ഗോവിന്ദച്ചാമി വിയ്യൂർ അതിസുരക്ഷാ ജയിലിൽ
text_fieldsതൃശൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ തടവുചാടിയ ബലാത്സംഗ, കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ അതിസുരക്ഷാ ജയിലിൽ എത്തിച്ചു. ഇവിടത്തെ ഒറ്റയാൾ സെല്ലിലാകും പാർപ്പിക്കുക. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി കനത്ത സുരക്ഷയിൽ കണ്ണൂരിൽനിന്ന് ഗോവിന്ദച്ചാമിയെ റോഡുമാർഗം വിയ്യൂരിലെത്തിച്ചത്. അതിസുരക്ഷാ ജയിലിലെ ഉദ്യോഗസ്ഥർക്കു സമീപമുള്ള മുറിയിലാണ് പാർപ്പിച്ചിരിക്കുന്നതെന്ന് വിയ്യൂർ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
താഴത്തെ നിലയിൽതന്നെയാണ് ഈ മുറി. ഉദ്യോഗസ്ഥർ ഇയാളെ സദാ നിരീക്ഷിക്കും. പ്രതി 24 മണിക്കൂറും കാമറ നിരീക്ഷണത്തിലാകും. ഭക്ഷണമടക്കം സെല്ലിൽ എത്തിച്ചുനൽകും. 60 ഏകാന്ത സെല്ലുകളാണ് വിയ്യൂർ അതിസുരക്ഷാ ജയിലിലുള്ളത്. ഇതിലൊന്നിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഒഴിഞ്ഞുകിടന്ന പ്രത്യേക സെൽ നേരത്തേ സജ്ജമാക്കിയിരുന്നു. ജയിലുകളിൽ സുരക്ഷയും കർശനമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 7.15ന് കനത്ത സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെയും കൊണ്ടുള്ള പ്രത്യേക വാഹനം കണ്ണൂരിൽനിന്ന് പുറപ്പെട്ടത്.
ജയിൽമാറ്റത്തിനുള്ള നടപടിക്രമങ്ങൾ വെള്ളിയാഴ്ച രാത്രിതന്നെ പൂർത്തിയാക്കിയിരുന്നു. ജയിൽ ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ, നോർത്ത് സോൺ ഡി.ഐ.ജി വി. ജയകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ കണ്ണൂർ ജയിലിൽ നടന്ന യോഗത്തിലാണ് ജയിൽമാറ്റം തീരുമാനിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ പോരായ്മ കണക്കിലെടുത്താണ് ജയിൽ മാറ്റം. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
2011 നവംബർ 11 മുതലാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്. അതിനുമുമ്പ് തൃശൂർ ജില്ല ജയിലിലായിരുന്നു. വധശിക്ഷ വിധിച്ചശേഷമാണ് കണ്ണൂരിലേക്കു മാറ്റിയത്. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഗോവിന്ദച്ചാമിയെ മാറ്റിയതെന്തിനായിരുന്നു എന്ന ചോദ്യം നിലനിൽക്കെയാണ് ജയിൽച്ചാട്ടം. ജയിലുകളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.