തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വരെ ക്ഷേമപദ്ധതികളും ഉത്തരവുകളുമായി സർക്കാർ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വരെ ക്ഷേമ, ആനുകൂല്യ പ്രഖ്യാപനങ്ങളും ഉത്തരവുകളും ഇറക്കി സർക്കാർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, അംഗമായി മുൻ മന്ത്രി അഡ്വ. കെ രാജു എന്നിവരെ നിയമിച്ചുള്ള വിജ്ഞാപനം ഇറക്കിയതും തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിനത്തിൽ തന്നെ.
നഗരങ്ങളിലെ വീടുകളിൽ ടാപ്പുകൾ വഴി കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിടുന്ന ‘അമൃത് 2.0’ പദ്ധതിയിൽ 66.32 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് തിങ്കളാഴ്ച രാവിലെ പത്തരയോടെ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രഖ്യാപിച്ചത്. ഒക്ടോബർ 27ന് ചീഫ് സെക്രട്ടറി ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന അമൃത് സ്റ്റേറ്റ് ഹൈപവേർഡ് സ്റ്റിയറിങ് കമ്മിറ്റി യോഗ തീരുമാനം എന്ന രീതിയിലാണ് പ്രഖ്യാപനം.
കര്‍ഷകരെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ടുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അഗ്രിനെക്സ്റ്റ് പദ്ധതിയാണ് ഇന്നലെ പ്രഖ്യാപിച്ച മറ്റൊന്ന്. രാവിലെ 11 മണിയോടെ മുഖ്യമന്ത്രി ഫേസ് ബുക്ക് പേജിലൂടെ നടത്തിയ പ്രഖ്യാപനം മാധ്യമങ്ങൾക്കും ലഭ്യമാക്കി. സഹകരണ വകുപ്പിന് കീഴിലുള്ള കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജ്യുക്കേഷന്‍ (കേപ്) കീഴിലുള്ള ജീവനക്കാർക്ക് ഡി.എ വർധന അനുവദിക്കാനുള്ള പ്രഖ്യാപനവും ഇന്നലെയായിരുന്നു.
ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 രൂപയാക്കൽ, സർക്കാർ ജീവനക്കാർക്ക് ഡി.എ/ ഡി.ആർ കുടിശിക അനുവദിക്കൽ, വീട്ടമ്മമാർക്ക് 1000 രൂപയുടെ സ്ത്രീ സുരക്ഷ പെൻഷൻ, യുവാക്കൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ്, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നാല് ശതമാനം ഡി.എ/ഡി.ആർ, ശമ്പള പരിഷ്കരണ കുടിശിക വിഹിതം, ആശാവർക്കർമാർ, അങ്കണവാടി വർക്കർ/ ഹെൽപർമാരുടെ ഓണറേറിയത്തിൽ വർധന തുടങ്ങിയവ ഒക്ടോബർ 29ന് നടന്ന മന്ത്രിസഭാ യോഗ തീരുമാനമായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിലൂടെ 1441.24 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകൽ, തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ അലൈൻമെന്റ് അംഗീകാരം നൽകൽ തുടങ്ങിയവയും തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ചു. പ്രഖ്യാപനങ്ങളെല്ലാം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സർക്കാറും ഇടതുമുന്നണിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

