽവൽക്കരണം, സിബിജി പ്ലാന്റുകൾ, മതിയായ എണ്ണം ആർഡിഎഫ് പ്ലാന്റുകൾ, മുഴുവൻ സാനിറ്ററി മാലിന്യവും സംസ്കരിക്കാൻ ആവശ്യമായ പ്ലാന്റുകൾ നിർമ്മാണം ആരംഭിച്ചത്, മിനി എംസിഎഫ്, എംസിഎഫ്, ആർ ആർ എഫ് എന്നിവയുടെ എണ്ണത്തിലെ വലിയ വർധന, ദേശീയ ശുചിത്വ റാങ്കിങ്ങിൽ കേരളത്തിൻറെ കുതിച്ചുചാട്ടം എന്നിവ ഇതിനകം അങ്ങയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടാകും എന്ന് കരുതട്ടെ. വിശദമായിത്തന്നെ ഇക്കാര്യം മാത്രം പ്രത്യേകം എഴുതുന്നുണ്ട്.

3. കെ-സ്മാർട്ട്:

രാജ്യത്ത് ആദ്യമായി തദ്ദേശ സേവനങ്ങൾ മുഴുവൻ വിരൽത്തുമ്പിലെത്തിച്ച സംസ്ഥാനമായി കേരളത്തെ മാറ്റാനായതിൽ അഭിമാനമുണ്ട്. ഇതും ഒരു ദേശീയ മാതൃകയായി കേന്ദ്ര സർക്കാർ അംഗീകരിച്ചു. നമ്മുടെ സ്വന്തം സ്ഥാപനമായ ഐകെഎം ആണ് കെ-സ്മാർട്ട് വികസിപ്പിച്ചതെന്ന കാര്യം എടുത്തു പറയേണ്ടതുണ്ട്. ഇതുവരെ കെ- സ്മാർട്ടിൽ ഒരു കോടിയിലേറെ ഫയലുകൾ കൈകാര്യം ചെയ്തു. 822866 ഫയലുകൾ ഒരു മണിക്കൂറിനകവും 1908456 ഫയലുകൾ 24 മണിക്കൂറിനകവും 823487 ഫയലുകൾ ഓഫീസ് സമയം കഴിഞ്ഞും 442688 ഫയലുകൾ അവധി ദിനങ്ങളിലും തീർപ്പാക്കി എന്ന കണക്ക് അങ്ങും ഇതിനകം മനസ്സിലാക്കിക്കാണുമെന്നും വിചാരിക്കുന്നു. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകളും മറ്റും മിനിറ്റുകൾക്കുള്ളിൽ നൽകാൻ കഴിയുന്ന മാറ്റമുണ്ടായി. കെ-സ്മാർട്ട് സൃഷ്ടിച്ച വിപ്ലവകരമായ മാറ്റമാണ് ഇത് കാണിക്കുന്നത്.

4. ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സാക്ഷര സംസ്ഥാനം:

സേവനങ്ങൾ പൂർണമായും ഓൺലൈൻ ആവുമ്പോൾ ജനങ്ങളെയാകെ അത് ഉപയോഗിക്കാൻ കഴിയുന്നവരായി മാറ്റുകയെന്ന ദീർഘവീക്ഷണത്തോടെയാണ് കെ-സ്മാർട്ടിനൊപ്പം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ക്യാമ്പയിൻ സർക്കാർ നടപ്പാക്കിയത്. 2.5 ലക്ഷം വളണ്ടിയർമാരിലൂടെ 21.81 ലക്ഷം പേരെ കണ്ടെത്തി പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ച് അവരെ ഡിജിറ്റൽ സാക്ഷരരാക്കിയത് രണ്ടു വർഷത്തെ പ്രവർത്തനത്തിലൂടെയാണ്. എല്ലാ രേഖകളുടേയും ഡിജിറ്റൽ ലോക്കർ, ഡിജിറ്റൽ സുരക്ഷ എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ സാക്ഷരതയുടെ രണ്ടാം ഘട്ടവും മുൻ സർക്കാർ വിഭാവനം ചെയ്തത് ശ്രദ്ധിക്കുമല്ലോ.

