നിപ ബാധിച്ച് കോമയിലായ നഴ്സിന് സർക്കാർ ധനസഹായം
text_fieldsകോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ രോഗീപരിചരണത്തിനിടെ നിപ പിടിപെടുകയും പിന്നീട് നിപ എൻസഫലൈറ്റിസ് ബാധിച്ച് കോമയിലാവുകയും ചെയ്ത കർണാടക സ്വദേശിയായ നഴ്സ് ടിറ്റോ തോമസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 17 ലക്ഷം രൂപ സഹായധനം അനുവദിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. നിപ എൻസഫലൈറ്റിസ് പിടിപെട്ട് കോമയിലായ ടിറ്റോയുടെ നിസ്സഹായാവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
ടിറ്റോയെ വിദഗ്ധ ചികിത്സക്കായി കേരളത്തിന് പുറത്തേക്ക് കൊണ്ടുപോവുന്നതിനാവശ്യമായ സാമ്പത്തിക സഹായം വേണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. സർക്കാർ തങ്ങളുടെ ആവശ്യം പരിഗണിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ, 17 ലക്ഷം രൂപകൊണ്ട് കേരളത്തിന് പുറത്ത് ടിറ്റോക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ കഴിയില്ലെന്നും ടിറ്റോയുടെ സഹോദരൻ ഷിജോ തോമസ് പറഞ്ഞു. നിലവിൽ ടിറ്റോയുടെ ചികിത്സ ഇഖ്റ മാനേജ്മെന്റ് ഏറ്റെടുത്തിരിക്കുകയാണ്. ഭീമമായ തുക ആശുപത്രി അധികൃതർ ഇതിനായി ചെലവഴിച്ചു.
2023 ആഗസ്റ്റ് 30ന് നിപ ബാധിച്ച് ഇഖ്റ ആശുപത്രിയിൽ മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയിൽ നിന്നാണ് ടിറ്റോക്ക് നിപ ബാധിച്ചതെന്നാണ് അനുമാനം.
മംഗളൂരു മർദാല സ്വദേശിയായ ടിറ്റോ രോഗം പിടിപെടുന്നതിന് എട്ടുമാസം മുമ്പാണ് ആശുപത്രിയിൽ നഴ്സായി എത്തിയത്. കടുത്ത പനിയുമായി ആശുപത്രിയിൽ എത്തിയ മുഹമ്മദലിയെ പരിചരിച്ച ടിറ്റോയെ പിന്നീട് നിപ പിടികൂടി. രോഗമുക്തി നേടി ടിറ്റോ വീണ്ടും ജോലിയിൽ പ്രവേശിച്ചെങ്കിലും ഡിസംബറിൽ ശക്തമായ തലവേദന അനുഭവപ്പെടുകയും തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരമാവുകയുമായിരുന്നു. പരിശോധയിൽ നിപ എൻസഫലൈറ്റിസ് സ്ഥിരീകരിച്ചു. ചികിത്സ തുടരുന്നതിനിടെ കോമയിലായി. ടിറ്റോയെ പരിചരിക്കാനായി ജോലി ഉപേക്ഷിച്ച് ആശുപത്രിയിൽ കൂട്ടിരിക്കുകയായിരുന്നു ഏക സഹോദരൻ ഷിജോ തോമസ്. മൂന്നുമാസം മുമ്പാണ് ഷിജോ ജോലിക്ക് പോയിത്തുടങ്ങിയത്. ഇപ്പോൾ അമ്മ ലിസി എന്ന ഏലിയാമ്മയും അച്ഛൻ ടി.സി തോമസുമാണ് ഇഖ്റ ആശുപത്രിയിൽ ടിറ്റോക്ക് കൂട്ടിരിക്കുന്നത്.
ഭക്ഷണത്തിന്റെ ചെലവ് മാത്രമാണ് കുടുംബം വഹിക്കുന്നത്.നേരത്തെ സ്വന്തമായി ശ്വാസം എടുക്കാൻ പോലും ടിറ്റോക്ക് കഴിയുമായിരുന്നില്ല. എന്നാൽ, ഇപ്പോൾ സ്വന്തമായി ശ്വാസം എടുക്കാൻ കഴിയും. ഒന്നര വർഷത്തിലധികമായി ചലനമറ്റ് കിടപ്പാണെങ്കിലും ടിറ്റോ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് മതാപിതാക്കളും സഹോദരനും. ചികിത്സയും പരിചരണവും ഏറ്റെടുത്ത ആശുപത്രി മാനേജ്മെന്റിനോട് വാക്കുകൾക്കതീതമായ നന്ദിയുണ്ടെന്ന് ഷിജോ തോമസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.