770 കോടി പിടിച്ചെടുത്ത് സർക്കാർ; കത്ത് നൽകി ജല അതോറിറ്റി എം.ഡി
text_fieldsതിരുവനന്തപുരം: ട്രഷറി അക്കൗണ്ടിൽനിന്ന് സർക്കാർ തിരിച്ചുപിടിച്ച 770 കോടി രൂപ കൈമാറാത്തതുമൂലം ജല അതോറിറ്റിയിൽ കടുത്ത പ്രതിസന്ധി. സ്ഥാനപത്തിന്റെ അടിയന്തര ചെലവുകൾക്ക് വിനിയോഗിക്കാൻ ലക്ഷ്യമിട്ട തുകയാണ് സാമ്പത്തിക വർഷാവസാനം ട്രഷറിയിൽ നിന്നും സർക്കാർ തിരിച്ചുപിടിച്ചത്.
ഇത്തരത്തിൽ തിരിച്ചെടുക്കുന്ന തുക പുതിയ സാമ്പത്തിക വർഷം തുടങ്ങി ഒരാഴ്ചക്കകം അക്കൗണ്ടിൽ തിരികെ നൽകാറുണ്ട്. എന്നാൽ ജല അതോറിറ്റിക്കുള്ള തുക ഇനിയും കൈമാറിയിട്ടില്ല. ഇതേത്തുടർന്നുള്ള പ്രതിസന്ധി ചൂണ്ടിക്കാട്ടി ജല വിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് മാനേജിങ് ഡയറക്ടർ കത്ത് നൽകി. സർക്കാർ ‘പിടിച്ചെടുത്ത’ 770 കോടി രൂപയിൽ 719 കോടി പൊതുടാപ്പുകൾ വഴി ജലവിതരണം നടത്തിയതിന് തദ്ദേശസ്ഥാപനങ്ങൾ വഴി ലഭിച്ചതാണ്.
പദ്ധതികൾക്കുള്ള എം.എൽ.എ ഫണ്ടുമായി ബന്ധപ്പെട്ട 5.85 കോടിയും ഡെപ്പോസിറ്റ് വർക്ക് ഇനത്തിലുള്ള 45.22 കോടിയും ഈ കൂട്ടത്തിലുണ്ട്. സർക്കാറിന്റെ നിലവിലെ സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ തിരിച്ചെടുത്ത തുക എന്ന് മടക്കി ലഭിക്കുമെന്നതിൽ മാനേജ്മെന്റിന് ആശങ്കയുണ്ട്.
പ്രതിമാസ ശമ്പളം, പെൻഷൻ, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ, ജി.പി.എഫ് വിതരണം, ശമ്പള പരിഷ്കരണ കുടിശ്ശിക, മെഡിക്കൽ ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ളവക്ക് വിനിയോഗിക്കാൻ ലക്ഷ്യമിട്ട തുകയാണിത്. പ്രതിമാസ വൈദ്യുതി ചാർജ്, കരാറുകാർക്കുള്ള തുക, അറ്റകുറ്റപ്പണി ചെലവുകൾ, മുൻകാലങ്ങളിൽ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനായി കടമെടുത്ത ഫണ്ടുകളുടെ തിരിച്ചടവ് ബാധ്യത തുടങ്ങിയ ബാധ്യതകളും മുന്നിലുണ്ടെന്നും സ്ഥാപനത്തിന്റെ വരുമാനത്തിലുള്ള ആകെ കുടിശ്ശിക 1397.41 കോടി രൂപയാണെന്നും എം.ഡി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പെൻഷൻ ആനുകൂല്യങ്ങൾ തദ്ദേശവകുപ്പിൽ നിന്നുള്ള പണം കിട്ടിയാൽ കൊടുത്തുതീർക്കാമെന്നും അതിനുശേഷം പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയെക്കുറിച്ച് ആലോചിക്കാമെന്നും പെൻഷൻകാർക്ക് എം.ഡി ഉറപ്പുനൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇതിനൊന്നും സാധിക്കാത്ത സ്ഥിതിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.