ഓപറേഷൻ സിന്ദൂറിനെതിരായ വിമർശനം: പിടിയിലായ മാധ്യമപ്രവർത്തകനെതിരെ കൂടുതൽ അന്വേഷണം
text_fieldsകൊച്ചി: ‘ഓപറേഷന് സിന്ദൂറി’നെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് നാഗ്പൂരിൽ അറസ്റ്റിലായ എളമക്കര സ്വദേശിയായ മാധ്യമപ്രവർത്തകൻ റിജാസിനെക്കുറിച്ച് മഹാരാഷ്ട്ര പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി റിജാസിന്റെ എളമക്കരയിലെ വീട്ടില്‍ മഹാരാഷ്ട്ര പൊലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും സംയുക്ത പരിശോധന നടന്നു. കേരള പൊലീസിന്റെ സഹകരണത്തോടെ കഴിഞ്ഞദിവസം രാത്രി നടന്ന പരിശോധനയിൽ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.
വീട്ടില്‍നിന്ന് പെന്‍ഡ്രൈവുകളും ഫോണും പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കാൾ മാർക്സിന്റെ പുസ്തകവും ക്രിട്ടിസൈസിങ് ബ്രാഹ്മണിസം എന്ന പുസ്തകവും ഇതിലുണ്ട്. ഇയാൾക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളും പരിശോധിക്കുന്നുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീരികളുടെ വീടുകൾ തകർക്കുന്നതിനെതിരെ കഴിഞ്ഞ 29ന് റിജാസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധ പരിപാടി നടത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും ഇയാളുടെ സൗഹൃദബന്ധങ്ങളും സംഘടനാ ബന്ധങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
റിജാസിനെയും സുഹൃത്തിനെയും കഴിഞ്ഞ ദിവസമാണ് നാഗ്പൂരിൽ അറസ്റ്റ് ചെയ്തത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചെങ്കിലും റിജാസ് നിലവിൽ കസ്റ്റഡിയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.