എയ്ഡഡ് അധ്യാപക നിയമനത്തിന് അംഗീകാരം നൽകാതിരിക്കൽ; സർക്കാർ വിശദീകരണംതേടി
text_fieldsകൊച്ചി: ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ എയ്ഡഡ് മേഖലയിലെ മറ്റ് അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകാത്തത് ചോദ്യംചെയ്യുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണംതേടി. വിവിധ എയ്ഡഡ് സ്കൂൾ മാനേജർമാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഇടപെടൽ.
യോഗ്യരായ ഭിന്നശേഷിക്കാരുടെ അഭാവത്തിൽ മറ്റ് അധ്യാപക/അനധ്യാപക നിയമനത്തിന് അംഗീകാരം നൽകാമെന്ന് എൻ.എസ്.എസ് നൽകിയ ഹരജിയിൽ സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾക്കും ഇത് ബാധകമാക്കിയിരുന്നു. എന്നാൽ, വ്യക്തിഗത മാനേജ്മെന്റുകളുടെ ഉടമസ്ഥതയിലുള്ള സ്കൂളുകളിൽ ഇപ്പോഴും ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച ഒഴിവുകൾ നികത്താത്തതിന്റെ പേരിൽ മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നില്ലെന്നാണ് ഹരജിക്കാരുടെ ആരോപണം.
സുപ്രീംകോടതി ഉത്തരവ് തങ്ങൾക്കും ബാധകമാണെന്നും ഇവർ വാദിക്കുന്നു.
ഹരജിക്കാരും സുപ്രീംകോടതിയിൽ കക്ഷിചേർന്നിട്ടുണ്ട്. ഇതിനിടയിൽ താൽക്കാലിക നിയമനം നടത്താൻ നിർദേശിച്ച് സർക്കാർ സർക്കുലറും ഉത്തരവും പുറപ്പെടുവിച്ചു. ഇത് റദ്ദാക്കി സ്ഥിരംനിയമനത്തിന് അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.