ഒടുവിൽ ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ; ആദ്യയോഗം 30ന്, അഞ്ച് സംഘടനകളെ ക്ഷണിച്ചു
text_fieldsഫയൽ
തിരുവനന്തപുരം: ആശ വർക്കർമാരുടെ പ്രശ്നം പഠിക്കാൻ തീരുമാനിച്ച് സർക്കാർ. പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ രൂപവത്കരിച്ച കമ്മിറ്റി യൂനിയനുകളെ കേൾക്കുന്നതിന് ജൂൺ 30ന് ആദ്യയോഗം വിളിച്ചു.
സെക്രട്ടേറിയറ്റിലെ മെയിൻ ബ്ലോക്കിലെ സൗത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 മുതൽ ആരംഭിക്കുന്ന യോഗത്തിൽ അഞ്ച് സംഘടനകളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഓരോ യൂനിയനിലെയും പരമാവധി മൂന്നുപേർക്ക് ഹാജരായി സംസാരിക്കാമെന്നും അതിൽ രണ്ടുപേർ നിർബന്ധമായും ആശ വർക്കർമാരായിരിക്കണമെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ആശ വർക്കർമാരുടെ സംയുക്ത ട്രേഡ് യൂനിയനുകൾ ഉന്നയിക്കുന്ന വിവിധ വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഏപ്രിൽ മൂന്നിന് നടന്ന ചർച്ചയിലാണ് കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചത്.
മേയ് 12ന് വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ച് ഉത്തരവിറങ്ങിയെങ്കിലും ഒന്നര മാസത്തോളമാകുമ്പോഴാണ് ആദ്യ യോഗം നടക്കുന്നത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (കെ.എ.എച്ച്.ഡബ്ല്യു.എ), കേരള സ്റ്റേറ്റ് ആശ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു), ഓൾ കേരള പ്രദേശ് ആശ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി), ആശ വർക്കേഴ്സ് ഫെഡറേഷൻ (എസ്.ടി.യു), ഓൾ ഇന്ത്യ ട്രേഡ് യൂനിയൻ കോൺഗ്രസ് (എ.ഐ.ടി.യു.സി) എന്നീ സംഘടനകളെയാണ് 30ന് നടക്കുന്ന മീറ്റിങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ആശ വർക്കേഴ്സ് ഫെഡറേഷൻ ഒഴികെയുള്ള സംഘടനകൾക്ക് മുക്കാൽ മണിക്കൂറും എസ്.ടി.യുവിന്റെ ആശ വർക്കേഴ്സ് ഫെഡറേഷന് ഒന്നേകാൽ മണിക്കൂറുമാണ് അനുവദിച്ചിരിക്കുന്നത്. അതത് സംഘടനകൾക്ക് അനുവദിച്ച സമയത്തിന് അര മണിക്കൂർ മുമ്പ് ബന്ധപ്പെട്ട യൂനിയൻ പ്രതിനിധികൾ റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യമുൾപ്പെടെ ആവശ്യങ്ങൾ നിരത്തിയാണ് കഴിഞ്ഞ 134 ദിവസമായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശമാർ സെക്രട്ടേറിയറ്റിനുമുന്നിൽ സമരം നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.