ഗോവ യാത്ര മുടങ്ങി; കോളജ് വിദ്യാർഥികളുടെ പരാതിയിൽ 1.25 ലക്ഷം രൂപ നൽകാൻ ഉപഭോക്തൃ കമീഷൻ വിധി
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: ബംഗളൂരു-ഗോവ പഠനയാത്ര റദ്ദായതിനെത്തുടർന്ന് വിദ്യാർഥികളിൽനിന്ന് മുൻകൂറായി കൈപ്പറ്റിയ തുക തിരികെ നൽകാതിരുന്ന ടൂർ ഓപറേറ്റർ 1.25 ലക്ഷം രൂപ നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ. തേവര സേക്രഡ് ഹാർട്ട് കോളജ് വിദ്യാർഥി ഹെലോയിസ് മാനുവൽ എറണാകുളം കലൂരിലെ ബി.എം ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
ബി.എസ്സി ഫിസിക്സ് വിദ്യാർഥിയായ പരാതിക്കാരനും 37 സഹപാഠികളും മൂന്ന് അധ്യാപകരും 2023 ഫെബ്രുവരി 22 മുതൽ 26 വരെ ഗോവയിലേക്കും ദണ്ഡേലിയിലേക്കും പഠനയാത്ര പോകാൻ എതിർകക്ഷിയെ സമീപിച്ചു. ആകെ യാത്രാചെലവ് 2,07,000 രൂപയായിരുന്നു. അധ്യാപകർക്ക് സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരൻ ഒരുലക്ഷം രൂപ ടൂർ ഓപറേറ്റർമാരുടെ അക്കൗണ്ടിലേക്ക് അഡ്വാൻസായി കൈമാറി.
എന്നാൽ, റെയിൽവേ ട്രെയിനുകൾ റദ്ദാക്കിയതിനെത്തുടർന്ന് യാത്ര മുടങ്ങി. ബദൽ ടിക്കറ്റുകൾ ലഭ്യമല്ലാത്തതിനാൽ ടൂർ പൂർണമായും റദ്ദാക്കേണ്ടിവന്നു. അഡ്വാൻസ് തുക 2023 ജൂണിൽ തിരികെ നൽകാമെന്ന് ടൂർ ഓപറേറ്റർമാർ സമ്മതിച്ചിരുന്നുവെങ്കിലും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർഥി, കമീഷനെ സമീപിച്ചത്.
യാത്രാതടസ്സം ഉണ്ടായപ്പോൾ പണം ഉടൻ തിരികെ നൽകുക എന്നതായിരുന്നു പ്രാഥമിക നിയമപരമായ ബാധ്യതയെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. അഡ്വാൻസ് വാങ്ങിയ ഒരുലക്ഷവും നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളിൽ 25,000 രൂപയും 45 ദിവസത്തിനകം നൽകണമെന്നാണ് ഉത്തരവ്. പരാതിക്കാരന് വേണ്ടി അഡ്വ. എം.ജെ. ജോൺസൺ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

