നീണ്ട ആസൂത്രണം, വൻ സുരക്ഷ വീഴ്ച; ഇരുമ്പുവേലിയിൽ വൈദ്യുതി നിലച്ചിട്ട് മൂന്നു വർഷം
text_fieldsകണ്ണൂർ: അമ്പതിലേറെ ഉദ്യോഗസ്ഥർ ഒരേസമയം കാവൽനിൽക്കുന്ന, തലങ്ങും വിലങ്ങും കാമറകളുള്ള കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണ് സംസ്ഥാനത്തെ കൊടും കുറ്റവാളികളിൽ ഒരാളായ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ജയിലിലെ 10ാം ബ്ലോക്കിലെ സെല്ലിലെ അഴികൾ 10 മാസം നീണ്ട പ്രയത്നത്തിലാണ് ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചുമാറ്റിയത്.
അഴികൾ തുരുമ്പുപിടിക്കാൻ ഉപ്പുമിട്ടു, മുറിച്ച ഭാഗങ്ങൾ ആരും കാണാതിരിക്കാൻ തുണികൊണ്ട് മറച്ചുപിടിച്ചു. ഇങ്ങനെ, വ്യാഴാഴ്ച പുലർച്ച ദൗത്യം പൂർത്തിയാക്കി പുറത്തേക്ക് ചാടിയപ്പോൾ ഒരാൾപോലും അറിഞ്ഞില്ലെന്നത് തീർത്തും അവിശ്വസനീയം.
പുറത്തേക്ക് ചാടാനുള്ള പുതപ്പും തുണിയും സുരക്ഷാമതിലിൽ കയറാൻ ഡ്രമ്മും പഴയവാട്ടർ ടാങ്കും ബക്കറ്റുകളും എല്ലാം സംഘടിപ്പിച്ചപ്പോഴും ഉദ്യോഗസ്ഥരാരും അറിഞ്ഞിട്ടില്ല. ഗോവിന്ദച്ചാമിക്ക് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തോ അതോ ഇത്രയും നിസ്സാരമാണോ സെൻട്രൽ ജയിലിലെ സുരക്ഷയെന്നതാണ് ഉയരുന്ന ചോദ്യം. മയക്കുമരുന്ന് കേസിലെ പ്രതി അർഷാദ് പത്രം എടുക്കാനെന്ന വ്യാജേന രണ്ടുവർഷം മുമ്പാണ് ഇവിടെനിന്ന് രക്ഷപ്പെട്ടത്. ഏറെ പഴികേട്ട ഈ സംഭവത്തിനുശേഷമാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം.
നാൽപ്പതേക്കറിൽ പത്ത് ബ്ലോക്കുകളുള്ള കണ്ണൂർ സെൻട്രൽ ജയിൽ സംസ്ഥാനത്തുതന്നെ ഏറ്റവും കാവലുള്ള ജയിലുകളിൽ ഒന്നാണ്. ഏഴര മീറ്ററോളം ഉയരമുള്ള സുരക്ഷാമതിൽ ചാടിക്കടന്ന് ഒരുംകൊടും കുറ്റവാളി രക്ഷപ്പെട്ടത് ആഭ്യന്തരവകുപ്പിന് നാണക്കേടായി. അതിസുരക്ഷ ബ്ലോക്കിലാണ് ഗോവിന്ദച്ചാമി കഴിഞ്ഞിരുന്നത്. 68 സെല്ലുകളാണ് ഈ ബ്ലോക്കിലുള്ളത്. ഓരോ സെല്ലിലും ഒരു തടവുകാരൻ മാത്രം. ചിലപ്പോൾ സഹതടവുകാരുണ്ടാവും. ഇവരെ ഇടക്കിടെ മാറ്റും.
അതിസുരക്ഷാ ജയിലിൽ രാത്രി ഡ്യൂട്ടിക്ക് നാലുപേരുണ്ട്. ഓരോ അര മണിക്കൂറിലും സെല്ലിന് മുന്നിലെ ബോർഡിൽ വന്ന് ഡ്യൂട്ടിയിലുള്ള അസി. പ്രിസൺ ഓഫിസർമാർ ഒപ്പിടണം. ഇവർ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡെപ്യൂട്ടി പ്രിസൺ ഓഫിസമാർ വേറെയുണ്ട്. ജയിലിനുള്ളിലെ സെൻട്രൽ ടവറിൽ കാവലിനായി വേറെയും ആളുകൾ. സി.സി ടി.വി മാത്രം നിരീക്ഷിക്കാൻ രണ്ടുപേർ വേറെയുമുണ്ട്.
ഇവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് ഗോവിന്ദച്ചാമി പുറത്തിറങ്ങിയത്. ആദ്യം 10ാം ബ്ലോക്ക് മതിൽ ചാടിക്കടന്നു. ശേഷമാണ് ഏഴരമീറ്റർ നീളമുള്ള കൂറ്റൻ മതിലിൽ പുതപ്പുചുറ്റി ഘടിപ്പിക്കുന്നതും ചാടുന്നതും. ഈ മതിലിനു മുകളിലായാണ് ഒന്നരമീറ്റർ നീളത്തിൽ വൈദ്യുതവേലിയുള്ളത്. വേലിയിൽ വൈദ്യുതി നിലച്ചിട്ട് മൂന്നു വർഷമായി. വൈദ്യുതി കടത്തിവിടാനുള്ള പദ്ധതി റിപ്പോർട്ട് ജയിൽ വകുപ്പ് ആഭ്യന്തരവകുപ്പിന് നൽകിയിട്ട് നടപടികൾ വൈകുകയാണ്.
സെല്ലിന്റെ കമ്പി മുറിക്കാനുള്ള ഉപകരണം എവിടെനിന്ന് സംഘടിപ്പിച്ചുവെന്നതാണ് മറ്റൊരു സംശയം. രണ്ടാഴ്ചക്കിടെയെങ്കിലും താടിയും മുടിയും വെട്ടണമെന്ന നിർദേശവും ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ നടന്നിട്ടില്ല. താടി വളർത്തിയ ഗോവിന്ദച്ചാമിയെ ഒരാളും ശ്രദ്ധിച്ചതുമില്ല. പുതക്കാനും ഉണങ്ങാനിട്ടതുമായ തുണികളാവും ഇയാൾ കയറാക്കാൻ ഉപയോഗിച്ചത് എന്നാണ് നിഗമനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.