അമ്മയും രണ്ട് പിഞ്ചുമക്കളും പുഴയിൽ ചാടി മരിച്ചു; മരിച്ചത് മുൻ പഞ്ചായത്ത് പ്രസിഡന്റ്
text_fieldsകോട്ടയം: പാലാ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റും രണ്ട് പിഞ്ചുമക്കളും പുഴയിൽ ചാടി മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്.
ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം. മക്കളെയുമെടുത്ത് പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ ചേർന്നാണ് കരയ്ക്കെത്തിച്ചത്. ഉടൻ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൈകോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തുകയും രണ്ടു കുട്ടികളെയും രക്ഷിക്കുകയുമായിരുന്നു.
ഈ സമയത്ത് തന്നെയാണ് അമ്മയെ ആറ്റിറമ്പിൽ ആറുമാനൂർ ഭാഗത്ത് നിന്നും നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് ഇവരെയും കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് കണ്ണമ്പുര ഭാഗത്ത് നിന്നും ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തിയത്. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷിച്ച് വരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.