‘വിഭജനമാണ് നീതി...’; മലപ്പുറത്ത് വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി ഫ്രറ്റേണിറ്റി മൂവ്മെന്റ്
text_fieldsമലപ്പുറം: പ്രാദേശികമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വികസന പ്രശ്നങ്ങൾക്ക് പരിഹാരമായി ജില്ലാ വിഭജനം അനിവാര്യമാണെന്ന് ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അമീൻ യാസിർ. ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന നിവർത്തന രേഖ പ്രകാശനം നാളെ വൈകീട്ട് ചെമ്മാട് നടക്കും.
തെരഞ്ഞെടുപ്പ് വേളയിൽ ഉന്നയിച്ച ജില്ലയിലെ വികസന പിന്നാക്കാവസ്ഥക്ക് പ്രത്യേക പദ്ധതികൾ കൊണ്ടുവന്ന് പരിഹാരം കാണാൻ യു.ഡി.എഫ് സർക്കാറിന് ബാധ്യതയുണ്ട്. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളെക്കാളും മധ്യകേരളത്തിലെ മൂന്ന് ജില്ലകളിലെ മനുഷ്യരേക്കാളും ജനസംഖ്യ മലപ്പുറത്തിനുണ്ട്. വിദഗ്ധ ചികിത്സക്ക് ഇന്നും തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലപ്പുറത്തുകാർ. ജില്ലയിൽ കൂടുതൽ റഫറൽ സ്വഭാവമുള്ള ജില്ല ജനറൽ ആശുപത്രികൾ അനുവദിക്കണം. മഞ്ചേരി മെഡിക്കൽ കോളജിന് സ്ഥലം ഏറ്റെടുത്ത് പുതിയ കെട്ടിട സമുച്ചയം ഉടൻ സാധ്യമാക്കണം. മലബാർ ദേശത്തെ കെ.എസ്.ആർ.ടി.സി സർവിസുകളുടെ അപര്യാപ്തത ഭരണകക്ഷി എം.എൽ.എമാർ വരെ ചൂണ്ടിക്കാണിച്ചു തുടങ്ങിയിരിക്കുന്നു. പ്രാഥമിക, ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രകടമായ വിവേചനങ്ങൾ നിലനിൽക്കുകയാണ്.
എസ്.എസ്.എൽ.സി പാസ്സാകുന്ന കുട്ടികൾക്ക് പ്ലസ്ടുവിന് മതിയായ സ്ഥിരം ബാച്ചുകൾ അനുവദിക്കുന്നതിന് പകരം ഇടതുപക്ഷ സർക്കാർ മുന്നോട്ടുവെച്ച മാർജിനൽ സീറ്റ് വർധനവും, താൽക്കാലിക ബാച്ചും തുടരാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. സർക്കാറിന്റെ കണ്ണിൽ പൊടിയിടാനുള്ള ഇത്തരം ശ്രമങ്ങളെ പൊതുജനമധ്യത്തിൽ ചൂണ്ടിക്കാട്ടും. വിദ്യാർഥി വഞ്ചനയെ പി.ആർ വർക്കുകൾ കൊണ്ട് മറികടക്കാമെന്ന ജില്ലയിലെ എം.എൽ.എമാരുടെ ധാരണ വിഡ്ഢിത്തമാണ്. പത്തുവർഷത്തെ പ്രതിസന്ധി 10 ദിവസം കൊണ്ട് മറികടന്നുവെന്ന കൊണ്ടോട്ടി മണ്ഡലം എം.എൽ.എയുടെ അവകാശവാദവും ജില്ലയിലെ വിദ്യാർഥികളോടുള്ള വെല്ലുവിളിയാണ്.
ജില്ല നേരിടുന്ന വികസന പ്രതിസന്ധികൾക്ക് പരിഹാരമായി ജില്ലാ വിഭജനം ഉടൻ സാധ്യമാക്കണം. പൊതുജന ആവശ്യങ്ങൾ മുന്നോട്ടുവെക്കുന്ന നിവർത്തനരേഖ സർക്കാർ അംഗീകരിക്കും വരെ സമരം തുടരുമെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് നടക്കുന്ന രേഖ പ്രകാശനം സംസ്ഥാന സെക്രട്ടറി അൻവർ സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ അംബികാ മറുവാക്ക് പുസ്തകം ഏറ്റുവാങ്ങും. ജില്ല പ്രസിഡന്റ് വി.ടി.എസ്. ഉമർ തങ്ങൾ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറിമാരായ അഡ്വ. അമീൻ യാസിർ ,കെ.പി. ഹാദി ഹസ്സൻ, വൈസ് പ്രസിഡന്റ് പി. സുജിത്, സെക്രട്ടറിമാരായ വി.കെ. മാഹിർ, കെ.എ. ഫായിസ്, നിസ്മ ബദ്ർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

