സർക്കാറിനെതിരെ കേസ് നടത്താൻ സർവകലാശാലകളിൽനിന്ന് ഫീസ് ഈടാക്കി ഗവർണർ
text_fieldsതിരുവനന്തപുരം: താൽക്കാലിക വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ നടത്തിയ കേസുകൾക്ക് സര്‍വകലാശാലകളില്‍നിന്ന് ഫീസ് ഈടാക്കി ചാൻസലറായ ഗവര്‍ണര്‍. കേരള ഡിജിറ്റൽ, സാങ്കേതിക (കെ.ടി.യു) സര്‍വകലാശാലകളിലെ വി.സി നിയമന കേസുകളുടെ നടത്തിപ്പിനായി 11 ലക്ഷം രൂപയാണ് ഈടാക്കിയത്.
ഗവര്‍ണര്‍ക്കായി സുപ്രീംകോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ അഡ്വ. ആര്. വെങ്കിട്ടരമണി, അഭിഭാഷകന് ടി.ആര്. വെങ്കിട്ടസുബ്രമണ്യം എന്നിവര്‍ക്കുള്ള ഫീസാണ് ലോക്ഭവന് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന്, രണ്ട് സര്‍വകലാശാലകളും പകുതി തുക (അഞ്ചര ലക്ഷം രൂപ) വീതം അടക്കുകയായിരുന്നു.
ലോക്ഭവന് ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ നവംബറില്‍ അഞ്ചര ലക്ഷം രൂപ അനുവദിച്ചെന്ന് കെ.ടി.യു രജിസ്ട്രാര്‍ ചൊവ്വാഴ്ച സിന്‍ഡിക്കേറ്റിനു മുമ്പാകെ റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്. ഡിജിറ്റൽ സർവകലാശാലയും ലോക്ഭവന്റെ നിര്‍ദേശമനുസരിച്ച് തുക നല്കാൻ നിർബന്ധിതരായി.
ലോക്ഭവൻ നടത്തുന്ന കേസുകൾക്കുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അനുവദിക്കുന്നതാണ് രീതി. സർക്കാറിനെതിരെ നടത്തിയ കേസിനുള്ള ഫീസ് സർക്കാർ അനുവദിക്കുമോ എന്ന സാങ്കേതികത ഉയരുന്നത് കൂടി മുന്നിൽക്കണ്ടാണ് ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ സര്‍വകലാശാലകളില്‍നിന്നും വക്കീല്‍ ഫീസീടാക്കിയതെന്നാണ് സൂചന.
സര്‍ക്കാറുമായി കൂടിയാലോചിക്കാതെ, 2024ൽ കെ.ടി.യുവിൽ ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസാ തോമസിനെയും താല്‍ക്കാലിക വി.സിമാരായി ഗവര്‍ണര്‍ നിയമിച്ചതാണ് നിയമയുദ്ധത്തിന് വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

