ഒറ്റക്ക് ഓട്ടോയിൽ കയറി വലിയചുടുകാട്ടിലെത്തി ജി. സുധാകരൻ; രക്തസാക്ഷി മണ്ഡപത്തിൽ അഭിവാദ്യം അർപ്പിച്ചു
text_fieldsആലപ്പുഴ: കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ പ്രമുഖനും കേരളഘടകം സ്ഥാപക സെക്രട്ടറിയുമായ പി. കൃഷ്‌ണപിള്ളയുടെ 77–ാം ചരമവാർഷികത്തിൽ മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന് ക്ഷണമില്ല. മുൻവർഷങ്ങളിൽ അനുസ്മരണ പരിപാടിയുടെ ഉദ്ഘാടകനായി നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം വലിയചുടുകാട്ടിൽ എത്താറുണ്ടായിരുന്ന സുധാകരൻ, ഇത്തവണ ഒറ്റക്ക് ഓട്ടോയിൽ വന്ന് രക്തസാക്ഷി മണ്ഡപത്തിൽ ഒറ്റയ്ക്ക് തന്നെ അഭിവാദ്യം അർപ്പിച്ചു മടങ്ങി.

സി.പി.എമ്മും സി.പി.ഐയും സംയുക്തമായി നടത്തിയ അനുസ്‌മരണ സമ്മേളനം ഇത്തവണ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമാണ് ഉദ്‌ഘാടനംചെയ്തത്. സി.പി.ഐ ജില്ലാ സെക്രട്ടറി എസ്. സോളമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ സ്വാഗതം പറഞ്ഞു. രാവിലെ ഏഴിന് ആലപ്പുഴ തിരുവമ്പാടി ജങ്‌ഷനിൽനിന്ന് അനുസ്‌മരണറാലി ആരംഭിച്ചു. എട്ടിന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി.

സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി ചന്ദ്രബാബു, കെ. പ്രസാദ്, കൺട്രോൾ കമീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ.എം. ആരിഫ്, പി.പി. ചിത്തരഞ്‌ജൻ, എച്ച്. സലാം, സി.പി.ഐ ദേശീയ കൗൺസിൽ അംഗം മന്ത്രി പി. പ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി.ജെ ആഞ്ചലോസ്, പി.വി സത്യനേശൻ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോൻ എന്നിവർ സംസാരിച്ചു.

കണ്ണർകാട് പി കൃഷ്‌ണപിള്ള സ്‌മൃതിമണ്ഡപത്തിൽ രാവിലെ ഒമ്പതിന് പുഷ്‌പാർച്ചന നടത്തി. തുടർന്ന് അനുസ്‌മരണ സമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്തു. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് കെ.ബി ബിമൽറോയ് അധ്യക്ഷത വഹിച്ചു. സി.പി.ഐ കേന്ദ്രകമ്മിറ്റി അംഗം കെ പി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.