റാപ്പർ വേടന് പിന്തുണയുമായി മാർ കൂറിലോസ്; ‘കറുപ്പിന്‍റെ രാഷ്ട്രീയത്തോടും ലഹരിക്കെതിരെയുമാണ് തന്‍റെ നിലപാട്’
text_fieldsആലപ്പുഴ: റാപ്പർ വേടന് പിന്തുണയുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ്. വേടന്‍റെ കറുപ്പിന്‍റെ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയുമാണ് തന്‍റെ നിലപാടെന്ന് മാർ കൂറിലോസ് വ്യക്തമാക്കി.
ആര് ലഹരി ഉപയോഗിച്ചാലും അതിനെ നിയമത്തിന്‍റെ വഴിയെ കൊണ്ടു പോകേണ്ടതുണ്ട്. ഈ വിഷയത്തിൽ നിയമം നിയമത്തിന്‍റെ വഴിയേ തന്നെ പോകണം. രാജ്യമൊട്ടാകെ അംബേദ്കറും കേരളത്തിൽ അയ്യൻകാളിയും മുന്നോട്ടുവെച്ച വലിയ സമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിപ്ലവത്തിന്‍റെ പാട്ടുകളാണ് അദ്ദേഹം പാടിയിട്ടുള്ളത്.
അതാണ് വേടന്‍റെ രാഷ്ട്രീയം. അത് മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മാർ കൂറിലോസ്, ആവേശത്തോടെ ഏറ്റെടുക്കേണ്ട രാഷ്ട്രീയമാണെന്നും ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച വൈറ്റില കണിയാമ്പുഴക്ക് സമീപത്തെ സ്വാസ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഉൾപ്പെടെ ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്നാണ് ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും 11 മൊബൈൽ ഫോണും പിടിച്ചെടുത്തത്. വേടനും സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചെന്ന് സമ്മതിച്ചതായി പൊലീസ് പറയുന്നു.
പുലിപ്പല്ലുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കാനായി റാപ്പർ വേടനെ ഇന്ന് രണ്ടു ദിവസം വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ കോടതി വിട്ടിരുന്നു. റാപ്പർ വേടന്‍റെ മാലയിലുള്ളത് യഥാർഥ പുലിപ്പല്ലാണെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിൽ പരിപാടി നടത്തിയപ്പോൾ മലേഷ്യൻ പ്രവാസിയായ രഞ്ജിത്ത് കുമ്പിടിയാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്ന് വേടൻ മൊഴി നൽകിയിട്ടുണ്ട്.
ആദ്യം തായ്ലൻഡിൽ നിന്നും എത്തിച്ച പുലിപ്പല്ലാണെന്നായിരുന്നു മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തിരുന്നു. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ മൂന്നു മുതൽ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.