സർക്കാർ ഓഫിസ് പ്രവൃത്തി ദിനം അഞ്ചാക്കാൻ ആലോചന; സർവിസ് സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു
text_fieldsസർക്കാർ ഓഫിസ്
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫിസുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കാൻ ആലോചന. ഞായറിന് പുറമേ ശനിയാഴ്ച കൂടി അവധി നൽകി, പകരം അഞ്ച് ദിവസത്തെ പ്രവൃത്തി സമയം കൂട്ടാനാണ് നീക്കം. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സർക്കാർ സർവിസ് സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു. പൊതുഭരണ സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 11ന് ഉച്ചക്കുശേഷം മൂന്നിന് സെക്രട്ടറിയേറ്റ് ദർബാർ ഹാളിലാണ് യോഗം.
ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ടിന്‍റെയും ശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ടിന്‍റെയും ചുവടുപിടിച്ചാണ് ആഴ്ചയിൽ രണ്ട് ദിവസം ഓഫിസുകൾക്ക് അവധി നൽകുന്നതിനെക്കുറിച്ച ആലോചന സജീവമാക്കുന്നത്. മുമ്പും സമാന ആലോചനകളുണ്ടായെങ്കിലും ചില നിബന്ധനകളിൽ തട്ടി ചർച്ച വഴിമുട്ടുകയും നീക്കം ഉപേക്ഷിക്കുകയുമായിരുന്നു. മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കും വിധമായിരുന്നു അന്നത്തെ ചർച്ച. ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയുമെന്ന ഉപാധി വെച്ചതോടെയാണ് സർവിസ് സംഘടനകളുടെ എതിർപ്പുണ്ടായത്. ഇതിൽനിന്ന് വ്യത്യസ്തമായി മാസത്തിലെ എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശിപാർശ. ഇക്കാര്യത്തിൽ സർവിസ് സംഘടനകൾ നിലപാട് സ്വീകരിച്ചിട്ടില്ല. സർക്കാർ ശിപാർശ എങ്ങിനെയാകുമെന്നതിൽ സംഘടനകൾക്കും അവ്യക്തതയുണ്ട്.
ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ പൂർണമായി ഓൺലൈനാകുന്ന സാഹചര്യത്തിൽ ഓഫിസ് സന്ദർശനം അനിവാര്യമല്ലെന്ന് ഇത്തരം ആലോചനകളെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഏഴ് മണിക്കൂറാണ് നിലവിൽ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം. നഗരങ്ങളിൽ 10.15 മുതൽ വൈകീട്ട് 5.15 വരെയും മറ്റിടങ്ങളിൽ 10 മുതൽ അഞ്ചുവരെയും. പ്രവൃത്തി ദിവസങ്ങളിൽ കാലത്തും വൈകീട്ടുമായി പ്രവൃത്തി സമയം ഒന്നര മണിക്കൂർ കൂടി ദീർഘിപ്പിച്ചാൽ ഏഴര മണിക്കൂർ ലഭിക്കും. ശനിയാഴ്ചയിലെ അവധിക്ക് ഇത് പകരമാവുകയും ചെയ്യും. അങ്ങനെയെങ്കിൽ നിലവിൽ 10.15ന് തുടങ്ങുന്ന ഓഫിസുകൾ 9.15നോ 9.30നോ ആരംഭിക്കണം. വൈകുന്നേരം 5.15 എന്നത് 5.30 അല്ലെങ്കിൽ 5.45 ആക്കി മാറ്റേണ്ടിവരും. സംസ്ഥാനത്തെ സ്കൂൾ സമയമടക്കം നിരവധി ഘടകങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കണം.
സർക്കാർ വാഹനങ്ങളുടെ ഓട്ടം, ഓഫിസ് ചെലവുകൾ, വൈദ്യുതി ഉപയോഗം, വെള്ളം എന്നീ കാര്യങ്ങൾ ലാഭിക്കാമെന്നതാണ് സർക്കാറിന് മുന്നിലുള്ളത്. അതേസമയം ശമ്പളപരിഷ്കരണ കമീഷൻ, ക്ഷാമബത്ത വിഷയങ്ങളിലെ അസ്വസ്ഥകൾ മറികടക്കാനുള്ള പൊടിക്കൈ ആണോ പുതിയ ചർച്ചകളെന്ന സംശയവും ഒരു വിഭാഗം മുന്നോട്ടുവെക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.