നവോത്ഥാന പോരാട്ടത്തിലൂടെ സ്വാതന്ത്ര്യസമരത്തില്‍ കണ്ണിചേര്‍ന്ന് ഗുരുവായൂര്‍
text_fieldsഗുരുവായൂരിലെ ഗാന്ധിപ്രതിമ
സ്വാതന്ത്ര്യസമരത്തോട് ഇഴചേര്‍ന്ന ജാതിവിരുദ്ധ പോരാട്ടത്തിന്റെ വേദിയായി മാറിയ ചരിത്രമാണ് ഗുരുവായൂരിനുള്ളത്. ക്ഷേത്രപ്രവേശന സത്യഗ്രഹമാണ് ഗുരുവായൂരിനെ സ്വാതന്ത്ര്യസമരവുമായി ചേര്‍ത്തുനിര്‍ത്തുന്നത്. സമരത്തിന്റെ തുടര്‍ച്ചയായി ഗാന്ധിജി ഗുരുവായൂരിലെത്തുകയും ചെയ്തു. ഹിന്ദു സമുദായത്തിലെ കീഴ്ജാതിക്കാര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കുന്നതിനായാണ് സമരം നടന്നത്.
മലബാറിന്റെ ഭാഗമായിരുന്ന പൊന്നാനി താലൂക്കിലാണ് ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെട്ടിരുന്നത്. 1931 ജൂലൈ ഏഴിന് മുംബൈയില്‍ നടന്ന എ.ഐ.സി.സി യോഗത്തില്‍ കെ. കേളപ്പന് ക്ഷേത്രപ്രവേശന സത്യഗ്രഹത്തിനായി വാദിച്ചിരുന്നു. സമരത്തിന് ഗാന്ധിജിയുടെ അനുമതിയും ലഭിച്ചു. 1931 ആഗസ്റ്റ് രണ്ടിന് വടകരയില്‍ ചേര്‍ന്ന കെ.പി.സി.സി യോഗവും സമരത്തിന് അനുമതി നല്കി. 1931 നവംബര്‍ ഒന്നിനാണ് ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരം ആരംഭിച്ചത്.
ഇതിനുമുമ്പായി ഒക്ടോബര്‍ 21ന് ടി. സുബ്രഹ്മണ്യം തിരുമുമ്പിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍നിന്ന് എ.കെ.ജി ക്യാപ്റ്റനായി ഗുരുവായൂരിലേക്ക് ജാഥ പുറപ്പെട്ടു. എന്‍.എസ്.എസ് നേതാവ് മന്നത്ത് പത്മനാഭന്, എസ്.എന്‍.ഡി.പി നേതാവ് കുഞ്ഞികൃഷ്ണന്, വി.ടി. ഭട്ടതിരിപ്പാട്, പി. കൃഷ്ണപിള്ള, വിഷ്ണു ഭാരതീയന് എന്നിവരെല്ലാം സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. സമരത്തിന്റെ ഭാഗമായി പി. കൃഷ്ണപിള്ള ക്ഷേത്രത്തില്‍ കയറി ബ്രാഹ്മണര്‍ക്കു മാത്രം അടിക്കാന്‍ അനുമതിയുള്ള മണിയടിച്ചപ്പോള്‍ കാവല്ക്കാര് ചേര്‍ന്ന് അദ്ദേഹത്തെ മര്‍ദിച്ച് പുറത്താക്കി. ‘ഉശിരുള്ള നായര്‍ മണിയടിക്കും ഇലനക്കി നായര്‍ പുറത്തടിക്കും’ എന്ന കൃഷ്ണപിള്ളയുടെ ചരിത്രപ്രസിദ്ധമായ വാക്കുകള്‍ പിറന്നത് ഈ ഘട്ടത്തിലാണ്. എ.കെ.ജിക്കും ക്ഷേത്രത്തിനകത്തു വെച്ച് സവര്ണപ്രമാണികളുടെ ക്രൂരമര്‍ദനമേല്‍ക്കേണ്ടിവന്നു. ബോധരഹിതനായി വീണ എ.കെ.ജിയെ ക്ഷേത്രത്തിന് പുറത്ത് തള്ളുകയായിരുന്നു. 1931 ഡിസംബര്‍ 18നായിരുന്നു ഈ സംഭവം.
