‘പി.ആർ വർക്കിലൂടെ നമ്മുടെ പാർട്ടിയെയും നേതാക്കന്മാരെയും മണ്ടന്മാർ ആക്കുകയാണ്...’; കോട്ടക്കലിൽ വി.ഡി. സതീശനെതിരെ പച്ചപ്പടയുടെ ഫ്ലക്സ്
text_fieldsകോട്ടക്കൽ: യു.ഡി.എഫിന്റെ മുഖ്യമന്ത്രി ആരാണെന്ന പ്രചരണം ശക്തമാകുന്നതിനിടെ കോട്ടക്കലിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. സതീശൻ ഇപ്പോൾ പി.ആർ വർക്കിലൂടെ നമ്മുടെ പാർട്ടിയെയും നേതാക്കന്മാരെയും മണ്ടന്മാർ ആക്കുകയാണെന്ന് പച്ചപ്പട മലപ്പുറം എന്ന ബാനറിൽ എഴുതിയ ഫ്ലക്സിൽ പറയുന്നു.
‘നേതാക്കളെ നിങ്ങളോടാണ്, ഉമ്മൻചാണ്ടിയെ പുറകിൽനിന്ന് കുത്തിയ സതീശൻ ഇപ്പോൾ പി.ആർ വർക്കിലൂടെ നമ്മുടെ പാർട്ടിയെയും നേതാക്കൻമാരെയും മണ്ടന്മാർ ആക്കുകയാണ്. ഇത് അനുവദിച്ചുകൊടുക്കരുത്’ -എന്നാണ് ഫ്ലക്സിലെ വാക്കുകൾ. കോട്ടക്കൽ മുനിസിപ്പൽ മുസ്ലീം ലീഗ് ഓഫിസിന് താഴെയാണ് ഫ്ലക്സ് സ്ഥാപിച്ചത്. പിന്നീട് ഇത് അഴിച്ചുമാറ്റി. കഴിഞ്ഞ ദിവസം സതീശൻ കോട്ടക്കൽ നഗരസഭ കാര്യാലയത്തിൽ എത്തിയിരുന്നു.
കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ചെയർപേഴ്സൺ കെ.കെ. നാസർ എന്നിവരുമായി സൗഹൃദം പുതുക്കിയാണ് തിരിച്ചത്. ഇതിന് പിന്നാലെയാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. അതേസമയം, യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. ഇക്കാര്യത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈകമാൻഡാണെന്നാണ് തങ്ങൾ വ്യക്തമാക്കിയത്. രാഷ്ട്രീയ പക്വതയുള്ള നേതാക്കളാണ് കോൺഗ്രസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടിയുടെ പിന്തുണ വി.ഡി. സതീശനാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ സൂചന നൽകിയിരുന്നു. എക്സിറ്റ് പോളുകളില് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണക്കുമെന്ന കാര്യത്തിൽ ലീഗ് നിലപാട് വെളിപ്പെടുത്തിയിരുന്നില്ല. വോട്ടെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളിലും വടംവലികളിലും ലീഗ് അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മേയ് നാലിന് മുമ്പ് അത്തരം തർക്കങ്ങളിലേക്ക് പോകരുതെന്ന മുന്നറിയിപ്പും ലീഗ് നേതൃത്വം കോൺഗ്രസിനെ അറിയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനാണ് കൂടുതൽ പിന്തുണ ലഭിച്ചത്. ഇതുകൂടി കണക്കിലെടുത്താണ് സതീശനുള്ള പിന്തുണ ലീഗ് പരസ്യപ്പെടുത്തിയത്. ഏപ്രിൽ 25ന് കോഴിക്കോട്ട് ചേർന്ന ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലും സതീശന് അനുകൂലമായിട്ടായിരുന്നു ഭാരവാഹികൾ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

