11 പേരുടെ ജീവന് അപഹരിച്ച ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് നാളെ ഒരു പതിറ്റാണ്ട്
text_fieldsഅപകടത്തിൽപ്പെട്ട ബോട്ട് കായലിൽ നിന്ന്പൊക്കിയെടുക്കുന്നു
ഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്ത് മത്സ്യബന്ധനയാനം യാത്രാബോട്ടിലിടിച്ച് 11 പേർ മരിച്ച സംഭവം നടന്നിട്ട് ഒരു പതിറ്റാണ്ട് തികയുന്നു. ഫോർട്ട്കൊച്ചി -വൈപ്പിൻകരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന കൊച്ചി നഗരസഭയുടെ എം.വി. ഭാരത് എന്ന ബോട്ടാണ് തകർന്നത്. 2015 ആഗസ്റ്റ് 26ന് ഓണക്കാലത്തായിരുന്നു അപകടം.
മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലിയെന്ന വാഗ്ദാനം വർഷങ്ങൾ പിന്നിട്ടിട്ടും ‘മരീചിക’യായി തുടരുകയാണ്. ഫോർട്ട്കൊച്ചി ബോട്ട് ജെട്ടിക്ക് സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് അമിത വേഗതയിൽ പാഞ്ഞ മത്സ്യബന്ധന വള്ളം ജെട്ടിക്ക് അടുത്ത് എത്താറായപ്പോൾ യാത്ര ബോട്ടിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നെടുകെ പിളർന്ന ബോട്ട് മുങ്ങി താഴുകയായിരുന്നു.
ഏകദേശം 45 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തെ സംബന്ധിച്ച് അന്വേഷിക്കാൻ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ കമീഷനെയും നിയോഗിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപയും, നഗരസഭ രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നൽകി. പരിക്കേറ്റവർക്ക് ചികിത്സ സഹായവും നൽകി.
എന്നാൽ, ആശ്രിതർക്ക് ജോലി നൽകാമെന്ന് സർക്കാർ വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. ഇന്നും ഇതേ സ്ഥലത്ത് മത്സ്യ ബന്ധന വള്ളങ്ങള്‍ അലക്ഷ്യമായി എത്തുന്നതും കൂട്ടമായി കെട്ടിയിടുന്നതും തുടര്‍ക്കഥയാണ്. ജെട്ടിയിലും ടൂറിസ്റ്റ് ബോട്ടിലും വള്ളങ്ങൾ ഇടിച്ച സംഭവങ്ങളും ഉണ്ടായെങ്കിലും നിയന്ത്രിക്കാനുള്ള നടപടികൾ അധികൃതര്‍ക്കായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.