Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ഫയലുകൾ ആവശ്യപ്പെട്ട് എസ്.ഐ.ടി കത്ത്

text_fields
bookmark_border
മെസ്സിയുടെ പേരിലെ തട്ടിപ്പ്: ഫയലുകൾ ആവശ്യപ്പെട്ട് എസ്.ഐ.ടി കത്ത്
cancel

തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലേയണൽ മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം (എസ്.ഐ.ടി) ഇതുസംബന്ധിച്ച ഫയലുകള്‍ ആവശ്യപ്പെട്ട് സർക്കാറിന് കത്ത് നൽകി. ഫയലുകൾ ആവശ്യപ്പെട്ട് കായിക, ധനവകുപ്പ് സെക്രട്ടറിമാർക്കാണ് അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി പി. വിജയൻ കത്ത് നൽകിയത്. മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ സർക്കാറിന്‍റെയും സ്വകാര്യ കമ്പനിയുടെയും പേരിലുള്ള കത്ത് ഇടപാടുകളും, ജി.എസ്.ടി ഈടാക്കുന്നതിലുണ്ടായ വീഴ്ചസംബന്ധിച്ച ഫയലുകളും ഉള്‍പ്പെടെയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ, പ്രധാനപ്പെട്ട പല ഫയലുകളും കായിക വകുപ്പിന്‍റെ പക്കലില്ലെന്ന് വ്യക്തമാക്കുന്നതാണ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്‍റെ റിപ്പോർട്ട്.

ഫയലുകള്‍ സർക്കാറിൽനിന്ന് വാങ്ങി അന്വേഷണം നടത്തി, ക്രമക്കേട് കണ്ടെത്തിയാൽ അഴിമതി നിരോധന നിയമം പോലുള്ള നിയമപ്രകാരം കേസെടുത്ത് മുന്നോട്ടുപോകാനും എസ്.ഐ.ടിക്ക് അനുമതി നൽകിയുള്ള ഉത്തരവാണ് കഴിഞ്ഞദിവസം ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി പുറത്തിറക്കിയത്. അതിന്‍റെ അടിസ്ഥാനത്തിൽ എസ്.ഐ.ടി ഉദ്യോഗസ്ഥർ യോഗം ചേർന്ന് പ്രാഥമിക വിലയിരുത്തൽ നടത്തിയ ശേഷമാണ് ഫയലുകൾ ആവശ്യപ്പെട്ട് കത്ത് നൽകിയത്. എ.ഡി.ജി.പി പി. വിജയൻ, ഐ.ജി സതീഷ് ബിനോ എന്നിവർ നേരിട്ടും മറ്റു മൂന്ന് ഉദ്യോഗസ്ഥർ ഓൺലൈനിലൂടെയുമാണ് യോഗത്തിൽ പങ്കെടുത്തത്. സർക്കാറിൽനിന്ന് ഫയലുകൾ ലഭിച്ചശേഷം എസ്.ഐ.ടി വീണ്ടും യോഗം ചേരും. തുടർന്ന് അന്വേഷണസംഘം വിപുലീകരിക്കും. സാമ്പത്തിക കുറ്റാന്വേഷണ ഉദ്യോഗസ്ഥരെയും വിജിലൻസ് ഉദ്യോഗസ്ഥരെയും സംഘത്തിലുൾപ്പെടുത്തുമെന്നാണ് വിവരം. തട്ടിപ്പിൽ ഒമ്പത് കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും എസ്.ഐ.ടി അന്വേഷണം.

ഇ.ഡിക്കും എസ്.എഫ്.ഐ.ഒക്കും അന്വേഷണം നടത്താം

കൊച്ചി: മെസ്സി ഉൾപ്പെടുന്ന അർജന്‍റീന ഫുട്ബാൾ ടീമിനെ കൊച്ചിയിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് പുറമെ ഇ.ഡിക്കും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനും (എസ്.എഫ്.ഐ.ഒ) അന്വേഷണം നടത്താൻ കഴിയുമെന്ന് സർക്കാറിന് നിയമോപദേശം. അടിമുടി നിയമലംഘനമാണ് ഇക്കാര്യത്തിലുണ്ടായത്. സർക്കാറിന് നഷ്ടമുണ്ടായില്ലെന്ന വാദം നിലനിൽക്കില്ലെന്നും പ്രോസിക്യുഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി നൽകിയ നിയമോപദേശത്തിൽ പറയുന്നു.

അഴിമതി നിരോധന നിയമം മുതൽ കമ്പനി നിയമം വരെയുള്ളവയുടെ ലംഘനമുണ്ടായി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്വകാര്യ സ്ഥാപനത്തിന് കൈമാറിയതിലടക്കം നിയമ ലംഘനമുണ്ട്. സ്വകാര്യ സ്ഥാപനത്തെ പരിപാടിയുടെ നടത്തിപ്പിന് തെരഞ്ഞെടുക്കുമ്പോൾ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കേണ്ടിയിരുന്നു. പരിപാടിയുടെ നടത്തിപ്പിന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ (ആർ.ബി.സി) ഏകപക്ഷീയമായി തെരഞ്ഞെടുത്തതും അവർ അർജന്‍റീന ഫുട്ബാൾ അസോസിയേഷനുമായി കരാറുണ്ടാക്കിയതും വിശദമായി അന്വേഷിക്കണം.

ഇതിലൂടെ മന്ത്രിയടക്കം ആരെങ്കിലും അനധികൃതമായ നേട്ടമുണ്ടാക്കിയോ എന്നത് അഴിമതി തടയൽ നിയമപ്രകാരം അന്വേഷിക്കണം. അതിനാൽ, മുൻ കായിക മന്ത്രിയടക്കമുള്ളവരിലേക്കും അന്വേഷണം നീളാം. പരാജയപ്പെട്ട പരിപാടിയുടെ പേരിൽ മന്ത്രിയടക്കമുള്ളവർ പൊതു പണം ഉപയോഗിച്ച് വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കിൽ അതും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. ഒരു അധികാരവുമില്ലാതെയാണ് സ്വകാര്യ സ്ഥാപനത്തിന് കൊച്ചിയിലെ സ്റ്റേഡിയം കൈമാറി ഏറെനാൾ കൈവശം വെക്കാൻ അനുമതി നൽകിയത്. ആർ.ബി.ഐ അനുമതിയില്ലാതെ വിദേശ സ്ഥാപനങ്ങൾക്ക് പണം കൈമാറാനാകില്ലെന്നതിനാൽ അർജന്‍റീന ഫുട്ബാൾ അസോസിയേഷന് സ്പോൺസർ പണം കൈമാറിയെങ്കിൽ ഫെമ ലംഘനമുണ്ടായോയെന്നും പരിശോധിക്കണം. പണത്തിന്‍റെ ഉറവിടത്തെയും അത് കൈമാറിയ രീതിയെയും കുറിച്ച് അന്വേഷിക്കണം. ഇതോടെ പി.എം.എൽ.എ ആക്ടും ബാധകമായേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fraud using Messi's name: SIT letter requesting files
Next Story