മതം നോക്കി ആദായ നികുതി വിവരങ്ങള് തേടൽ; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: സർക്കാർ ശമ്പളം വാങ്ങുകയും വരുമാനനികുതി അടയ്ക്കാത്തതുമായ ക്രിസ്തുമത വിശ്വാസികളായ അധ്യാപകരുടെ വിവരങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് നിർദേശം പുറപ്പെടുവിപ്പിച്ചതിന് വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് നടപടിയെടുത്തത്. ക്രിസ്ത്യൻ ജീവനക്കാരുടെ വിവരംതേടി ഫെബ്രുവരി 13ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലിറക്കിയ നിർദേശം റദ്ദാക്കാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
സംഭവം സംബന്ധിച്ച് അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സമൂഹത്തിൽ മതസ്പർധ വളർത്തുന്ന രീതിയിൽ പരാതിയുമായി മുന്നോട്ടുവന്ന കോഴിക്കോട് കാരന്തൂർ സ്വദേശി കെ. അബ്ദുൽ കലാമിനെതിരെ ഡി.ജി.പിക്ക് പരാതി നൽകാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പി.കെ. മനോജ്, ജൂനിയർ സൂപ്രണ്ട് അപ്സര, മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന ജില്ല വിദ്യാഭ്യാസ ഓഫിസർ ഗീതാകുമാരി, അരിക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് എ.കെ. ഷാഹിന എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയത്.
എയ്ഡഡ് സ്കൂളുകളിലും കോളജുകളിലും ജോലി ചെയ്യുന്ന അധ്യാപകരായ ക്രിസ്ത്യൻ പുരോഹിതർ ഇൻകംടാക്സ് നിയമങ്ങൾ ലംഘിച്ച് വരുമാന നികുതി അടയ്ക്കുന്നില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നുമായിരുന്നു അബ്ദുൽ കലാം എന്ന പേരിൽ 2024 നവംബർ 23ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി ലഭിച്ചത്. പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഴുവൻ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ ഫെബ്രുവരി 13നാണ് കത്തയച്ചത്. കത്ത് വിവാദമായതോടെ തുടർനിർദേശം ലഭിക്കുംവരെ കത്തിൽ തുടർനടപടി സ്വീകരിക്കേണ്ടതില്ലെന്നും ഡയറക്ടറുടെ പേരിൽ കത്ത് നൽകിയിരുന്നു.
ഈ നിർദേശം നിലനിൽക്കെയാണ് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജില്ല വിദ്യാഭ്യാസ ഓഫിസർ ഏപ്രിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരിൽനിന്ന് ജീവനക്കാരുടെ വിവരം ലഭ്യമാക്കാൻ നിർദേശിച്ചത്. ഇതേത്തുടർന്ന് അവധിയിലായിരുന്ന അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് സ്കൂളുകളിലെ പ്രധാന അധ്യാപകരിൽ നിന്ന് റിപ്പോർട്ട് തേടിയത്. ഇത് പുറത്തുവന്നതോടെയാണ് നാല് ഉദ്യോഗസ്ഥരെയും സസ്പെന്ഡ് ചെയ്യാൻ മന്ത്രി ഉത്തരവിട്ടത്. ഡയറക്ടർ അറിയാതെയാണ് ഡയറക്ടറേറ്റിലെ രണ്ട് ജീവനക്കാർ പരാതിയിൽ തുടർനടപടിക്ക് കത്തയച്ചതെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.