Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഗൂഗിൾ പേ വഴി പണം തട്ടുന്നു

text_fields
bookmark_border
രക്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഗൂഗിൾ പേ വഴി പണം തട്ടുന്നു
cancel

മുക്കം: ജീവൻ രക്ഷിക്കാനുള്ള അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളുടെ സന്മനസ്സിനെയും രോഗികളുടെ ബന്ധുക്കളുടെ നിസ്സഹായാവസ്ഥയെയും ചൂഷണം ചെയ്ത് രക്തദാനത്തിന്റെ പേരിൽ പണം തട്ടുന്ന ഓൺലൈൻ സംഘങ്ങൾ സജീവമാകുന്നു.

സാമൂഹിക മാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിൽ അടിയന്തരമായി രക്തം ആവശ്യമുണ്ടെന്ന സന്ദേശങ്ങളിലെ നമ്പറുകൾ സംഘടിപ്പിച്ചാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ഇത്തരം തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അടിയന്തരമായി രക്തം ലഭിക്കാനുള്ള നെട്ടോട്ടത്തിൽ കഴിയുന്ന രോഗികളുടെ ബന്ധുക്കളുടെയും സഹായമനസ്കരായ സന്നദ്ധ പ്രവർത്തകരുടെയും മാനസികാവസ്ഥയാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. രക്തം നൽകാൻ തയാറാണെന്ന് അറിയിച്ച് ബന്ധപ്പെടുന്ന ഇവർ യാത്ര ചെലവിനും മറ്റ് ആവശ്യങ്ങൾക്കുമായി മുൻകൂറായി പണം ആവശ്യപ്പെടും.

ഗൂഗിൾ പേ വഴി പണം കൈമാറുന്നതോടെ പിന്നീട് ഫോൺ വിളികൾക്ക് പ്രതികരിക്കാതെയും ബന്ധം വിച്ഛേദിച്ചും മുങ്ങുന്നതാണ് തട്ടിപ്പിന്റെ രീതി. അടുത്തിടെ മഞ്ചേരി സ്വദേശിക്ക് എം.വി.ആർ കാൻസർ സെന്ററിലെ രോഗിക്കുവേണ്ടി അപൂർവ രക്തഗ്രൂപ്പ് ആവശ്യമായി വന്നപ്പോൾ 'എന്റെ മുക്കം സന്നദ്ധ സേന' യുടെ നേതൃത്വത്തിൽ സൗജന്യമായി രക്തം ക്രമീകരിച്ചു നൽകിയിരുന്നു. എന്നാൽ, ഈ സംഭവത്തിനു പിന്നാലെ സന്നദ്ധ സേനയുടെയും മറ്റ് സന്നദ്ധ പ്രവർത്തകരുടെയും ഫോൺ നമ്പറുകൾ ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകളും പുറത്തുവന്നു. തങ്ങൾ എൻ.ഐ.ടിയിലെ വിദ്യാർഥികളാണെന്നും രക്തം നൽകാൻ എത്തുന്നതിന് ചെറിയ യാത്രചെലവ് വേണമെന്നും അറിയിച്ചാണ് ചിലർ പണം ആവശ്യപ്പെട്ടത്.

സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളും വിശ്വാസ്യതയും മറയാക്കിയാണ് തട്ടിപ്പിന് ശ്രമിക്കുന്നത്. ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടത്തി നഷ്ടപ്പെട്ട പണം തിരികെ ലഭ്യമാക്കിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. രക്തദാനത്തിന്റെ പേരിൽ ബന്ധപ്പെടുന്ന അപരിചിതർക്ക് യാത്ര ചെലവെന്നോ മറ്റ് ആവശ്യങ്ങളെന്നോ പറഞ്ഞ് മുൻകൂറായി പണം കൈമാറരുതെന്ന് സന്നദ്ധ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. രക്തം ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ അംഗീകൃത രക്തബാങ്കുകൾ, ആശുപത്രികൾ, വിശ്വസനീയമായ സന്നദ്ധ സംഘടനകൾ എന്നിവ മുഖേന വിവരങ്ങൾ ഉറപ്പുവരുത്തണം. സംശയാസ്പദമായ ഫോൺ വിളികളോ പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളോ ലഭിച്ചാൽ ബന്ധപ്പെട്ട സംഘടനകളുമായി നേരിട്ട് സ്ഥിരീകരിക്കുകയും തട്ടിപ്പിന് ഇരയായാൽ പൊലീസിൽ പരാതി നൽകുകയും വേണം. ജീവൻ രക്ഷിക്കാനുള്ള സന്മനസ്സിനെ ചൂഷണം ചെയ്യുന്ന ഇത്തരം സംഘങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സന്നദ്ധ പ്രവർത്തകർ അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fraudsters Cheat People Using Fake Blood Donation Offers
Next Story