കെ.എസ്.ആര്‍.ടി.സിക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സിയെ പരമാവധി സഹായിച്ചിട്ടുണ്ടെന്നും ഇനി ഒരു കാരണവശാലും സഹായം നൽകാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ. ജീവനക്കാർക്ക് പെൻഷൻ നൽകണമെന്നതുൾപ്പെടെയുള്ള സർക്കാർ നയങ്ങളാണ് തങ്ങളെ സാമ്പത്തിക ബാധ്യതയിൽ കുരുക്കിയിട്ടതെന്ന് കെ.എസ്.ആർ.ടി.സിയും. ഹൈകോടതിയിൽ വെവ്വേറെ നൽകിയ സത്യവാങ്മൂലങ്ങളിലാണ് പരസ്പരമുള്ള ഇൗ പഴിചാരൽ. പെൻഷൻ മുടങ്ങുന്നത് ചോദ്യംചെയ്ത് ട്രാൻസ്പോർട്ട് റിട്ടയേഡ് ഒാഫിസേഴ്സ് ഫോറം അടക്കം നൽകിയ ഹരജികളിലാണ് ഇരു ഭാഗത്തിെൻറയും വിശദീകരണം.
പൊതുമേഖല സ്ഥാപനമായ കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കിയതായി ഗതാഗത വകുപ്പ് അഡീഷനല്‍ സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സഹായിക്കാവുന്നതിെൻറ പരമാവധി ചെയ്തിട്ടുണ്ട്. ഇനി ഇത് തുടരാൻ കഴിയില്ല. സർക്കാറിന് നേരിട്ട് ബാധ്യതയില്ലെങ്കിൽപോലും പെന്ഷന് കാര്യത്തിലും കെ.എസ്.ആർ.ടി.സിയെ പരമാവധി സഹായിച്ചിട്ടുണ്ട്. പെന്ഷന് കൊടുക്കാന്‍ കെ.എസ്.ആർ.ടി.സിക്ക് നിയമപരമായ ബാധ്യതയില്ല. എന്നാൽ, 1984 മുതല്‍ പെൻഷൻ നൽകിവരുന്നുണ്ട്. ഇപ്പോൾ പെൻഷനും കുടിശ്ശികയും നൽകിയാൽ കെ.എസ്.ആർ.ടി.സിയുടെ നിലനിൽപും കാര്യക്ഷമവും സുരക്ഷിതവുമായ ഗതാഗത സേവനമെന്ന ലക്ഷ്യവും ഇല്ലാതാകുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാറിെൻറ നിര്‍ദേശ പ്രകാരമാണ് കേരള സർവിസ് റൂള്‍ പ്രകാരം വിരമിച്ചവര്‍ക്ക് പെന്ഷന് നല്‍കുന്നതെന്നും സര്‍ക്കാര്‍ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ വാദം. പെന്ഷന് മൂലമുണ്ടായ ബാധ്യതയുടെ ഉത്തരവാദിത്തവും സര്‍ക്കാറിനാണ്. സര്‍ക്കാറിെൻറ സാമൂഹിക ഉത്തരവാദിത്തം പൂര്ത്തീകരിക്കുന്നതിെൻറ ഭാഗമായി ലാഭകരമായ റൂട്ടുകളല്ലാത്ത ഉള്‍നാടുകളിലേക്കും മറ്റും സർവിസ് നടത്തേണ്ടിവരുന്നതിനാൽ വലിയ നഷ്ടമുണ്ടാകുന്നുണ്ട്. ലാഭകരമാണോയെന്നുപോലും പരിശോധിക്കാതെ രാഷ്ട്രീയ സമ്മർദംമൂലം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന റൂട്ടുകളിലും ബസ് ഒാടിക്കാറുണ്ട്. കോര്‍പറേഷെൻറ സാമൂഹിക ഉത്തരവാദിത്തവും യാത്രാനിരക്കും നിയന്ത്രിക്കുന്നത് സര്‍ക്കാറാണ്. വിഷമവൃത്തത്തില്‍നിന്ന് പുറത്തുകടക്കാന്‍ സര്‍ക്കാറിെൻറ വലിയ സഹായം അനിവാര്യമാണ്. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റലും വായ്പ തിരിച്ചടവും സാമ്പത്തിക ബാധ്യത തീര്‍ക്കലും ഒരുമിച്ച് നടക്കില്ല. അതിനാൽ, കടം തിരിച്ചടക്കുന്നതുവരെ പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. ചാര്‍ജ് വര്‍ധിപ്പിച്ചും വരുമാനം വര്‍ധിപ്പിക്കാം. സര്‍ക്കാറിന് മാത്രമേ കോര്‍പറേഷനെ രക്ഷിക്കാനാകൂ എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും ഗുണമുണ്ടായില്ലെന്ന് സർക്കാർ
സർക്കാറിന് സാധിക്കാവുന്ന എല്ലാ സഹായങ്ങളും ചെയ്തിട്ടും കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാനായില്ലെന്ന് സർക്കാർ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.ദൈനംദിന ചെലവുകള്‍ക്കുപുറമെ പെന്‍ഷന്‍ നല്‍കാനുള്ള തുക കണ്ടെത്താന്‍ കെ.എസ്.ആർ.ടി.സിക്ക് കഴിയാറില്ല. ബാധ്യത വീട്ടാന്‍ കടമെടുത്ത് വലിയ സാമ്പത്തിക ബാധ്യതയിലാണ് ഇപ്പോൾ. കെ.എസ്.ആർ.ടി.സിയുടെ വരവും ചെലവും തമ്മിെല അന്തരം 140 കോടിയാണ്. മുന്‍ വായ്പകളുടെ തിരിച്ചടവിനായി 88 കോടിയാണ് പ്രതിമാസം വേണ്ടത്. ജീവനക്കാരുടെ ശമ്പളംപോലും സമയത്തിന് നല്‍കാന്‍ കഴിയുന്നില്ല.
