ആളുമാറി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ഷാഹുൽ ഹമീദ്, സക്കീർ, റാഷിദ്, ഷമീർ
കോഴിക്കോട്: ആളുമാറി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കി റോഡരികിൽ ഉപേക്ഷിച്ച കേസിൽ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. നല്ലളം ഉണ്ണിശ്ശേരിക്കുന്ന് ആന റോഡ് ഇല്ലിക്കൽ ഷാഹുൽ ഹമീദ് (42), കല്ലായി ആനമാട് ചക്കുംകടവ് റഹിയാനത്ത് മൻസിൽ സക്കീർ (52), കിണാശ്ശേരി കുളങ്ങരപീടിക താന്നിക്കാട്ട് മീത്തൽപറമ്പ് റാഷിദ് (47), പന്തീരാങ്കാവ് പുത്തൂർമഠം പുറത്തൊളിക്കൻപറമ്പ് ഷമീർ (37) എന്നിവരെയാണ് ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ കീഴിലെ സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിൽ നല്ലളം ഇൻസ്പെക്ടർ കെ.എ. ബോസും സംഘവും ചേർന്ന് അറസ്റ്റ്ചെയ്തത്. ഷാഹുൽ ഹമീദ് നല്ലളം ദേവദാസ് സ്കൂളിനടുത്തും സക്കീർ മാത്തറ ഇരിങ്ങല്ലൂർ വടക്കാഞ്ചേരി പറമ്പിലും ഷമീർ ഒളവണ്ണ വന്ദന ബസ് സ്റ്റോപ്പിനടുത്തും വാടകക്ക് താമസിക്കുകയാണ്.
അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ച കരിപ്പൂർ സ്വർണക്കടത്ത് കേസിലെ ചെർപ്പുളശ്ശേരി സംഘത്തിലെ മുഖ്യപ്രതി ചരൽ ഫൈസലിന്റെ സംഘാംഗം ആസിഫ് മാസങ്ങൾക്കു മുമ്പ് ഗൾഫിൽനിന്ന് കടത്തിയ സ്വർണം ‘ഉടമ’ക്ക് നൽകാതെ മുങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരീഭർത്താവിനെ ഗൾഫിൽനിന്ന് പിടികൂടി മർദിക്കുകയും ഭീഷണിപ്പെടുത്തി ആസിഫിനെ വിളിച്ചുവരുത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് സഹോദരീഭർത്താവിനെ കരിപ്പൂരിൽ എത്തിച്ച് ചെർപ്പുളശ്ശേരിയിലെ വീട്ടിലേക്ക് പോകാൻ വാഹനവുമായി വരാൻ പറയുകയും ചെയ്തു.
സഹോദരീഭർത്താവിനെ ആസിഫ് കൂട്ടാൻ വരുന്ന സമയം അയാളെ തട്ടിക്കൊണ്ടുപോയി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാനായിരുന്നു പദ്ധതി. ഇതിനായി കോഴിക്കോട്ടെ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു. എന്നാൽ, ആസിഫിന്റെ കൂടെ ചരൽ ഫൈസലും മുനീറും വരുകയും ആസിഫാണെന്ന് കരുതി മുനീറിനെ സംഘം അവരുടെ കാറിൽ കയറ്റുകയും ചെയ്തു. ആക്രമിസംഘത്തെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഫൈസലിന്റെ കാറിന്റെ മുന്നിലെ ഗ്ലാസിലേക്ക് വലിയ കല്ലിട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും കാറെടുത്ത് ഫൈസലും ആസിഫും രക്ഷപ്പെടുകയും ചെയ്തു.
മുനീറിനെ കാറിൽവെച്ച് മർദിച്ചശേഷം ഫോട്ടോയെടുത്ത് സ്വർണം നഷ്ടപ്പെട്ട മലപ്പുറം സ്വദേശിക്ക് അയച്ചുകൊടുത്തപ്പോഴാണ് പിടികൂടിയ ആൾ മാറിയ വിവരം ഗുണ്ടാസംഘം അറിയുന്നത്. തുടർന്ന് മുനീറിനെ ആളൊഴിഞ്ഞ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
മുനീറിന്റെ പരാതിയിലാണ് നല്ലളം പൊലീസ് കേസെടുത്തത്. ജില്ല പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്രകാരം സ്പെഷൽ ആക്ഷൻ ഗ്രൂപ് അന്വേഷണത്തിൽ ചേർന്ന് യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തിയതും സംഭവസ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതോടെയാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.