5.കെട്ടിട നിർമ്മാണ ചട്ട ഭേദഗതികൾ:

തദ്ദേശ മന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ നടന്ന 17 അദാലത്തുകളെ തുടർന്ന് കെട്ടിട നിർമ്മാണ ചട്ടം സമഗ്രമായി പരിഷ്കരിക്കുകയുണ്ടായി. ഒരു വർഷം നീണ്ട വിപുലമായ ഒരു പ്രക്രിയയിലൂടെ എല്ലാ സ്റ്റേക് ഹോൾഡേഴ്സുമായും ചർച്ചകൾ നടത്തിയും അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചും 32 വർക് ഷോപ്പുകൾ നടത്തിയും പഴുതടച്ചു നടത്തിയ പരിഷ്കരണം എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായെന്നും ഒരു പരാതിയും ഉയർന്നില്ല എന്നും എടുത്തു പറയട്ടെ. ആകെയുള്ള 117ൽ 53 ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്. ഈസ് ഓഫ് ലിവിങ് മെച്ചപ്പെടുത്തുകയാണ് സർക്കാർ ഇതിലൂടെ ചെയ്തത്. എല്ലാ വിഭാഗം ആളുകൾക്കും ഇതിൻറെ പ്രയോജനം ലഭിക്കും.

6. പുതിയ ലൈസൻസ് ചട്ടങ്ങൾ:

പഴയ മുൻസിപ്പൽ - പഞ്ചായത്ത് ലൈസൻസ് ചട്ടങ്ങൾ മുഴുവൻ മാറ്റി. വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ ചട്ടങ്ങൾ ആവിഷ്കരിച്ചു. സംരംഭങ്ങൾ ആരംഭിക്കുന്നത് അനായാസമാകും വിധം നടപടിക്രമങ്ങൾ ലഘൂകരിച്ചു. സംരംഭകരിൽ നിന്നാകെ വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.

വ്യവസായ സൗഹൃദ സൂചികയിൽ കേരളത്തെ ഒന്നാമതെത്തിക്കുന്നതിൽ തദ്ദേശ വകുപ്പ് നടപ്പാക്കിയ പരിഷ്കാരങ്ങൾ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. സംരംഭങ്ങൾ മുടക്കുന്നവരെന്ന വില്ലൻ പ്രതിച്ഛായയിൽ നിന്ന് തദ്ദേശ വകുപ്പിനെ നിക്ഷേപസൗഹൃദ- ജനസൗഹൃദ വകുപ്പാക്കുന്നതിൽ ഏറെ മുന്നോട്ടുപോകാനായി. എല്ലാം പൂർണമായെന്ന് അവകാശപ്പെടുന്നില്ല.

7.ക്ലൈമറ്റ് ആക്ഷൻ :

ഇന്ത്യയിലാദ്യമായി പ്രാദേശിക തലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കർമ്മ പദ്ധതി( Local Action Plan on Climate Change) ആവിഷ്കരിച്ച് നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറി. ഇതിനകം 268 പഞ്ചായത്തുകളിൽ പ്രാദേശിക കർമ്മ പദ്ധതി തയ്യാറാക്കി കഴിഞ്ഞു. Disaster and Climate Action Tracker എന്ന ടൂളും (D-CAT)നാം വികസിപ്പിക്കുകയുണ്ടായി. ഐക്യരാഷ്ട്രസഭയുടെ UNDP യുമായി ചേന്ന് കിലയാണ് ഇത് വികസിപ്പിച്ചത്. പമ്പാ തടത്തിലെ നാല് നഗരസഭകളിൽ പ്രളയാനന്തര സാഹചര്യത്തിൽ റിസ്ക് ഇൻഫോംഡ് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കി. നഗരസഭകളുടെ വികസന മാസ്റ്റർ പ്ലാൻ സുദീർഘമായ പ്രക്രിയയിലൂടെ അന്തിമമായി അംഗീകരിച്ചു.

