കീം: സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മാർച്ച്; ജലപീരങ്കി പ്രയോഗിച്ചു, അറസ്റ്റ്
text_fieldsകീമിൽ വിദ്യാർഥികളെ വഞ്ചിച്ച സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
തിരുവനന്തപുരം: കീമിൽ വിദ്യാർഥികളെ വഞ്ചിച്ച സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മാർച്ച് ആരംഭിച്ചു. സെക്രട്ടറിയേറ്റ് ഗേറ്റിലെ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല.
പ്രതിഷേധ മാർച്ച് സംസ്ഥാന പ്രസിഡൻറ് നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. കീമിൽ ഉണ്ടായ മുഴുവൻ പ്രതിസന്ധികൾക്കും ഉത്തരവാദി സർക്കാറാണ്. സർക്കാർ അലംഭാവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം. മുഴുവൻ വിദ്യാർഥികൾക്കും നീതിപൂർവകമായ പ്രവേശനം സാധ്യമാക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് ടു സ്റ്റേറ്റ് സിലബസ് പാസായി കീം എഴുതി പുതുക്കിയ റാങ്ക് ലിസ്റ്റിൽ 11,000 റാങ്കിൽ നിന്ന് 16,000ത്തിലേക്ക് കൂപ്പുകുത്തിയ യാവർ എന്ന വിദ്യാർഥിയും രക്ഷിതാവും സമരത്തെ അഭിസംബോധന ചെയ്തു. തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ, വൈസ് പ്രസിഡൻറുമാരായ അമീൻ റിയാസ്, ലബീബ് കായക്കൊടി, തിരുവനന്തപുരം ജില്ല പ്രസിഡൻറ് ഷാഹിൻ തൻസീർ, ജനറൽ സെക്രട്ടറി ലമീഹ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്.
ടി.കെ. സഈദ്, ബാസിത് താനൂർ, കെ.എം. സാബിർ അഹ്സൻ, സുനിൽ കുമാർ അട്ടപ്പാടി, സഹ്‍ല ഇ.പി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.