കാലടി ശ്രീശങ്കരാചാര്യ സർവകലാശാല സിൻഡിക്കേറ്റിലേക്കും ഗവർണർ വക നാല് ബി.ജെ.പി നോമിനികൾ
text_fieldsതിരുവനന്തപുരം: കേരള, കാലിക്കറ്റ് സർവകലാശാലകൾക്ക് പിന്നാലെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സിൻഡിക്കേറ്റിലേക്കും ബി.ജെ.പി നോമിനികളെ നിയമിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ.
കോളജ് അധ്യാപകരും മുൻ കോളജ് അധ്യാപകരുമായ നാല് പേരെയാണ് ചാൻസലർ എന്ന നിലയിൽ ഗവർണർ നാമനിർദേശം ചെയ്തത്. തിരുവനന്തപുരം ഗവ. സംസ്കൃത കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ.കെ. ഉണ്ണികൃഷ്ണൻ, ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളജ് ചരിത്രവിഭാഗം അസി. പ്രഫസർ ഡോ.ആർ.എസ് വിനീത്, തിരുവനന്തപുരം എൻ.എസ്.എസ് കോളജ് ഫോർ വിമൻ ഫിലോസഫി വിഭാഗം റിട്ട. അസോസിയേറ്റ് പ്രഫസർ ഡോ.എസ് ശ്രീകലാദേവി, ആലപ്പുഴ എസ്.ഡി കോളജ് മലയാള വിഭാഗം അസോ. പ്രഫസർ ഡോ. സിന്ധു അന്തർജനം എന്നിവരെയാണ് കാലടി സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്തത്.
സംസ്കൃതം, ഇൻഡോളജി, ഇന്ത്യൻ ഫിലോസഫി, ഇന്ത്യൻ ലാംഗ്വജസ് എന്നീ വിഷയമേഖലകളിൽ പ്രാഗത്ഭ്യമുള്ള ഓരോരുത്തരെ നാമനിർദേശം ചെയ്യണമെന്ന സർവകലാശാല നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് ബി.ജെ.പി നൽകിയ പട്ടിക പ്രകാരം ഗവർണറുടെ നോമിനേഷൻ. നേരത്തെ കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്കും കേരള സർവകലാശാല എൻജിനീയറിങ് ഫാക്കൽറ്റി ഡീൻ പദവിയിലേക്കും ബി.ജെ.പി നോമിനികളെ രാജ്ഭവൻ നാമനിർദേശം ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.