8. ഇന്ത്യയിലാദ്യത്തെ നഗര നയ കമ്മീഷനും നഗരനയവും :

അതിവേഗം നഗരവൽക്കരണം നടക്കുന്ന ഇന്ത്യൻ സംസ്ഥാനമെന്ന നിലയിൽ ആ പ്രതിഭാസത്തെ ശരിയായി അഭിസംബോധന ചെയ്യാൻ ഒരു നഗരനയം ആവിഷ്കരിച്ച ആദ്യ സംസ്ഥാനമായി കേരളം മാറിയത് എൽഡിഎഫ് സർക്കാരിൻറെ ദീർഘവീക്ഷണത്തിന്റെ തെളിവാണ്. ലോകത്തിലെ തന്നെ പ്രമുഖരായ നഗരകാര്യ വിദഗ്ധരടങ്ങുന്ന ഒരു കമ്മീഷന്റെ ശാസ്ത്രീയവും സമഗ്രവുമായ പഠനത്തിന്റെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നഗര കാര്യമന്ത്രിമാർ, മേയർമാർ, നഗരകാര്യ വിദഗ്ധർ എന്നിവർ പങ്കെടുത്ത അർബൻ കോൺക്ലേവിൻ്റെയും അടിസ്ഥാനത്തിലാണ് നഗരനയം ആവിഷ്കരിച്ചത്. കമ്മീഷന്റെ റിപ്പോർട്ടും നഗരനയവും അങ്ങ് സൂക്ഷ്മമായി പഠിക്കുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

9. ലൈഫ് ഭവന പദ്ധതി:

5 ലക്ഷം വീടുകൾ പൂർത്തിയാക്കിയ ലൈഫ് ഭവന പദ്ധതിക്കായി 2026 മാർച്ച് 16 വരെ ആകെ ചെലവഴിച്ചത് 21077.72 കോടി രൂപയാണ് ഇതിൽ കേന്ദ്ര വിഹിതം വെറും 2488.90 കോടി മാത്രമായിരുന്നെന്നും ബാക്കി മുഴുവൻ നാം സമാഹരിച്ചതാണെന്നും അങ്ങ് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും ബൃഹത്തായതും ഏറ്റവും ഉയർന്ന ഗുണഭോക്‌തൃ വിഹിതം (നാലു ലക്ഷം, SC/ST 6 ലക്ഷം) നൽകുന്നതുമായ പദ്ധതിയാണ് ലൈഫ്.

10.കുടുംബശ്രീ:

ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീശാക്തീകരണത്തിന്റെ അനുപമ മാതൃകയായ കുടുംബശ്രീ പുതിയ ഉയരങ്ങൾ ഈ കാലയളവിൽ താണ്ടുകയുണ്ടായി. പുതുതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാനുള്ള ഓക്സിലറി ഗ്രൂപ്പുകൾ, കുടുംബശ്രീ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള ബാക്ക് ടു സ്കൂൾ (38 ലക്ഷം സ്ത്രീകളാണിതിൽ പങ്കെടുത്തത്), K-LIFT പദ്ധതിയിലൂടെ 105504 ഉപജീവന സംരംഭങ്ങൾ ആരംഭിച്ചത്, വിജ്ഞാനകേരളം, DDUGKY പദ്ധതികളിലൂടെ 360862 പേർക്ക് തൊഴിൽ നൽകാനായത് എന്നിവയെല്ലാം കുടുംബശ്രീയുടെ ശ്രദ്ധേയമായ സംഭാവനകളാണ് .

