28നും 29നും പൊതു പണിമുടക്ക്
text_fieldsതിരുവനന്തപുരം: തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ അവകാശപത്രിക ഉടൻ അംഗീകരിക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂനിയൻ സംയുക്ത സമിതി പ്രഖ്യാപിച്ച ദ്വിദിന പണിമുടക്ക് മാർച്ച് 28, 29 തീയതികളിൽ നടക്കും. 28ന് രാവിലെ ആറു മുതൽ മാർച്ച് 30ന് രാവിലെ ആറു വരെയാണ് പണിമുടക്ക്.
ദേശീയതലത്തിൽ ബി.എം.എസ് ഒഴികെ 20 ഓളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. കേരളത്തിൽ 22 തൊഴിലാളി സംഘടനകൾ പണിമുടക്കിൽ അണിനിരക്കുമെന്ന് സംയുക്തസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അവശ്യ സർവിസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. ജനങ്ങൾ ട്രെയിൻ യാത്ര ഒഴിവാക്കണം. മോട്ടോർ മേഖലയിലെ തൊഴിലാളികൾ പണിമുടക്കുന്നതിനാൽ വാഹനങ്ങൾ ഓടില്ല. സ്വകാര്യ വാഹനങ്ങളും പണിമുടക്കിൽ സഹകരിക്കും. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവർ പണിമുടക്കുന്നതിനാൽ കട-കമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കും.
കർഷക-കർഷകത്തൊഴിലാളി സംഘടനകൾ, കേന്ദ്ര- സംസ്ഥാന സർവിസുകൾ, അധ്യാപക സംഘടനകൾ, ബി.എസ്.എൻ.എൽ., എൽ.ഐ.സി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ എന്നിവരും പണിമുടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.