Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദാരിദ്ര്യരേഖയിൽ താഴെയുള്ളവർക്ക് സൗജന്യ ഹൃദയപരിശോധന; മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി കെ. മുരളീധരൻ

text_fields
bookmark_border
k muraleedharan
cancel

തിരുവനന്തപുരം: ദാരിദ്ര്യരേഖയിൽ താഴെയുള്ളവർക്ക് ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ എഎംസിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഫലപ്രദമായ ഹൃദയ പരിശോധന സാധാരണക്കാർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇ.സി.ജിയിലും മറ്റും കൃത്യമായ ഫലം കിട്ടാൻ പ്രയാസമുണ്ടായേക്കാം. ഹ്യദയാഘാതം വേഗത്തിൽ തിരിച്ചറിയുന്ന ട്രോപ്പ് ടി പരിശോധന ബി.പി.എൽ വിഭാഗത്തിന് സൗജന്യമാക്കും. എല്ലാവർക്കും സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം സർക്കാറിനുണ്ട്. സ്വകാര്യ ആശുപത്രികൾ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകൾ പലപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യമാണ്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കും. സമീപ പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടന്നാൽ തീർച്ചയായും അതിൽ പങ്കെടുക്കണം.

രോഗം നേരത്തെ തിരിച്ചറിയുന്നത് ഏറെ പ്രധാനമാണ്. മരുന്നുകളുടെ ലഭ്യത സർക്കാർ ഉറപ്പാക്കും. മരുന്നിന്റെ പേരിൽ കമീഷൻ വാങ്ങാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യമുള്ള കേരളത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യം. കഴിക്കുന്ന ഭക്ഷണവും ശ്വസിക്കുന്ന വായുവും ശുദ്ധമായിരിക്കണം. നന്നായി ഭക്ഷണം കഴിക്കുന്നതിനൊപ്പം കൃത്യമായ വ്യായാമത്തിനും സമയം കണ്ടെത്തണം. ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തിയാൽ രോഗം തടയാനാകും. അമിത മദ്യപാനം, പുകവലി തുടങ്ങിയവ രോഗങ്ങൾ ക്ഷണിച്ചുവരുത്തും. ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ജനങ്ങൾ ഏറ്റെടുത്തതായും അദ്ദേഹം അറിയിച്ചു.

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ ജി. വേണുഗോപാൽ, ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഹൃദ്രോഗ വിഭാഗം തലവൻ ഡോ. കെ.കെ. നാരായണൻ നമ്പൂതിരി, മെഡിക്കൽ സൂപ്രണ്ട് ഡോ. എച്ച്.വി. ഈശ്വർ, നഴ്സിങ് സൂപ്രണ്ട് ഒ. നിർമല, ഡോ. അരുൺ ഗോപാലകൃഷ്ണൻ, ഡോ. ദീപ എസ്. കുമാർ, കെ.കെ. ശ്രീനാഥ്, വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മരുന്ന് ക്ഷാമമില്ല -മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും 18 ഇനം മരുന്നുകളുടെ ലഭ്യതക്കുറവാണുള്ളതെന്നും ഒരാഴ്ചക്കുള്ളിൽ ഇത് പരിഹരിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. എല്ലാ മരുന്നും എല്ലാ കാലത്തും സ്റ്റോക്ക് ഉണ്ടാകണമെന്നില്ല. മരുന്ന് വാങ്ങി 2500 കോടി കടമുണ്ടാക്കിവെച്ചവരാണ് ഇപ്പോൾ സർക്കാറിനെ വിമർശിക്കാൻ വരുന്നതെന്ന് പ്രതിപക്ഷ വിമർശനത്തെ സൂചിപ്പിച്ച് മന്ത്രി പറഞ്ഞു.

ഒഴാഴ്ചക്കകം 18 ഇനം മരുന്നുകളുടെ കുറവ് പരിഹരിക്കാൻ കെ.എം.ആർ.സി.എല്ലിന് നിർദേശം നൽകിയിട്ടുണ്ട്. പത്ത് വർഷമായി അഴിമതി കാണിച്ച ചില മരുന്ന് കമ്പനിക്കാരുണ്ട്. ചില മരുന്ന് കമ്പനികളും ചില ഡോക്ടർമാരും ചില ഐ.എ.എസുകാരുമായി പാമ്പൻ പാലത്തേക്കാൾ ദൃഢമായ ബന്ധമുണ്ട്. അത് അനുവദിക്കുകയില്ലെന്നും അത്തരം കമ്പനികളിൽ നിന്ന് മരുന്ന് വാങ്ങുന്ന പ്രശ്നമില്ലെന്നും മന്ത്രി പറഞ്ഞു. ‘‘ഞാൻ ഈ കസേരയിൽ ഇരിക്കുമ്പോൾ ഇത്തരം തട്ടിപ്പുകൾ അനുവദിക്കില്ല. മുമ്പ് പലർക്കും പല കമീഷനും കൊടുത്തിട്ടുണ്ട്. കമീഷൻ വാങ്ങി ജീവിക്കേണ്ട ഗതികേട് എനിക്കില്ല. ഞാൻ ജോലി ചെയ്യുന്നതിന് സർക്കാർ എനിക്ക് ശമ്പളം തരുന്നുണ്ട്. അതിൽ കൂടുതൽ ഒരു പൈസ പോലും ഈ സർക്കാറിൽ ആർക്കും ആവശ്യമില്ല. ഈ മരുന്ന് കമ്പനിക്കാരാണ് ക്ഷാമം എന്ന് പറഞ്ഞ് പ്രചാരണം നടത്തുന്നത്’’ -മന്ത്രി വ്യക്തമാക്കി. അത്തരം കമ്പനികളിൽനിന്ന് വാങ്ങിയ പല മരുന്നുകൾക്കും ഗുണനിലവാരമില്ല. അത് സർക്കാർ പരിശോധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് നന്നാക്കിയിട്ടേ താൻ ഇറങ്ങൂവെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി മുരളീധരൻ പറഞ്ഞു.

‘ഡയറക്ടറുടെ ശബ്ദ സന്ദേശം ശരി; പിൻവലിക്കേണ്ടിയിരുന്നില്ല’

മാധ്യമങ്ങളോട് പ്രതികരിക്കുന്നത് സംബന്ധിച്ച് ആരോഗ്യ ഡയറക്ടർ നൽകിയ ശബ്ദസന്ദേശം ചട്ടമാണെന്നും അത് പിൻവലിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ. മാധ്യമങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഡി.എം.ഒമാരോടോ ആരോഗ്യ ഡയറക്ടറോടോ ചോദിക്കുക. ഇതിനൊക്കെ ചില പ്രോട്ടോകോളുകളുണ്ട്. ആശുപത്രി പ്രവർത്തനം നടത്തികൊണ്ടിരിക്കുമ്പോൾ ഏതെല്ലാം മരുന്നില്ല എന്ന് ചോദിച്ചാൽ അവർക്ക് പറയാൻ ബുദ്ധിമുട്ടുണ്ട്. മരുന്നിന്‍റെ വിവരങ്ങൾ ഡി.എം.ഒയിൽ നിന്നും വെബ്സൈറ്റിൽ നിന്നും ലഭിക്കും. അതിൽ കൂടുതലൊന്നും വകുപ്പിന് പറയാനില്ലെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Free cardiac check-ups for those below the poverty line -Minister K. Muraleedharan
Next Story