ഇന്ധന സെസ്: ഡീസൽ നികുതിയിൽ 3.21 ശതമാനത്തിന്റെ ഇടിവ്
text_fieldsതിരുവനന്തപുരം: ക്ഷേമ പെൻഷന് വക കണ്ടെത്തുന്നതിനായി ഇന്ധന സെസ് ഏർപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ഡീസൽ നികുതിയിൽ 3.21 ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് കണക്കുകൾ. മുമ്പ് കേരളത്തെ ആശ്രയിച്ചിരുന്ന ചരക്ക് ലോറികളടക്കം സെസിൽനിന്ന് ഒഴിവാകാൻ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഡീസൽ നിറയ്ക്കുന്നതാണ് ഇതിന് കാരണം. രണ്ട് രൂപ സെസ് വന്നതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന ഡീസൽ വില കേരളത്തിലാണ്. മൂന്ന് മുതൽ ആറുരൂപ വരെയാണ് വിലയിലെ വ്യത്യാസം.
കേരളത്തെ സംബന്ധിച്ച് രണ്ട് രൂപ സെസ് നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, ഇന്ധന നികുതിയായി കിട്ടിയിരുന്ന വരവും കുറയുകയും ചെയ്തുവെന്നതാണ് ഫലത്തിൽ സംഭവിച്ചത്. 2024-25 സാമ്പത്തിക വർഷം ഡീസലിൽ നിന്നുള്ള ആകെ നികുതി വരവ് 3971.94 കോടി രൂപയാണ്. തൊട്ടു മുൻ വർഷം (2023-24) ഇത് 4103.86 കോടിയായിരുന്നു.
അതായത് ഇന്ധനസെസ് ഏർപ്പെടുത്തിയ ശേഷം സംസ്ഥാനത്തിന് ഡീസലിൽനിന്ന് ലഭിക്കേണ്ട നികുതിയിനത്തിൽ 131.92 കോടി രൂപയാണ് കുറഞ്ഞത്. നികുതിയിലെ ഇടിവ് എന്തുകൊണ്ടെന്ന് കണ്ടെത്താൻ വകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ടെന്നും സെസ് മൂലമല്ല ഡീസൽ വിൽപനയും നികുതിയും കുറഞ്ഞതെന്നുമാണ് സർക്കാർ വിശദീകരണം. ഇക്കാലയളവിൽ പെട്രോൽ ഇനത്തിലെ വരവ് വർധിച്ചിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
2023-ലെ ബജറ്റിലാണ് ലിറ്റർ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം ഇന്ധന സെസ് ഏർപ്പെടുത്തിയത്. ഈ ഇനത്തിൽ 2023-24 വർഷം 954.32 കോടിയും. 2024-25 വർഷം ജനുവരി 31-വരെ 797.19 കോടിയുമാണ് ഖജനാവിലെത്തിയത്. ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ 900 കോടിയാണ് വേണ്ടത്. ഒരു വർഷം വേണ്ടത് ആകെ 10800 കോടിയും. ഇന്ധന സെസിലൂടെ വർഷം ഖജനാവിലെത്തുന്ന തുക ഒന്നിനും തികയുന്നില്ലെന്നതാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
അതേ സമയം പെൻഷൻ നൽകുന്നതിനാൽ സർക്കാർ രൂപവത്കരിച്ച പെൻഷൻ കമ്പനിയും കടത്തിലാണ്. പെൻഷൻ വിതരണത്തിനായി ഇതുവരെ എടുത്ത വായ്പയിൽ 13547 കോടി ഇനി തിരിച്ചയ്ടക്കാനുണ്ട്. 6.85 ശതമാനം മുതൽ 10 ശതമാനം വരെ പലിശക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സഹകരണ കൺസോർട്യത്തിൽ നിന്നുമെടുത്ത വായ്പയാണ് തിരിച്ചയ്ടക്കാനുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.