കോടികളുടെ എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ; എം.ഡി.എം.എ കണ്ടെത്തിയത് ഈത്തപ്പഴം സൂക്ഷിച്ച പെട്ടിക്കുള്ളിൽ
text_fieldsസഞ്ജു, നന്ദു, ഉണ്ണിക്കണ്ണൻ, പ്രമീൺ
തിരുവനന്തപുരം: വിദേശത്തുനിന്ന് കടത്തിയ കോടികൾ വിലവരുന്ന എം.ഡി.എം.എ പൊലീസ് പിടികൂടി. നാലുപേർ അറസ്റ്റിൽ. രണ്ടുകോടിയിലേറെ ചില്ലറ വിൽപന വിലയുള്ള 1.250 കിലോഗ്രാം മയക്കുമരുന്നാണ് കല്ലമ്പലത്ത് വാഹനം തടഞ്ഞ് പിടിച്ചെടുത്തത്.
കല്ലമ്പലം മാവിൻമൂട് പറകുന്ന് ചരുവിള വീട്ടിൽ സഞ്ജു (41), ഇയാൾക്കൊപ്പം വിദേശത്തുനിന്ന് എത്തിയ ചെമ്മരുതി വി.കെ. ലാൻഡിൽ നന്ദു (32), മയക്ക് മരുന്ന് കൊണ്ടുപോയ പിക്കപ്പിലുണ്ടായിരുന്ന ഞെക്കാട് കാണവിള വീട്ടിൽ ഉണ്ണിക്കണ്ണൻ (39), ഞെക്കാട് ആർ.എം.പി സദനത്തിൽ പ്രമീൺ (35) എന്നിവരാണ് അറസ്റ്റിലായത്. സഞ്ജുവാണ് ഒന്നാം പ്രതിയെന്ന് പൊലീസ് പറഞ്ഞു.
മയക്കുമരുന്ന് കേസിൽ നേരത്തേ അറസ്റ്റിലായ സഞ്ജു വിദേശത്തുനിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്നതായി സൂചന ലഭിച്ചിരുന്നു. ബുധനാഴ്ച രാത്രി എട്ടിനാണ് സഞ്ജുവും നന്ദുവും ഒമാനിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
സഞ്ജുവിനൊപ്പം ഭാര്യയും രണ്ട് മക്കളുമുണ്ടായിരുന്നു. ഇവർ കാറിൽ കല്ലമ്പലത്തേക്ക് പുറപ്പെട്ടു.മയക്കുമരുന്ന് ഒളിപ്പിച്ച ലഗേജുകൾ പിക്കപ്പ് വാഹനത്തിലും കയറ്റി അയച്ചു. റൂറൽ പൊലീസിന്റെ ഡാൻസാഫ് സംഘം തിരുവനന്തപുരത്തുനിന്നും ഇവരെ പിന്തുടർന്നു.
കല്ലമ്പലം പൊലീസിന്റെ സഹായത്തോടെ കൊല്ലം റോഡിന് സമീപം കാർ തടഞ്ഞു. എന്നാൽ നിർത്താതെ പോയി. പിന്തുടർന്ന പൊലീസ് നാവായിക്കുളം ഇരുപത്തെട്ടാം മൈൽ പറകുന്ന് ഭാഗത്തുവെച്ച് തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈത്തപ്പഴം സൂക്ഷിച്ച പെട്ടിക്കുള്ളിലാണ് എം.ഡി.എം.എ കണ്ടെത്തിയതെന്ന് റൂറൽ പൊലീസ് മേധാവി കെ. സുദർശനൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.