'സമര രംഗത്തുള്ളവരെ വെട്ടിമാറ്റി'; താമരശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി നിർണയത്തിൽ ഫ്രഷ്‍കട്ട് കമ്പനിക്ക് സ്വാധീനമെന്ന്, ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ്
text_fieldsതാമരശ്ശേരി: താമരശ്ശേരി മേഖലയിലെ യു.ഡി.എഫ് സ്ഥാനാർഥി നിർണയത്തിൽ ഫ്രഷ്‍കട്ട് കമ്പനിക്ക് സ്വാധീനമുണ്ടെന്നും ഇതിനു ചുക്കാൻപിടിക്കുന്നത് കെ.പി.സി.സി അംഗമായ പി.സി. ഹബീബ് തമ്പിയാണെന്നുമുള്ള ഗുരുതര ആരോപണവുമായി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി.കെ.എ. കബീർ.
ഫ്രഷ്‍കട്ടിനെതിരെ രംഗത്തുള്ള പ്രദേശിക കോൺഗ്രസ് നേതാക്കളെ സ്ഥാനാർഥി ലിസ്റ്റിൽനിന്ന് വെട്ടിമാറ്റി തദ്ദേശ സ്ഥാപനങ്ങളിൽ കമ്പനിക്ക് അനുകൂല നിലപാടുകൾ സ്വീകരിക്കാനുള്ള സാഹചര്യമൊരുക്കാനാണ് നീക്കമെന്നാണ് കബീറിന്റെ ആരോപണം.
കട്ടിപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിജു കണ്ണന്തറ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കെ.പി.സി.സി അംഗവുമായ എ. അരവിന്ദൻ തുടങ്ങിയവരും, ഫ്രഷ്‍കട്ടിനെതിരെ ശക്തമായ നിലപാടെടുത്ത വനിത നേതാക്കൾ അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരും പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടു.
ഫ്രഷ്‍കട്ട് കമ്പനിക്ക് താൽപര്യമില്ലാത്തവരെ മത്സരരംഗത്തുനിന്നുപോലും മാറ്റിനിർത്താൻ സാധിക്കുന്ന തരത്തിൽ യു.ഡി.എഫ് മുന്നണിയിൽ കമ്പനി ഉടമകൾക്ക് സ്വാധീനമുള്ള സ്ഥിതിയാണിപ്പോഴുള്ളതെന്നും ഇതിനു പിന്നിൽ ഹബീബ് തമ്പിയുടെ സാമ്പത്തിക താൽപര്യങ്ങളാണെന്നുമാണ് കബീറിന്റെ ആരോപണം.
ഫ്രഷ്‍കട്ടിൽ പങ്കാളിയായിരുന്നു എന്ന് തുറന്നുപറയുകയും തെറ്റ് ഏറ്റുപറയുകയും ചെയ്ത പി.സി. ഹബീബ് തമ്പി ഫ്രഷ്‍കട്ടിനെതിരായി താമരശ്ശേരിയിൽ സംഘടിപ്പിച്ച മഹാറാലിയിൽനിന്ന് വിട്ടുനിന്ന് കമ്പനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും കബീർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

