ഓപറേഷൻ അരിക്കൊമ്പൻ: റേഡിയോ കോളർ എത്തിക്കാൻ അനുമതി
text_fieldsതൊടുപുഴ: അരിക്കൊമ്പനെ ഇടുക്കിയിൽനിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായി തുടരുകയും പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധം മുറുകുകയും ചെയ്യുന്നതിനിടെ ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി വനം വകുപ്പ്.
ആനക്ക് ഘടിപ്പിക്കാനുള്ള സാറ്റ്ലൈറ്റ് റേഡിയോ കോളർ അസമിൽനിന്ന് കൊണ്ടുവരാൻ ചൊവ്വാഴ്ച അനുമതി ലഭിച്ചു. ഇതോടെ, റേഡിയോ കോളർ കൊണ്ടുവരാനുള്ള പ്രധാന തടസ്സം നീങ്ങി. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കെയാണ് നടപടികളുമായി വനം വകുപ്പ് മുന്നോട്ടുപോകുന്നത്.
ജി.എസ്.എം റേഡിയോ കോളറാണ് സംസ്ഥാന വനം വകുപ്പിനുള്ളത്. പറമ്പിക്കുളത്ത് പ്രവർത്തനക്ഷമമായ സാറ്റ്ലൈറ്റ് റേഡിയോ കോളറാണ് അരിക്കൊമ്പന് ഘടിപ്പിക്കേണ്ടത്. അസമിൽനിന്ന് ഇത് എത്താൻ വൈകുമെന്നും ഇതുമൂലം ആനയെ പിടികൂടാനുള്ള ദൗത്യം നീളുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, റേഡിയോ കോളർ കൊണ്ടുവരാൻ അസം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചതോടെ നടപടികൾ എളുപ്പമായി. റേഡിയോ കോളർ കൊണ്ടുവരാൻ സംസ്ഥാന വനം വകുപ്പ് ആളെ അയക്കും. കഴിവതും ബുധനാഴ്ച തന്നെ റേഡിയോ കോളർ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം, പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരായ ഹരജി ഹൈകോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്. പ്രശ്നങ്ങൾ വീണ്ടും പഠിക്കാനോ തൽക്കാലം മാറ്റിവെക്കാനോ കോടതി ആവശ്യപ്പെട്ടാൽ നടപടികൾ ഇനിയും നീളും. ദൗത്യസംഘവും കുങ്കിയാനകളും അടക്കമുള്ളവ ചിന്നക്കനാലിൽ തുടരുന്നത് വനം വകുപ്പിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. ഓപറേഷൻ എന്ന് തുടങ്ങാനാകുമെന്ന കാര്യത്തിൽ വനം വകുപ്പിന് ഇനിയും വ്യക്തതയില്ല.
ഇതിനിടയിലും ചിന്നക്കനാൽ മേഖലയിൽ അരിക്കൊമ്പൻ ആക്രമണം തുടരുകയാണ്. ചൊവ്വാഴ്ച സൂര്യനെല്ലിയിൽ ഒരു വീടുകൂടി തകർത്തു. എന്നാൽ, ആനക്ക് മദപ്പാടിന്‍റെ ലക്ഷണങ്ങൾ കുറഞ്ഞതായി വാച്ചർമാർ അറിയിച്ചു.
അരിക്കൊമ്പനെ എത്തിക്കാൻ ട്രയൽ റൺ: വാഴച്ചാലിൽ ജനരോഷം
അതിരപ്പിള്ളി: അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമിതി പ്രവർത്തകർ ചാലക്കുടി-ആനമല അന്തർസംസ്ഥാന പാത അഞ്ചര മണിക്കൂർ ഉപരോധിച്ചു. അരിക്കൊമ്പനെ വാഴച്ചാലിലൂടെയുള്ള കാനനപാത വഴി പറമ്പിക്കുളത്തെ മുതിരച്ചാലിൽ എത്തിക്കുന്നതിന്റെ ട്രയൽ റൺ നടത്താൻ ചൊവ്വാഴ്ച രാവിലെ എട്ടോടെ വനംവകുപ്പിന്റെ ലോറി കൊണ്ടുവന്നതാണ് ജനരോഷം ആളിക്കത്തിച്ചത്.
വിവരമറിഞ്ഞതോടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജനം സംഘടിച്ച് വാഴച്ചാൽ ചെക്ക്പോസ്റ്റിൽ ലോറി തടഞ്ഞിട്ടു. വാർഡ് അംഗം കെ.കെ. റിജേഷിന്റെയും വാഴച്ചാൽ ഊരുമൂപ്പത്തി ഗീതയുടെയും ആദിവാസികളുടെയും നേതൃത്വത്തിൽ ആനമല റോഡിൽ കുത്തിയിരുന്ന് സമരം ആരംഭിക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സമരക്കാർ തടഞ്ഞിട്ടു. വാഴച്ചാൽ ഡി.എഫ്.ഒ ആർ. ലക്ഷ്മി എത്തി സമരക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ജില്ല കലക്ടറുമായി ആശയവിനിമയം നടത്തി വാഹനം തിരിച്ചയക്കുമെന്ന് തഹസിൽദാർ ഉറപ്പുനൽകിയതോടെയാണ് 1.30ന് സമരം അവസാനിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.