2015 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സഹായത്തോടെയാണ് പെന്‍ഷന്‍ നല്‍കുന്നത്. പെൻഷൻ നൽകാൻ 30 കോടിയാണ് പ്രതിമാസം സര്‍ക്കാര്‍ നല്‍കുന്നത്. വിവിധ വിഭാഗങ്ങള്‍ക്ക് യാത്രയിളവ് അനുവദിക്കുന്നതും കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയുണ്ടാക്കുന്നു. പദ്ധതിയിതര വിഹിതമായി 200 കോടി വകയിരുത്തിയെങ്കിലും പെന്‍ഷനും ശമ്പളവും നല്‍കിയതിനാല്‍ കാര്യമായൊന്നും ബാക്കിയില്ല. സെപ്റ്റംബറിലെ ശമ്പളത്തിനായി 100 കോടിയാണ് അനുവദിച്ചത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്.
രാജ്യത്തെ ഒരു റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും സ്വന്തം വരുമാനത്തിെൻറ വിഹിതം ജീവനക്കാര്‍ക്ക് പെന്‍ഷനായി നൽകുന്നില്ല. പെൻഷൻ നൽകാത്തതിനെതിരെ നൽകിയ ഹരജികളിൽ ജീവനക്കാർക്ക് അനുകൂലമായുണ്ടായ കോടതി വിധികൾ നടപ്പാക്കാൻ ഒരുങ്ങിയാൽ കോർപറേഷെൻറ ദൈനംദിന പ്രവർത്തനങ്ങൾ വരെ നിലക്കുന്ന അവസ്ഥയാണുള്ളത്. പ്രതിസന്ധി മറികടക്കാന്‍ നടത്തുന്ന വായ്പ പുനഃസംഘടന പരിപാടി ഫലം ചെയ്യുമെന്നാണ് കരുതുന്നത്. ജില്ല സഹകരണ ബാങ്കുകളില്‍നിന്ന് 140 കോടി രൂപ വായ്പ എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതായും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
കെ.എസ്.ആർ.ടി.സിയുടെ പ്രതിമാസ നഷ്ടം 170 കോടി
െകാച്ചി: മാസം തോറും 170 കോടി രൂപ നഷ്ടത്തിലാണ് സർവിസ് നടത്തിക്കൊണ്ടുപോകുന്നതെന്ന് കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. പെന്‍ഷന്‍ അടക്കം ചെലവ് 345 കോടിയാണ്. വരുമാനം 175 കോടിയും. 191 കോടിയും പ്രവര്‍ത്തന ചെലവാണ്. പെന്‍ഷന് 60 കോടിയും ശമ്പളത്തിന് 85.5 കോടിയുമാണ് ചെലവാകുന്നത്. പെന്‍ഷന്‍ നല്‍കാന്‍ വേണ്ട വിഭവങ്ങളോ കരുതൽ ധനമോ കെ.എസ്.ആർ.ടി.സിയുടെ പക്കലില്ല.സര്‍ക്കാറാണ് വരുമാനവും ചെലവും നിയന്ത്രിക്കുന്നത്. വിവിധ മേഖലകളിലുള്ളവർക്ക് യാത്രയിളവ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ്. ഇത് കോര്‍പറേഷെൻറ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നു. ബാധ്യത നേരിടാന്‍ വായ്പയെടുത്തതും അതിലും വലിയ സാമ്പത്തിക ബാധ്യതക്ക് കാരണമായി.
സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിയത് പരിഗണിക്കുേമ്പാൾ സർക്കാറിൽനിന്ന് സാമ്പത്തിക സഹായം മാത്രം മതിയാവില്ല. ഇന്ധനവിലയും സ്‌പെയര്‍പാര്‍ട്‌സ് വിലയും നിരന്തരം വര്‍ധിച്ചിട്ടും ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കെ.എസ്.ആർ.ടി.സിക്ക് സ്വാതന്ത്ര്യമില്ല. ജീവനക്കാരുടെ ക്ഷാമബത്തയും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ വര്‍ധിപ്പിക്കുന്നത് സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. പെന്‍ഷന്‍ ബാധ്യത ശിക്ഷ പോലെയാണ്. സര്‍ക്കാര്‍ നിരക്കിലാണ് മുന്‍ ജീവനക്കാര്‍ക്ക് കോര്‍പറേഷന്‍ പെന്‍ഷന്‍ നല്‍കുന്നത്. ഇൗ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ കോര്‍പറേഷനെ സഹായിക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.