ടർഫിൽ ഫുട്ബാൾ മത്സരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗോൾകീപ്പർ മരിച്ചു
text_fieldsകാളികാവ്: ഫുട്ബാൾ മത്സരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോൾകീപ്പർ മരിച്ചു. കാളികാവ് പള്ളിക്കുന്നിലെ ചെമ്മലപ്പുറവൻ ഇസ്മായിൽ (52) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഏഴോടെയാണ് കളിക്കിടയിൽ ഇസ്മായിലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പഴയകാല ഗോൾകീപ്പറായ ഇസ്മായിൽ ഫ്രൻഡ്സ് കാളികാവ്, കെ.എഫ്.സി കാളികാവ് തുടങ്ങിയ ടീമുകളുടെ ഗോൾവല കാത്തിട്ടുണ്ട്. പ്രാദേശിക ടൂർണമെന്റായ പള്ളിക്കുന്ന് പ്രീമിയർ ലീഗ് മത്സരത്തിനിടയിലാണ് ശാരീരിക പ്രയാസമുണ്ടായത്. സൗദി അറേബ്യയിലെ ദമ്മാമിൽനിന്ന് ഒരാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.
ഭാര്യ: ഇൽമുന്നീസ. പിതാവ്: ഹംസ. മാതാവ്: നഫീസ. മക്കൾ: റാനിയ, ഷിമ റോസ്. മരുമകൻ: ഫാസിൽ (എടവണ്ണ). സഹോദരങ്ങൾ: സത്താർ, ഷാജി, ഹാരിസ്, ആബിദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഉദരംപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.