ഇന്ത്യയിലെ മുൻനിര ഗവേഷണ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ടെക്നോളജി കോൺക്ലേവിലൂടെ അവരിൽനിന്നാകെ 182 നൂതന സാങ്കേതികവിദ്യകൾ സ്വായത്തമാക്കി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് ആഗോള വിപണിയിൽ എത്തിക്കാൻ കഴിഞ്ഞതും എൽഡിഎഫ് സർക്കാരിന് ഏറെ അഭിമാനം നൽകുന്ന നേട്ടമാണ്. കുടുംബശ്രീ ദാരിദ്ര്യനിർമാർജന മിഷൻ എന്നതിൽ നിന്ന് കാൽനൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും സ്ത്രീകളുടെ വരുമാന വർദ്ധനവ് എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെക്കുകയും കൂടുതൽ ആധുനികമാവുകയും ചെയ്തു.

കുടുംബശ്രീ നേതൃത്വത്തിലുള്ള കേരള ചിക്കൻ നൂറു കോടിയിലേറെ വിറ്റു വരവ് തുടർച്ചയായി കൈവരിച്ചതും മാർക്കറ്റ് ഷെയർ മൂന്നിരട്ടിയായി കൂട്ടിയതും ഈ കാലയളവിലാണ്.

11.തൊഴിലുറപ്പ് പദ്ധതി:

ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന്റെ 9 മാനദണ്ഡങ്ങളിൽ നാലിലും കേരളം ഇന്ത്യയിൽ ഒന്നാമതും അഞ്ചിൽ രണ്ടാമതുമാണ്. പഞ്ചായത്ത് തലത്തിൽ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റ് നടപ്പാക്കിയ ഏക സംസ്ഥാനവും കേരളമാണ്.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇന്ത്യയിലാദ്യമായി വിപുലമായ ക്ഷേമനിധി നടപ്പാക്കിയതും പട്ടികവർഗ്ഗ മേഖലയിൽ 200 തൊഴിൽ ദിനം നൽകിയതും ഇന്ത്യയിലാദ്യം നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതും എൽഡിഎഫ് സർക്കാരാണ്. VBG-RAMG പദ്ധതിയിലൂടെ തൊഴിലുറപ്പിനെ കേന്ദ്രം അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ പുതിയ സർക്കാരും മുൻ സർക്കാരിനെപ്പോലെ തൊഴിലുറപ്പ് സംരക്ഷിക്കാൻ സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

12. ഓൺലൈൻ ട്രാൻസ്ഫറും ഏകീകൃത തദ്ദേശ വകുപ്പും:

എൽഡിഎഫ് സർക്കാർ വരുത്തിയ ഏറ്റവും വിപ്ലവകരമായ മാറ്റം സ്ഥലംമാറ്റം മുഴുവൻ ഓൺലൈനാക്കി മാറ്റി അഴിമതിക്കുള്ള പഴുതടച്ചു എന്നതാണ്. എല്ലാ സംഘടനകളും അംഗീകരിച്ച മാനദണ്ഡങ്ങൾ പ്രകാരം സുതാര്യമായും നീതിപൂർവ്വമായും ക്യൂ ലിസ്‌റ്റിൻ്റെ അടിസ്ഥാനത്തിലായിരുന്നു വകുപ്പിലെ സ്ഥലംമാറ്റങ്ങൾ നടത്തിവന്നത്. സുതാര്യമായ ഓൺലൈൻ ട്രാൻസ്ഫർ തുടരുമെന്നും അഴിമതിക്ക് അങ്ങ് കൂട്ടുനിൽക്കില്ല എന്നും പ്രതീക്ഷിക്കുന്നു. എൽഡിഎഫ് നടപ്പാക്കിയ വകുപ്പ് ഏകീകരണം തുടരുന്നത് അഭിനന്ദനാർഹമാണ്.

