നിലപാടിൽ അയവില്ല; യോഗദിനത്തിലും ഭാരതാംബക്ക് ഗവർണറുടെ പുഷ്പാർച്ചന
text_fieldsഅന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായി രാജ്ഭവനിൽ നടന്ന പരിപാടിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ കൈകൂപ്പുന്നു
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവര്‍ണര്‍-സര്‍ക്കാര്‍ പരസ്യപോരിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഗവര്‍ണറും രാജ്ഭവനും. ഔദ്യോഗിക പരിപാടികളില്‍നിന്ന് ഭാരതാംബയെ ഒഴിവാക്കേണ്ടതില്ലെന്ന ഗവർണറുടെ ഉറച്ച തീരുമാനം തന്നെയാണ് ശനിയാഴ്ച നടന്ന അന്താരാഷ്ട്ര യോഗദിന പരിപാടിയിലും കാണാനായത്.
ഭാതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും വിളക്കുകൊളുത്തലും നടത്തിയാണ് യോഗദിന പരിപാടികൾ രാജ്ഭവനിൽ ഗവർണർ ഉദ്ഘാടനം ചെയ്തത്. കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം രാജ്ഭവന് ഓഡിറ്റോറിയത്തില്‍ സ്ഥിരമായി ഉണ്ടാകുമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജൂൺ അഞ്ചിന് രാജ്ഭവനിൽ നടന്ന ലോക പരിസ്ഥിതിദിന പരിപാടികളാണ് വിവാദത്തിന് തിരികൊളുത്തിയത്. രാജ്ഭവൻ സെൻട്രൽ ഹാളിൽ സ്ഥാപിച്ച ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയശേഷമേ പരിസ്ഥിതിദിന പരിപാടിയിലേക്ക് കടക്കൂവെന്ന ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച് കൃഷിമന്ത്രി പി. പ്രസാദ് ചടങ്ങ് ബഹിഷ്കരിച്ചു. പിന്നീട് നടന്ന പുരസ്കാരദാന പരിപാടി മന്ത്രി വി. ശിവൻകുട്ടിയും ബഹിഷ്കരിച്ചു.
മുൻ ഗവർണർ ആരിഫ്മുഹമ്മദ് ഖാനുമായി ഇടഞ്ഞുനിന്ന സർക്കാർ പുതിയ ഗവർണറായി ആർലേക്കർ വന്നതോടെ അനുരജ്ഞന പാതയിലായിരുന്നു. മന്ത്രി വി. ശിവന്‍കുട്ടി വാക്കൗട്ട് നടത്തിയതിൽ പ്രോട്ടോകോള്‍ ലംഘനം നടന്നെന്നാണ് ഗവർണറുടെ നിലപാട്.
മന്ത്രിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗവർണർ അറിയിച്ചിരുന്നെങ്കിലും ശനിയാഴ്ച ഉണ്ടായില്ല. ഞായറാഴ്ച കൊച്ചിയിലേക്കുപോകുന്ന ഗവര്‍ണര്‍ തിങ്കളാഴ്ച കോട്ടയത്തെ പരിപാടിയും കഴിഞ്ഞേ മടങ്ങിയെത്തൂ. അതിനുശേഷമാകും പ്രോട്ടോകോള്‍ ലംഘനത്തിലെ തുടര്‍നടപടി ആലോചിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ശനിയാഴ്ച കൊച്ചിയിലേക്ക് പോയിരുന്നു.
മന്ത്രിയുടെ ചട്ടലംഘനത്തിനെതിരേ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ട് കാര്യമില്ലെന്നാണ് രാജ്ഭവന് നിഗമനം. ഇക്കാര്യം മുഖ്യമന്ത്രിയെ തന്നെയാകും അറിയിക്കുക. ഇത് കത്ത് വഴിയോ നേരിട്ടോ എന്ന കാര്യത്തില്‍ പിന്നീടാകും നിലപാട് സ്വീകരിക്കുക. അതേസമയം മന്ത്രി ശിവന്‍കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
മന്ത്രിയുടെ പ്രോട്ടോകോള്‍ ലംഘനം എന്നാല്‍, ഭരണഘടനപരമായ ചട്ടലംഘനമായി കരുതാന്‍ കഴിയില്ലെന്നാണ് നിയമവിഗദ്ധരുടെ ഉപദേശം. ഇതിനാല്‍ ചട്ടലംഘനവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ല. മന്ത്രിയുടെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് പ്രത്യേക കത്തെഴുതേണ്ടതില്ലെന്ന് ഗവര്‍ണര്‍ തീരുമാനിച്ചു. പ്രതിമാസ റിപ്പോര്‍ട്ടില്‍ മാത്രമാകും പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.