മഞ്ഞുരുക്കം: രാജ്ഭവനിൽ നാളെ ഗവർണർ-മുഖ്യമന്ത്രി കൂടിക്കാഴ്ച
text_fieldsതിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സർക്കാർ-ഗവർണർ പോര് മുറുകവെ മഞ്ഞുരുക്കസാധ്യത ഉയർത്തി ഞായറാഴ്ച ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ചർച്ച. വൈകീട്ട് 3.30ന് രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തും. ഭാരതാംബ ചിത്രത്തിൽ തുടങ്ങി കേരള സർവകലാശാല വിഷയത്തിലൂടെ മുറുകിയ പോരിനിടെയാണ് രാജ്ഭവനിൽ നിർണായക ചർച്ച നടക്കുക.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കാലത്ത് രൂക്ഷമായ ഉന്നതവിദ്യാഭ്യാസ രംഗത്തെ ബലപരീക്ഷണം പുതിയ ഗവർണർ ചുമതലയേറ്റ് അധികം വൈകാതെ ശക്തിപ്രാപിക്കുകയായിരുന്നു. കേരള, സാങ്കേതിക സർവകലാശാല വി.സി നിയമനത്തിൽ ഗവർണറുടെ അപ്പീൽ ഹൈകോടതി ഡിവിഷൻ ബഞ്ച് തള്ളിയതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്. കേരള സർവകലാശാലയിൽ കഴിഞ്ഞ ആഴ്ചകളിലുണ്ടായ സംഭവങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയിൽ അസ്വസ്ഥത സൃഷ്ടിച്ചു.
സ്ഥിരം വി.സി നിയമനത്തിനുള്ള നടപടികൾ വേഗത്തിയാക്കാൻ ഗവർണറും സർക്കാറും ക്രിയാത്മകമായി ഇടപെടണമെന്ന് കോടതി നിർദേശിച്ചതിന്‍റെകൂടി അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച. സംസ്ഥാനത്തെ 14 സർകലാശാലകളിൽ 13ലും സ്ഥിരം വൈസ് ചാൻസലർമാരില്ലാത്ത ഗുരുതര പ്രതിസന്ധിയാണുള്ളത്. ഇതിനുള്ള പരിഹാര ഫോർമുല ഗവർണർ-മുഖ്യമന്ത്രി ചർച്ചയിൽ ഉരുത്തിരിഞ്ഞേക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.