ചുരത്തിൽ വീണ്ടും അപകടം; ഗ്യാസ് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
text_fieldsചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞ ലോറി
വൈത്തിരി: വയനാട് ചുരത്തിൽ അപകടം തുടർക്കഥയാവുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടടുത്ത് കർണാടകയിൽനിന്ന് പാചകവാതക സിലിണ്ടറുകളുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു.
ഒമ്പതാം വളവിൽവെച്ചാണ് ലോറി 40 അടിയോളം താഴേക്ക് പതിച്ചത്. മരത്തിൽ തട്ടിനിന്നതിനാൽ വൻ അപകടം ഒഴിവായി. തലക്ക് പരിക്കേറ്റ കർണാടക സ്വദേശിയായ ഡ്രൈവർ രവികുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലും തുടർന്ന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ ലോറിയും സിലിണ്ടറുകളും മാറ്റാൻ നടപടികളാരംഭിച്ചു.
ഇതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒന്നാം വളവിനുസമീപം പിക്അപ് ലോറി റോഡിൽ മറിഞ്ഞ് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ ഏഴാം വളവിൽ കർണാടകയുടെ വോൾവോ ബസ് സുരക്ഷാഭിത്തി തകർത്ത് റോഡിന് പുറത്തേക്ക് ചാടി നിന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാഹനാപകടങ്ങൾ കൊണ്ടും ബ്രേക് ഡൗണും കാരണം ചുരത്തിൽ ഗതാഗതതടസ്സം നിത്യസംഭവമാകുകയാണ്.
മണിക്കൂറുകളാണ് ചുരത്തിലൂടെ സഞ്ചരിക്കുന്നവർക്ക് നഷ്ടമാകുന്നത്. റോഡിലെ തടസ്സങ്ങൾക്ക് പരിഹാരമായി നിർദേശിക്കപ്പെട്ട ചിപ്പിലിത്തോടെ-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡിന്റെ പണി ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.