ആ കുഞ്ഞിന്റെ വാക്കുകൾ വെറുതെയായില്ല; റുവാനിക്ക് വീടൊരുങ്ങി, വാക്ക് പാലിച്ച് മുഖ്യമന്ത്രി
text_fieldsമുഖ്യമന്ത്രി വി.ഡി. സതീശൻ റുവാനിക്കും കുടുംബത്തിനും ‘സ്നേഹവീട്’ കൈമാറിയപ്പോൾ
തിരുവനന്തപുരം: ‘രാത്രിയില്‍ മഴ പെയ്താല്‍ ഉറങ്ങാനാകുന്നില്ല... അതുകൊണ്ടു പ്രിയ മുഖ്യമന്ത്രി അങ്കിളേ... ഞങ്ങള്‍ക്ക് പുതിയ വീടുവച്ചു തരുമോ... അതില്‍ ഞങ്ങളുറങ്ങാം... ഞാന്‍ വലുതാകുമ്പോള്‍ പൈസ തരാം...’ -കഴിഞ്ഞ ജൂണിൽ റുവാനി എന്ന കുട്ടി പങ്കുവെച്ച ഈ വിഡിയോ വെറുതെയായില്ല. അവളുടെ ആഗ്രഹം ഇന്ന് യാഥാർഥ്യമായി. മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ ‘സ്നേഹവീട്’ റുവാനിക്കും കുടുംബത്തിനും കൈമാറി.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി റുവാനിയുടെ മാതാവ് പ്രിയങ്കയെ ഫോണില്‍ വിളിക്കുകയും വീട് നിർമിച്ചു നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. വിഴിഞ്ഞം മുല്ലൂര്‍ സര്‍ക്കാര്‍ കെ.വി എല്‍.പി.എസിലെ വിദ്യാർഥിനിയാണ് റുവാനി.
മുഖ്യമന്ത്രി റുവാനിക്ക് ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് കൊട്ടാരക്കര ആസ്ഥാനമായുള്ള എം.ജി.എം ഗ്രൂപ്പ് ചെയര്മാന് ഡോ. ഗീവര്‍ഗീസ് യോഹന്നാന് വീട് നിർമിക്കാനുള്ള സന്നദ്ധത അറിയിച്ചത്. മൂന്ന് മാസം കൊണ്ടാണ് വീട് പൂര്‍ത്തീകരിച്ചത്.
മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന വിദ്യാമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി റുവാനിയുടെ തുടര്‍വിദ്യാഭ്യാസത്തിനുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്ന് എം.ജി.എം ഗ്രൂപ്പ് ചെയര്മാന് ഡോ. ഗീവര്‍ഗീസ് യോഹന്നാന് അറിയിച്ചു. എം.ജി.എം സ്കൂളില്‍ തുടര്‍പഠനത്തിനുള്ള സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ചേംമ്പറില്‍ നടന്ന ചടങ്ങില്‍ എം. വിന്‍സെന്റ് എം.എൽ.എ, എം.ജി.എം ചെയര്മാന് ഡോ. ഗീവര്‍ഗീസ് യോഹന്നാന്, ജൈനമ്മ യോഹന്നാന്, എം.ജി.എം സി.ഒ.ഒ ആല്‍ഫ മേരി വര്‍ഗീസ്, എം.ജി.എം അഡ്മിന് മാനേജര്‍ ആര്. സുനില്‍ കുമാര്‍, എം.ജി.എം ടെക്നിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ അഹിനസ്, എം.ജി.എം പബ്ലിക് റിലേഷന്‍ ഓഫിസര്‍ ഒ.കെ. രവിശങ്കര്‍, ജാനകി ബില്‍ഡേഴ്സ് പ്രതിനിധികള്‍, റുവാനിയുടെ മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

