ഗുരു ഗോപിനാഥ് പുരസ്‌കാരം ഗുരു കുമുദിനി ലാഖിയക്ക്
text_fieldsതിരുവനന്തപുരം: 2021 ലെ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം കഥക് നർത്തകി പത്മഭൂഷൺ ഗുരു കുമുദിനി ലാഖിയക്ക് നൽകും. കഥക് നൃത്തത്തിന്റെ അടവുകളെയും അഭിനയതന്ത്രങ്ങളെയും കുറിച്ചുള്ള ഗവേഷണവും നൃത്തരീതിയിലെ ചമയങ്ങൾ, രംഗവിതാനം, താളസന്നിവേശം എന്നിവയിൽ നൽകിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് ഗുരു ഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കരമന ഹരി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
1930 ൽ അഹ്മദാബാദിൽ ജനിച്ച കുമുദിനി ലാഖിയ 1964 ൽ ആരംഭിച്ച കാദംബ നൃത്ത പഠനശാല കഥക് നൃത്തത്തെ കൂടുതൽ ജനപ്രിയമാക്കി. 1990-91 ൽ കേന്ദ്ര സംഗീത നാടക അക്കാദമി ചെയർപേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്. 2010ൽ പത്മഭൂഷൺ ബഹുമതിയും 2012 ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ടാഗോർ രത്‌ന അവാർഡും ലഭിച്ചു. മൂന്നുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
സാംസ്‌കാരിക വകുപ്പിന് വേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമമാണ് പുരസ്‌കാരം നൽകുന്നത്. ഇന്ത്യൻ ശാസ്ത്രീയ നൃത്ത പ്രതിഭയായ ഡോ. കമാലിനി ദത്ത് അധ്യക്ഷയായ സമിതിയാണ് പുരസ്‌കാര ജേതാവിനെ െതരഞ്ഞെടുത്തത്. മോഹിനിയാട്ടം പ്രതിഭ ഡോ. നീനാ പ്രസാദ്, നടനഗ്രാമം സെക്രട്ടറി ശബ്ന ശശിധരൻ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.