അജിത് കുമാറിനെതിരെ തുടർനടപടി: സർക്കാർ അനുമതി തേടിയോയെന്ന് ഹൈകോടതി
text_fieldsഎംആർ അജിത് കുമാർ
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ എക്സൈസ് കമീഷണറും എ.ഡി.ജി.പിയുമായ എം.ആർ. അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതി തുടർനടപടിക്ക് ഉത്തരവിട്ടത് സർക്കാറിന്‍റെ മുൻകൂർ അനുമതി തേടിയ ശേഷമാണോയെന്ന് ഹൈകോടതി.
അഴിമതി നിരോധന നിയമ പ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ തുടർ നടപടി സ്വീകരിക്കും മുമ്പ് മുൻകൂർ അനുമതി തേടണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം ആരാഞ്ഞത്.ഇക്കാര്യത്തിൽ ബുധനാഴ്ച വിശദീകരണം നൽകാൻ സർക്കാറിനോട് കോടതി നിർദേശിച്ചു. ഇത് പരിശോധിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. കേസിൽ ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് തള്ളി തുടർ നടപടിക്ക് നിർദേശിച്ച തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരെ അജിത്കുമാർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നെയ്യാറ്റിൻകര പി. നാഗരാജിന്റെ പരാതിയിലാണ് വിജിലൻസ് കോടതി തുടർ നടപടിക്ക് ഉത്തരവിട്ടത്. എം.എൽ.എ ആയിരുന്ന പി.വി. അൻവർ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ്, ആരോപണത്തിൽ കഴമ്പില്ലെന്നാണ് റിപ്പോർട്ട് നൽകിയതെന്ന് ഹരജിക്കാരന്‍റെ അഭിഭാഷകൻ അറിയിച്ചു. അന്വേഷണം നടത്തിയത് സംസ്ഥാന പൊലീസ് മേധാവിയാണോയെന്ന കോടതിയുടെ ചോദ്യത്തിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെന്നായിരുന്നു മറുപടി. ഉന്നത ഉദ്യോഗസ്ഥനെതിരെ കീഴുദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണം എങ്ങിനെ ശരിയാകുമെന്ന് കോടതി ചോദിച്ചു.
അതേസമയം, സർക്കാറിന്‍റെ മുൻകൂർ അനുമതിയോടെ മാത്രമേ വിജിലൻസിന്‍റെ പ്രാഥമികാന്വേഷണം പോലും നടത്താനാകുവെന്ന് കോടതി പറഞ്ഞു. ആരോപണം എത്ര ഗുരതരമായാലും നിയമപരമായ നടപടി മാത്രമേ സ്വീകരിക്കാനാവൂ. സർക്കാർ അനുമതി തേടാൻ പരാതിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു വിജിലൻസ് കോടതി ചെയ്യേണ്ടിയിരുന്നത്. കേസിൽ കക്ഷി ചേരാനുള്ള പരാതിക്കാരന്‍റെ അപേക്ഷയും കോടതി പരിഗണിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.