വ്യജ വൗച്ചറുകളുണ്ടാക്കി പഞ്ചായത്ത് ഫണ്ടിൽ നിന്ന് പണം തട്ടിയ കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ആറ് വർഷം കഠിന തടവ്
text_fieldsപത്തനംതിട്ട: വ്യജ വൗച്ചറുകളുണ്ടാക്കി പഞ്ചായത്ത് ഫണ്ടിൽ നിന്ന് പണം തട്ടിയ കേസിൽ റാന്നി-അങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് ആറ് വർഷം കഠിന തടവും 1,50,000രൂപ പിഴയും. പത്തനംതിട്ട റാന്നി-അങ്ങാടി ഗ്രാമ പഞ്ചായത്തിൽ 2006-2007 കാലഘട്ടത്തിൽ സെക്രട്ടറിയായിരുന്ന എ. എഡിസണിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട വിജിലൻസ് യൂനിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്.
പഞ്ചായത്തിലെ വിവിധ റോഡ് അരികുകളിലെ കുറ്റികാടുകളും അഴുക്ക്ചാലുകളും പഞ്ചായത്ത് പരിസരവും വൃത്തിയാക്കിയതായി കാണിച്ച് 106 വ്യജ വൗച്ചറുകൾ ഉണ്ടാക്കി പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം വാങ്ങാതെ 5,90,340 രൂപ ഇയാൾ പാസാക്കി എടുക്കുകയായിരുന്നു.
എന്നാൽ, വിജിലൻസ് നടത്തിയ പരിശോധനയിൽ ജോലികളൊന്നും നടത്തിയില്ലെന്ന് കണ്ടെത്തി. ഇയാൾ വ്യാജമായി വൗച്ചറുകൾ ഉണ്ടാക്കി പണം തട്ടുകയായിരുന്നുവെന്നും വ്യക്തമായി. തുടർന്ന് പത്തനംതിട്ട വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത്, കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു. വിവിധ വകുപ്പുകളിലായാണ് എൻക്വയറി കമീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) എം.വി. രാജകുമാര തടവ് ശിക്ഷ വിധിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.