13. ആർ-ട്രാക്ക്:

തദ്ദേശസ്ഥാപനങ്ങളുടെ ആസ്തികൾ പൂർണമായി ഡിജിറ്റൽവൽക്കരിക്കുന്നതിനായി R-ട്രാക്ക് മൊബൈൽ ആപ്ലിക്കേഷനും ഓൺലൈൻ പ്ലാറ്റ്ഫോമും തയ്യാറാക്കി. എല്ലാ തദ്ദേശ റോഡുകളുടെയും മാപ്പിംഗ് ഇതിലൂടെ പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ നോൺ റോഡ് അസറ്റുകളുടെ മാപ്പിങ്ങിന് platform സജ്ജമായിക്കഴിഞ്ഞു.

14. കില:

തദ്ദേശ വകുപ്പിൻ്റെ അഭിമാന സ്ഥാപനമായ കില തുടർച്ചയായ വർഷങ്ങളിൽ രണ്ടു ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കി. ഐക്യരാഷ്ട്ര സംഘടനയുടെ യു എൻ യൂണിവേഴ്‌സിറ്റിയും കിലയും തമ്മിൽ അക്കാദമിക് സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. അതുപ്രകാരം യു എൻ യു കിലയുമായി ചേർന്ന് കേരളത്തിൽ പുതിയ വിജ്ഞാന മേഖലകളിൽ കോഴ്‌സുകൾ ആരംഭിക്കും. യു എൻ യൂണിവേഴ്സിറ്റി ഇന്ത്യയിലാദ്യമായാണ് കോഴ്സുകൾ ആരംഭിക്കാൻ മുന്നോട്ടു വരുന്നത്.

തദ്ദേശ വകുപ്പിനെ കാലാനുസൃതമായി ആധുനികവൽക്കരിക്കാനും ചട്ടങ്ങൾ പരിഷ്കരിച്ച് കൂടുതൽ ജനസൗഹൃദമാക്കാനുമാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചത്. ഈ പ്രക്രിയ നടപ്പാക്കുമ്പോൾ തന്നെ വകുപ്പിന്റെ വികേന്ദ്രീകൃതവും ജനാധിപത്യപരവുമായ ഉള്ളടക്കം ദുർബലപ്പെടുത്താതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

തദ്ദേശ വകുപ്പ് മറ്റൊരു വകുപ്പ് പോലെ നേരിട്ടു മുകളിൽ നിന്ന് ഭരിക്കുന്ന ഒരു വകുപ്പല്ല എന്ന തിരിച്ചറിവാണ് ഞങ്ങളെ നയിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഭരണം ഫെസിലിറ്റേറ്റ് ചെയ്യലാണ് മന്ത്രിയുടെയും വകുപ്പിന്റെയും ചുമതല എന്ന ബോധം എപ്പോഴും ഉണ്ടായിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തെയും ജനാധിപത്യ സംവിധാനത്തെയും പുച്ഛത്തോടെ കാണുന്ന ഉന്നത ബ്യൂറോക്രസിയിലെ ഒരു പ്രബല വിഭാഗമുണ്ട് എന്ന കാര്യം ഞാൻ അങ്ങേയ്ക്ക് മുന്നറിയിപ്പ് നൽകുകയാണ്.

വകുപ്പിനെ പ്രൊഫഷണലാക്കണമെന്ന വാദത്തിന്റെ മറവിൽ കേന്ദ്രീകൃതവും ജനാധിപത്യവിരുദ്ധവുമായ ഭരണം അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രബല ലോബിയുടെ കാര്യത്തിൽ ജാഗ്രതയുണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു. ക്രിയാത്മകമായ എല്ലാ പ്രവർത്തനങ്ങൾക്കും വിമർശനാത്മക പിന്തുണ വാഗ്ദാനം ചെയ്യുന്നു.

ആശംസകളോടെ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m b rajeshk m shajiLocal Self Government DepartmentLDF
News Summary - Former Minister M B Rajesh Welcomes New LSG Minister K M Shaji
Next Story