ഇതിന് തിരിച്ചടിയായി ചില സമരക്കാര്‍ ചേര്‍ന്ന് ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊളിച്ചു. ഇതോടെ ക്ഷേത്ര ചുമതലക്കാരനായ സാമൂതിരി ക്ഷേത്രം അനിശ്ചിതകാലത്തേക്ക് അടച്ചു. സത്യഗ്രഹികളെ ആനയെ കൊണ്ട് ചവിട്ടിക്കാന്‍ വരെ ശ്രമം നടന്നു. 1932 ജനുവരി 28ന് ക്ഷേത്രം വീണ്ടും തുറന്നപ്പോള്‍ സത്യഗ്രഹവും പുനരാരംഭിച്ചു. സമരത്തെ പിന്തുണച്ച് എഴുതിയ കവിതയുടെ പേരില്‍ ടി.എസ്. തിരുമുമ്പ്, ടി.ആര്. കൃഷ്ണസ്വാമി എന്നിവരെ രാജ്യേദ്രാഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ചു.
1932 സെപ്റ്റംബര്‍ 21നാണ് കേളപ്പന് നിരാഹാരം ആരംഭിച്ചത്. കേളപ്പന് അവശനായതോടെ ക്ഷേത്രം എല്ലാവര്‍ക്കുമായി തുറക്കാനുള്ള ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്ന് പ്രഖ്യാപിച്ച ഗാന്ധിജി നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. 1932 ഒക്ടോബര്‍ ഒന്നിന് കേളപ്പന് നിരാഹാരം അവസാനിപ്പിച്ചു. ക്ഷേത്രം എല്ലാവര്‍ക്കുമായി തുറക്കുക എന്ന ലക്ഷ്യം നേടാതെതന്നെ സത്യഗ്രഹം അവസാനിപ്പിച്ചു. സമരത്തിന്റെ തുടര്‍ച്ചയായി 1934 ജനുവരി 11ന് ഗാന്ധിജി ഗുരുവായൂരിലെത്തി. ഗാന്ധിജി പങ്കെടുക്കുന്ന യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നു. പ്രസംഗിക്കാന്‍ ഉദ്ദേശിച്ച സ്ഥലം പ്രമാണികള്‍ ഇടപെട്ട് മുടക്കി. സത്യഗ്രഹ അനുകൂലിയായ കിടുവത്ത് കൃഷ്ണന്‍നായരുടെ പാടമാണ് പിന്നീട് സമ്മേളനവേദിയായത്.
ഇന്നത്തെ നഗരസഭ ലൈബ്രറി നില്‍ക്കുന്നത് ഈ സ്ഥലത്താണ്. സമരത്തിന്റെ തുടര്‍ച്ചയായി ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടുന്ന പൊന്നാനി താലൂക്കിലെ സവര്‍ണ വിഭാഗക്കാര്‍ക്കിടയില്‍ ഹിതപരിശോധന നടന്നിരുന്നു. ഹിതപരിശോധനക്ക് നേതൃത്വം നല്കാന് കസ്തൂര്‍ബാ ഗാന്ധി, സി. രാജഗോപാലാചാരി എന്നിവരെത്തി. അഭിപ്രായം രേഖപ്പെടുത്തിയവരില്‍ 77 ശതമാനം പേരും ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചു. എങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ട് 1947 ജൂണ്‍ രണ്ടിന് മദ്രാസ് സര്‍ക്കാറിന്റെ ക്ഷേത്രപ്രവേശന ബിൽ വഴിയാണ് എല്ലാ ഹിന്ദുക്കള്‍ക്കും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.