ഗുരുവായൂർ കവർച്ച: സ്വർണം വിൽക്കാൻ സഹായിച്ചവർ അറസ്റ്റിൽ
text_fieldsഗുരുവായൂര്‍: തമ്പുരാന്‍പടിയില്‍ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍നിന്ന് ഒന്നരകോടി രൂപയുടെ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്ന കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. കവര്‍ന്ന സ്വര്‍ണം വില്പന നടത്താന്‍ പ്രതി ധർമരാജിനെ സഹായിച്ചവരാണ് അറസ്റ്റിലായത്.
ധര്‍മരാജിന്റെ സഹോദരന് എടപ്പാളില്‍ വാടകക്ക് താമസിക്കുന്ന ചിന്നരാജ് (ചിന്നന് - 25), മാതൃസഹോദരി പുത്രന് മലപ്പുറം പൂക്കിപറമ്പ് തെയ്ബ ചിക്കന്‍ സ്റ്റാളിന് സമീപം താമസിക്കുന്ന പൂക്കിപ്പറമ്പ് വീട്ടില്‍ രാജു (കുട്ടന് -20) എന്നിവരെയാണ് എ.സി.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2021ല്‍ പെരുമ്പാവൂര്‍ സ്റ്റേഷന് പരിധിയില്‍ ടാക്സി ഡ്രൈവറെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചിന്നരാജ്. പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ മോഷണ കേസിലെയും പ്രതിയാണ്. കഴിഞ്ഞമാസം 12നാണ് തമ്പുരാന്‍പടി കുരഞ്ഞിയൂര്‍ വീട്ടില്‍ ബാലന്റെ വീട്ടില്‍നിന്ന് ഒന്നര കോടിയുടെ സ്വര്‍ണവും രണ്ടുലക്ഷം രൂപയും മോഷണം പോയത്.
10 ദിവസം; അടിച്ചുപൊളിച്ചത് പത്ത് ലക്ഷം
ഗുരുവായൂര്‍: തമ്പുരാന്‍പടിയിലെ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണം വില്ക്കാന് പ്രധാന പ്രതി ധര്‍മരാജിനെ സഹായിച്ച സഹോദരന് ചിന്നന് 10 ദിവസം കൊണ്ട് അടിച്ചുപൊളിച്ചത് 10 ലക്ഷം രൂപ. സഹോദരന് കൊണ്ടുവന്ന മോഷണ മുതലില്നിന്നുള്ള വിഹിതം കൊണ്ട് കൊല്‍ക്കത്തയില്‍ വിനോദയാത്ര നടത്തി കരിപ്പൂരില്‍ വിമാനമിറങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ചിന്നന് പൊലീസിന്റെ പിടിയിലായത്. ധര്‍മരാജ് മോഷ്ടിച്ചു കൊണ്ടുവരുന്നവ വിറ്റ് പണമാക്കാന്‍ സഹായിക്കാറുള്ളത് ചിന്നനും ഇവരുടെ മാതൃ സഹോദരി പുത്രൻ കുട്ടനുമാണ്.
കിട്ടുന്ന പണത്തില്‍ ഒരുഭാഗം അടിച്ചുമാറ്റുന്നതില്‍ വിരുതനായിരുന്നു ചിന്നനെന്ന് പൊലീസ് പറഞ്ഞു. വിറ്റുകിട്ടുന്ന പണത്തിൽ ഒരുഭാഗം ചിന്നൻ കൈവശപ്പെടുത്താറുണ്ട്. സഹോദരൻ ധർമരാജിനെ പോലെ ചിന്നനും ആഡംബരപ്രിയനാണ്. മോഷണശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കറങ്ങുകയാണ് ഇരുസഹോദരന്മാരുടെയും രീതി. ധർമരാജിന് ചണ്ഡിഗഢിൽ തങ്ങാനുള്ള സൗകര്യമൊരുക്കി കൊടുത്തതും ചിന്നനായിരുന്നു. മാതൃസഹോദരൻ കുട്ടനും മോഷണ മുതൽ വിൽക്കാൻ സഹായിച്ചിരുന്നു. ബാലന്റെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണത്തിലെ ഒരു ഭാഗവും വിറ്റഴിച്ചിരുന്നു. പൊന്നാനി, എടപ്പാൾ തുടങ്ങി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് സ്വർണം വിറ്റത്. ഇതിൽ 10 ലക്ഷത്തിലധികം രൂപ ചിന്നൻ കൈവശം വച്ചു. ബാക്കി സഹോദരനെ ഏൽപിക്കുകയും ചെയ്തു.
ചിന്നൻ വിമാനമാർഗമാണ് കൊൽക്കത്തയിലേക്ക് പോയതും തിരിച്ചുവന്നതും. കൈയിലെ പണം തീർന്നതോടെ മോഷണ സ്വർണം വിറ്റിരുന്ന വ്യാപാരികളിൽനിന്ന് ശേഷിക്കുന്ന തുക കൂടി വാങ്ങുകയായിരുന്നു ലക്ഷ്യം. തിരിച്ചുള്ള യാത്രക്കിടെയാണ് സഹോദരന്റെ അറസ്റ്റ് യു ട്യൂബിലൂടെ അറിഞ്ഞത്. മറ്റൊരു ഒളികേന്ദ്രത്തിലേക്ക് മുങ്ങാനുള്ള ആസൂത്രണം നടത്തുന്നതിനിടെയാണ് ചിന്നനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. വിശദ ചോദ്യം ചെയ്യലിനായി ഒന്നാം പ്രതി ധർമരാജിനെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മൂന്ന് പേരെയും ചോദ്യം ചെയ്യുന്നതോടെ തൊണ്ടി മുതലിനെക്കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.